കോഴിക്കോട് | കൊവിഡ് രോഗിയുമായുള്ള സമ്പർക്കം മറച്ചുപിടിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് അസി. പ്രൊഫസർ പരീക്ഷാ ഡ്യൂട്ടിക്കെത്തിയത് വിവാദത്തിൽ. കൊവിഡ് പോസിറ്റീവായ ഇവർ ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ആഴ്ച നടന്ന രണ്ടാം വർഷ എം ബി ബി എസ് പ്രാക്‌ടിക്കൽ പരീക്ഷാ ഡ്യൂട്ടിക്കാണ് ബന്ധുവായ കൊവിഡ് രോഗിയുമായുള്ള സമ്പർക്കം മറച്ച് പിടിച്ച് അസി. പ്രൊഫസർ എത്തിയത്. അഞ്ച് ദിവസമായി നടന്ന പ്രാട്കിക്കൽ പരീക്ഷയിൽ 25 വിദ്യാർഥികളാണ് പങ്കെടുത്തത്. ഇതിന് പുറമെ ഇന്റേണൽ, എക്‌സ്റ്റേണൽ ഡ്യൂട്ടിയിലുള്ളവരുൾപ്പെടെ പത്തോളം പേരും പരീക്ഷാ നടത്തിപ്പിനുണ്ടായിരുന്നു. പകരം സംവിധാനം ഏർപ്പെടുത്തുകയോ സന്പർക്ക വിലക്കിൽ പോകുകയോ ചെയ്യാതെയാണ് അസി. പ്രൊഫസർ ഡ്യൂട്ടിക്കെത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷവും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചില്ല.
പരീക്ഷയെഴുതിയ വിദ്യാർഥികളേയോ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകരെയോ അറിയിക്കാത്തതിനാൽ അവരിൽ ഭൂരിപക്ഷം പേർക്കും സന്പർക്ക വലിക്കിൽ പോകാൻ കഴിഞ്ഞില്ല. അതേസമയം, കൊവിഡ് രോഗിയുമായി സമ്പർക്കമുള്ള വിദ്യാർഥിയെ കൊവിഡ് പ്രോട്ടോകോൾ പ്രകാരം പരീക്ഷയെഴുതിക്കുകയും ചെയ്തിരുന്നു. ഈ വിദ്യാർഥിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുത്തിയായിരുന്നു പരീക്ഷ എഴുതിച്ചത്.
വിദ്യാർഥിയുടെ കാര്യത്തിൽ സ്വീകരിച്ച മുൻകരുതൽ പരീക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന അസി. പ്രൊഫസറുടെ കാര്യത്തിലുണ്ടായില്ലെന്നും ആരോപണമുണ്ട്. അസി. പ്രൊഫസറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് ഗുരുതര ചട്ടലംഘനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങളായിട്ടും ഇക്കാര്യത്തിൽ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. വിവാദത്തിൽ പ്രതികരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇതുവരെയും തയ്യാറായില്ല.
source https://www.sirajlive.com/contact-with-covid-patient-assoc-the-professor-arrived-on-examination-duty.html
Post a Comment