ഭീമാ കൊറേഗാവുമായി ബന്ധപ്പെട്ട കേസില്‍ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റാന്‍ സ്വാമി വിചാരണാ തടവുകാരനായി മരണപ്പെട്ടത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. നീതിരഹിതമായ നിയമങ്ങളുടെയും നീതിപീഠ ഇടനാഴികളില്‍ മാറ്റമില്ലാതെ തുടരുന്ന യാന്ത്രിക നടപടി ക്രമങ്ങളുടെയും ഇരയാണ് സ്റ്റാന്‍ സ്വാമിയെന്നും അദ്ദേഹത്തിന്റെ മരണം ലക്ഷണമൊത്ത “ഇന്‍സ്റ്റിറ്റ്യൂഷനല്‍ മര്‍ഡറാ’ണെന്നുമുള്ള കടുത്ത വിമര്‍ശങ്ങള്‍ നിയമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുയര്‍ന്നിരുന്നു. ജീവിച്ചിരിക്കെ സ്റ്റാന്‍ സ്വാമിക്ക് ലഭിക്കാതെ പോയ നീതിക്ക് സമാന്തരമായി മറുവശത്ത് ഭരണകൂടം ചാര്‍ത്തിക്കൊടുത്തത് ദേശദ്രോഹ പട്ടമാണ്. ഭീമാ കൊറേഗാവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ മുദ്ര ചാര്‍ത്തപ്പെട്ട പ്രമുഖര്‍ വേറെയുമുണ്ട്. സാമൂഹിക, രാഷ്ട്രീയ, അക്കാദമിക് തലങ്ങളില്‍ വിലയേറിയ സംഭാവനയര്‍പ്പിച്ചവരാണവരില്‍ വലിയ പക്ഷവും. വൈകിയും എത്താതെ പോയ നീതിക്ക് കാത്തുനില്‍ക്കാതെ മരണത്തിന് കീഴടങ്ങിയ സ്വാമിക്ക് ഭരണകൂടം ചാര്‍ത്തിയ വില്ലന്‍ വേഷത്തിന്റെ കളങ്കം മായ്ക്കാന്‍ കൂടെയാണ് ജംഷഡ്പൂര്‍ ജെസ്യൂട്ട് പ്രൊവിന്‍സ് ഇപ്പോള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
താന്‍ അപരാധിയല്ലെന്ന് ബോധ്യപ്പെടേണ്ട അവകാശം സ്റ്റാന്‍ സ്വാമിക്കുണ്ട്. ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം അന്തസ്സുള്ള ജീവിതത്തിനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ സ്റ്റാന്‍ സ്വാമിക്കും പ്രസ്തുത മൗലികാവകാശം ലഭ്യമാകുന്നതു പോലെ മരണാനന്തരം അദ്ദേഹത്തിന്റെ സ്വന്തക്കാര്‍ക്ക് അദ്ദേഹം കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെടേണ്ട അവകാശമുണ്ടെന്നാണ് ജംഷഡ്പൂര്‍ ജെസ്യൂട്ട് പ്രൊവിന്‍സ് ഉന്നയിച്ചിരിക്കുന്നത്. അതായത് സ്വാമിക്ക് നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചാണ് അവര്‍ ബോംബെ ഹൈക്കോടതിയിലെത്തിയത്.
ഭരണകൂട താത്പര്യത്തിനപ്പുറം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സാധ്യതകളെ പ്രയോജനപ്പെടുത്തി പൗരന്‍മാരുടെ ജീവത് പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെയെല്ലാം കുരിശിലേറ്റാന്‍ ഭരണകൂടം മിക്കവാറും ഉപയോഗപ്പെടുത്തുന്ന ഒരായുധമായി ചുരുങ്ങിയിരിക്കുകയാണ് യു എ പി എ നിയമം എന്നാണ് വസ്തുതകള്‍ തെര്യപ്പെടുത്തുന്നത്.
യു എ പി എ പ്രകാരം ചുമത്തപ്പെടുന്ന കേസുകളില്‍ കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ നിയമ വ്യവഹാരത്തിന്റെ വിവിധ ഘട്ടങ്ങളിലായി കെട്ടിക്കിടക്കുന്ന കേസുകള്‍ കുന്നോളമുണ്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2019ലെ റിപ്പോര്‍ട്ട് പ്രകാരം യു എ പി എ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കെട്ടിക്കിടക്കുന്നവയുടെ കണക്ക് 98 ശതമാനത്തിലേക്കെത്തുന്നു. രാജ്യത്തെ കോടതികളില്‍ വിചാരണ കാത്തുനില്‍ക്കുന്ന കേസുകളെക്കുറിച്ചുള്ള വിവരമാണിത്. കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാതെ കുറ്റാരോപിതര്‍ അഴിക്കുള്ളിലായിരിക്കെ, ജാമ്യമെന്ന നീതി അപൂര്‍വ അപവാദമാകുന്ന ഗുരുതര മനുഷ്യാവകാശ ധ്വംസനത്തിന്റെ വൃത്താന്തങ്ങളും റിപ്പോര്‍ട്ടില്‍ കാണാം.
യു എ പി എ നിയമ പ്രകാരം യഥാസമയം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് 42.5 ശതമാനം കേസുകളില്‍ മാത്രമാണ്. സാധാരണ നിലയില്‍ അറുപതോ തൊണ്ണൂറോ ദിവസങ്ങള്‍ക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് 1973ലെ ക്രിമിനല്‍ നടപടി ചട്ടം വ്യക്തമാക്കുമ്പോള്‍ യു എ പി എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ 180 ദിവസം വരെ അനുവദിക്കുന്നു. അതായത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് ആറ് മാസക്കാലയളവ് ലഭിക്കുമ്പോള്‍ അക്കാലമത്രയും കുറ്റാരോപിതന് ജാമ്യത്തിന് അര്‍ഹതയില്ലെന്നാണ് യു എ പി എ നിയമ പ്രകാരമുള്ള തീര്‍പ്പ്. രാജ്യത്ത് പ്രാബല്യത്തിലുള്ള ഈ നിയമത്തിലെ പൗരാവകാശ ലംഘനത്തിന്റെ അമൂര്‍ത്ത രൂപമായി ചൂണ്ടിക്കാട്ടുന്നതും ജാമ്യമെന്ന അവകാശത്തെ അട്ടിമറിക്കുന്ന പ്രതിലോമകരമായ നീതിബോധമാണ്. അത്തരത്തില്‍ അനുവദിക്കപ്പെട്ട 180 ദിവസ കാലാവധി പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത് പകുതിയില്‍ താഴെ കേസുകളില്‍ മാത്രമാണെന്നാണ് കണക്കുകള്‍ പറയുന്നത്. സകല നീതി കാഴ്ചപ്പാടുകളെയും കാറ്റില്‍ പറത്തുന്ന വിധം യു എ പി എയുടെ നടപടി ക്രമങ്ങള്‍ തന്നെയും വലിയ ശിക്ഷയായി മാറുന്നതാണ് ഇവിടെ കാണുന്നത്.
2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യു എ പി എക്ക് കൂടുതല്‍ കര്‍ക്കശ സ്വഭാവത്തോടെയുള്ള ഭേദഗതി കൊണ്ടുവന്നത്. രാജ്യം ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ വിറങ്ങലിച്ച് നിന്ന സന്ദര്‍ഭത്തില്‍ കൊണ്ടുവന്ന യു എ പി എ ഭേദഗതിയിലെ പൗരാവകാശ ലംഘനം വലിയ തോതില്‍ ചര്‍ച്ചയാകുകയോ പൊതുശ്രദ്ധ നേടുകയോ ചെയ്തില്ല. പിന്നീട് 2012ലും 2019ലും യു എ പി എക്ക് ഭേദഗതികളുണ്ടായി. അതിലൂടെ “ഭീകര പ്രവര്‍ത്തന’ത്തിന് അര്‍ഥവ്യാപ്തിയുണ്ടായി. അതുവഴി ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ പെടാത്ത കുറ്റകൃത്യങ്ങളെയും നൂല്‍ബന്ധങ്ങളുണ്ടാക്കി കരിനിയമത്തിന്റെ വരവില്‍ ചേര്‍ത്തു.
ഭരണകൂടത്തിന്റെയും ഭരണകൂട ദല്ലാളുമാരായ കോര്‍പറേറ്റ് മുതലാളിമാരുടെയും കച്ചവട താത്പര്യങ്ങള്‍ക്കെതിരെ അടിസ്ഥാന ജനവിഭാഗത്തോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആദിവാസി, ഗോത്രവര്‍ഗ ആക്ടിവിസ്റ്റുകള്‍, അക്കാദമീഷ്യന്‍മാര്‍, ബുദ്ധിജീവികള്‍ തുടങ്ങി രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകരെ എളുപ്പം നിശ്ശബ്ദരാക്കാനും തുറുങ്കിലടച്ച് ഭയപ്പെടുത്താനുമുള്ള ഉഗ്രന്‍ ആയുധമായി ഉപയോഗിക്കുകയാണ് യു എ പി എ നിയമത്തെ. യു എ പി എയിലെ 43(B)(2), (4), (5) വകുപ്പുകള്‍ കൊളോണിയല്‍ വാഴ്ചയെ അതിജയിച്ചു വന്ന ഇന്ത്യയെപ്പോലുള്ള പരിഷ്‌കൃത ജനാധിപത്യ റിപ്പബ്ലിക്കിന് ഒട്ടും അനുയോജ്യമല്ല.
നേരത്തേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ യു എ പി എയുടെ പരിധിയില്‍ കൊണ്ടുവരുന്ന പ്രവണതയും സമീപകാലത്തായി കണ്ടുവരുന്നുണ്ട്. കുറ്റാരോപിതരുടെ പശ്ചാത്തലവും പ്രവര്‍ത്തന മണ്ഡലവും ഭരണകൂട താത്പര്യവുമൊക്കെയാണ് പലപ്പോഴും ഐ പി സിയുടെ കീഴില്‍ വരേണ്ട കുറ്റകൃത്യങ്ങളെ യു എ പി എയിലെ ഡ്രാകോണിയന്‍ സെക്്ഷനുകള്‍ ചേര്‍ത്ത് അഴിയാക്കുരുക്കൊരുക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതല്ലാതെ ആത്യന്തികമായ ദേശക്കൂറും ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സാധ്യമാക്കുന്ന ന്യായമായ നിയന്ത്രണങ്ങളുടെ പ്രയോഗവുമൊന്നുമല്ല കരിനിയമങ്ങള്‍ക്ക് പിന്നിലെ ചേതോവികാരം. ജനാധിപത്യ സംവിധാനങ്ങള്‍ പൊതുവിലും നമ്മുടെ ഭരണഘടന സവിശേഷമായും വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന അമൂല്യമായ പൗരാവകാശത്തിന്റെ കൊലപാതകമാണ് ഇത്തരം നിയമ വകുപ്പുകള്‍ ലക്ഷ്യമാക്കുന്നത്. അതിലെ മനുഷ്യത്വ വിരുദ്ധത ഒടുവില്‍ പ്രകടമായ സന്ദര്‍ഭമായിരുന്നു സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം. മറവിയിലേക്ക് മായുന്ന സ്റ്റാന്‍ സ്വാമിക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടം കിരാത നിയമങ്ങളില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷപ്പെടുത്താനുള്ള അവസരമാക്കി മാറ്റിയാല്‍ അതായിരിക്കാം ഫാദറിന് ജനാധിപത്യ വിശ്വാസികള്‍ക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ നീതി.
source https://www.sirajlive.com/democratic-assassinations-under-the-guise-of-carnage.html
Post a Comment