ആനയെ തുരത്താൻ ഒഡീഷ മോഡൽ പീക്ക് രക്ഷാ പദ്ധതിയുമായി വടക്കനാട്

സുൽത്താൻ ബത്തേരി | കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ തുരത്താൻ ഒഡീഷയിൽ വിജയിച്ച പീക്ക് രക്ഷാ പദ്ധതിയുമായി നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട്. നബാർഡിന്റെ ധനസഹായത്തോടെയാണ് പദ്ധതി പൈലറ്റ് പ്രൊജക്ട് എന്ന നിലയിൽ പള്ളിവയൽ ഭാഗത്തെ അള്ളവയൽ പ്രദേശത്ത് നടപ്പാക്കിയിട്ടുള്ളത്.

നൂൽപ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന വടക്കനാട് മേഖലയിൽ നടപ്പാക്കുന്ന നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനാതിർത്തിയോട് ചേർന്ന അള്ളവയലിലെ കൃഷിയിടങ്ങൾക്ക് ചുറ്റും പീക്ക് രക്ഷ എന്ന ഈ ലൈറ്റ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.

1,24,000 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. എട്ട് അടി ഉയരമുള്ള ജി ഐ പെപ് കോൺക്രീറ്റിൽ ഉറപ്പിച്ച് അതിന് മുകളിലാണ് സോളാർ പാനലും തൊട്ട് താഴെയായി 48 എൽ ഇ ഡി ബൾബുകൾ നാല് വശങ്ങളിലുമായി വരുന്ന യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ അള്ളവയൽ പ്രദേശത്തെ 22 കർഷകരുടെ 30 ഏക്കറോളം വരുന്ന കൃഷിയിടത്തിന് ചുറ്റും 40 മീറ്റർ ദൂരത്തിൽ 28 ലൈറ്റുകളാണ് സ്ഥാപിച്ചത്. ഇരുട്ടാകുന്നതോടെ ഇവ ഇട വിട്ട് പ്രകാശിച്ചു തുടങ്ങും. ഇതിൽനിന്നുള്ള വെളിച്ചം കണ്ണുകളിലേക്ക് നേരിട്ട് അടിക്കുന്നതിനാൽ ആനയടക്കമുള്ള വന്യ മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങാൻ കഴിയാതെ തിരികെ പോകുകയാണ് ചെയ്യുന്നത്.

രണ്ട് മാസമായി ലൈറ്റുകൾ സ്ഥാപിച്ചിട്ടെന്നും മുമ്പുണ്ടായിരുന്നത് പോലെ നിലവിൽ കൃഷിയിടങ്ങളിൽ വന്യമൃഗ ശല്യമില്ലെന്നും പ്രദേശത്തെ കർഷകനായ എത്തപാടത്ത് ജോസഫ് പറഞ്ഞു. നിലവിൽ അള്ളവയലിൽ ആനകളെ തുരത്താനായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ആനക്ക് പുറമെ പന്നി, മാൻ അടക്കമുള്ളവയേയും ഈ ലൈറ്റ് സ്ഥാപിക്കുന്നതോടെ തുരത്താനാകും. ഇതിനായി ലൈറ്റ് ഉയരം ക്രമീകരിച്ച് സ്ഥാപിക്കണം. ഇതിൽ തന്നെ കോലങ്ങൾ സ്ഥാപിച്ചും, കടുവ, നായ തുടങ്ങിയവയുടെ ശബ്ദങ്ങൾ കൂടി പുറപ്പെടുവിക്കുന്ന യന്ത്രങ്ങൾ കൂട്ടിച്ചേർത്തും കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ തുരത്താനാകും.

സംസ്ഥാനത്ത് ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ അറ്റകുറ്റ പണികൾക്കും പരിപാലിക്കുന്നതിനുമായി ഉപയോക്താക്കളായ കർഷകരിൽ നിന്ന് ഒരു വിഹിതവും ഈടാക്കിയിട്ടുണ്ട്.

പീക്ക് രക്ഷാ പദ്ധതി വിജയിച്ചാൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാനാകുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.



source https://www.sirajlive.com/vadakkanad-launches-odisha-model-peak-rescue-project-to-chase-away-elephants.html

Post a Comment

Previous Post Next Post