അമൃത്സര്‍ | പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാജിവച്ച നവ്‌ജോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച് രണ്ടു മന്ത്രിമാര്‍ കൂടി രാജിവച്ചു. റസിയ സുല്‍ത്താന, പര്‍ഗത് സിംഗ് എന്നിവരാണ് രാജി നല്‍കിയത്. പി സി സി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു.
പഞ്ചാബില്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ ഉള്‍പ്പടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനം രാജിവച്ചത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചപ്പോള്‍ തനിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന് സിദ്ദു പ്രതീക്ഷിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് അങ്ങനെയൊരു നീക്കം ഉണ്ടാകാത്തതിലുള്ള നീരസവും രാജിയിലേക്ക് നയിച്ചു. സുഖ്ജീന്ദര്‍ സിംഗ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു എതിര്‍ത്തിരുന്നു. റാണ സുര്‍ജിത്ത്, ഭരത് ഭൂഷണ്‍ അസു എന്നിവരെ മന്ത്രിമാരാക്കിയതിലും സിദ്ദുവിന് അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന ഡി ജി പി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരുടെ നിയമനവും തന്റെ നിര്‍ദേശത്തിന് വിരുദ്ധമായിരുന്നുവെന്ന് സിദ്ദു പറയുന്നു. അതിനിടെ, സിദ്ദു ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.
source https://www.sirajlive.com/punjab-congress-blasts-two-ministers-and-the-pc-treasurer-resigned.html
Post a Comment