പത്തനംതിട്ട | ഡി സി സി പ്രസിഡന്റായി പ്രൊഫ. സതീഷ് കൊച്ചുപറമ്പലിനെ നിയമിച്ചതിന് പിന്നാലെ പത്തനംതിട്ട ഡി സി സി ഓഫീസായ രാജീവ് ഭവന്റെ ഭിത്തിയിൽ പാർട്ടിവിരുദ്ധ പോസ്റ്റർ പതിക്കുകയും കൊടിമരത്തിൽ കരിങ്കൊടി തൂക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ആരംഭിച്ചു.
ഒരു കെ പി സി സി നേതാവാണ് കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഭൂരിപക്ഷം പേരുടെയും മൊഴി. അതേ സമയം, നേതാവിന്റെ വളർച്ചയിൽ അസൂയ പൂണ്ടവരാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നു.
ഉയരമുള്ള ഒരു വാഹനം കൊണ്ടിട്ട് അതിന് മുകളിൽ കയറി നിന്നാണ് കരിങ്കൊടി തൂക്കിയതെന്നാണ് ചില പ്രവർത്തകർ മൊഴി നൽകിയിരിക്കുന്നത്. ഇതൊരു ആംബുലൻസാണെന്നും കൊവിഡ് പ്രതിരോധത്തിനായി യൂത്ത് കോൺഗ്രസ്സ് ഉപയോഗിച്ചിരുന്നതാണെന്നും പറയുന്നു.
ടൗണിലുള്ള യൂത്ത് കോൺഗ്രസ്സിന്റെ രണ്ട് നേതാക്കളാണ് ആംബുലൻസുമായി വന്ന് കരിങ്കൊടി ഉയർത്തിയതെന്നാണ് പറയുന്നത്. പിന്നിൽ ഒരു യുവ കെ പി സി സി നേതാവാണ് എന്ന തരത്തിലാണ് പ്രചാരണം.
കെ പി സി സി പുനഃസംഘടനയിൽ അദ്ദേഹത്തിന് പദവി കിട്ടാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പ്രചാരണവുമെന്നും പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന യുവ നേതാക്കളെ നോട്ടീസ് നൽകി വിളിപ്പിക്കും. ഏഴംകുളം അജു, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സതീഷ് ചാത്തങ്കരി എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.
source https://www.sirajlive.com/black-flag-at-dcc-office-evidence-has-begun.html
Post a Comment