സാമുദായിക സൗഹാര്‍ദം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറെന്ന് കെ സുധാകരന്‍; പാലാ ബിഷപ്പിനെ കാണും

കോട്ടയം | സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. എന്നാല്‍, സര്‍ക്കാര്‍ നോക്കുകുത്തിയായെന്നും തമ്മിലടിച്ചോട്ടെയന്ന നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അടികൂടുന്നത് നോക്കിനില്‍ക്കുകയാണ് സര്‍ക്കാര്‍. മറ്റുള്ളവര്‍ പരസ്പരം ഏറ്റുമുട്ടി വീഴുന്ന ചോര നക്കുന്ന ചെന്നായയെ പോലെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ സമീപനമുണ്ടാകില്ലെന്ന് ബിഷപ്പ് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.

അതിനിടെ, നാര്‍ക്കോട്ടിക്- ലവ് ജിഹാദ് പരാമര്‍ശം നടത്തി വിവാദത്തിലായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചക്ക് രണ്ടിന് പാലാ ബിഷപ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ചയുണ്ടാകുക. ബിഷപ്പുമായി രാവിലെ ബി ജെ പിയുടെ രാജ്യസഭാ എം പി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു.



source https://www.sirajlive.com/k-sudhakaran-says-govt-should-ensure-communal-harmony-see-the-bishop-of-pala.html

Post a Comment

Previous Post Next Post