പ്രതാപ്ഗഢ് | ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ കോണ്‍ഗ്രസ്- ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ബി ജെ പി എം പിക്ക് പരുക്കേറ്റു. അദ്ദേഹത്തിന്റെ വാഹനത്തിന് സാരമായി തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഥലം എം പിയും ബി ജെ പി നേതാവുമായ സംഘം ലാല്‍ ഗുപ്തക്കാണ് പരുക്കേറ്റത്.
സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പി പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലുകയായിരുന്നുവെന്നും പിന്നാലെ എം പിയുടെ വാഹനം തകര്‍ക്കുകയുമായിരുന്നുവെന്നാണ് ബി ജെ പി ആരോപിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് എം പി പറഞ്ഞത്.
വിഷയത്തില്‍ ആരോപിതര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ആളിത്തീര്‍ന്ന ചിരാതുകള്‍ പോലെയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എന്നും നിരാശയില്‍ നിന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതെന്നും ബി ജെ പി വക്താവ് രാകേഷ് തൃപാഠി ആരോപിച്ചു.
source https://www.sirajlive.com/bjp-congress-workers-clash-in-uttar-pradesh-injury-to-bjp-mp.html
إرسال تعليق