കോഴിക്കോട് | എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്‍ലിം ലീഗ് നേതൃത്വം ഹരിത നേതാക്കളുടെ നീക്കം നിരീക്ഷിക്കുന്നു. ഹരിതയുടെ ഇതുവരെയുള്ള നീക്കത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇതോടൊപ്പം പാര്‍ട്ടി ബാഹ്യമായ താല്‍പര്യങ്ങള്‍ ഹരിതയില്‍ കടന്നു വന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.
പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ വാക്ക് അവസാനവാക്കായി കരുതുന്നതാണ് ലീഗിന്റെ കീഴ്‌വഴക്കം. ഈ വാക്കിനെ മുഖവിലക്കെടുക്കാതെയാണ് ഹരിത വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നത്. ഇതാണ് നേതൃത്വത്തിന്റെ സംശയം ബലപ്പെടുത്തുന്നത്. പാര്‍ട്ടിയിലെ രണ്ടു ചേരികളുടെ സാന്നിധ്യം ഉണ്ടെങ്കിലും ഇരു പക്ഷവും പാണക്കാട് കുടുംബത്തെ അംഗീകരിക്കുന്നവരാണ്. ബാഹ്യ ശക്തികളുടെ പ്രേരണയിലായിരിക്കാം തങ്ങള്‍ കുടുംബത്തിന്റെ തീരുമാനത്തെ പോലും മാനിക്കാതെ ഹരിത നിലപാടില്‍ ഉറച്ചുനിന്നത് എന്നാണു നേതൃത്വം സംശയിക്കുന്നത്.
ജമാഅത്തെ ഇസ്‍ലാമി, സലഫി വിഭാഗങ്ങളുടെ സ്വാധീനം ഹരിത നേതാക്കളില്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ് നേതൃത്വത്തിന്റെ മുഖ്യ പരിശോധന. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടശേഷം മുന്‍ പ്രസിഡന്റ് മുഫീദ തെസ്‌നി ജമാഅത്ത് പത്രത്തില്‍ ലേഖനമെഴുതിയത് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. ലീഗിനോട് ഏതെങ്കിലും തരത്തില്‍ വിമര്‍ശനമുള്ളവര്‍ക്ക് ലീഗ് വിട്ടുപോകാമെന്നാണ് ഈ ലേഖനത്തോട് പാര്‍ട്ടി ജന. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പ്രതികരിച്ചത്. ലീഗിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗ് ചെയ്യാനുള്ളത് ചെയ്തു. ചെയ്തത് ശരിയാണെന്നാണു പാര്‍ട്ടി കരുതുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മുസ്ലിം ലീഗിനോട് ആജന്മ ശത്രുതയോടെ ദീര്‍ഘകാലം പെരുമാറിയിരുന്ന ജമാഅത്തെ ഇസ്്‌ലാമി അടുത്ത കാലത്താണ് ലീഗുമായി രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കു തയ്യാറായത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ ജമാഅത്ത് ബന്ധം പരസ്യമായ സഖ്യമായി മാറി. ഇതോടെ ലീഗും ജമാഅത്തും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച അവസാനിക്കുകയും സൗഹൃദാന്തരീക്ഷം തുറക്കുകയും ചെയ്തു. ഈ പശ്ചാത്തലം മുതലെടുത്ത് ജമാഅത്തെ ഇസ്‍ലാമി ലീഗിനുള്ളിലേക്ക് ‘വിപ്ലവ’ ആശയങ്ങള്‍ കടത്തിവിടാന്‍ ശ്രമിച്ചിട്ടുണ്ടാവെന്ന വിലയിരുത്തലാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ശക്തി പ്രാപിക്കുന്നത്.
തങ്ങള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും വനിതാകമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഹരിത വാദിക്കുന്നതിനു പിന്നില്‍ ജമാഅത്തെ ഇസ്‍ലാമിയുടെ സ്വരമാണെന്നാണ് ഒരു മുതിര്‍ന്ന ലീഗ് നേതാവ് പ്രതികരിച്ചത്. ജമാഅത്തുപോലുള്ള രഹസ്യ അജണ്ടകളുള്ള പ്രസ്ഥാനവുമായി സൗഹൃദം സ്ഥാപിച്ച മുസ്‍ലിം ലീഗിന് ഇതിലും വലിയ തിരിച്ചടി വരാനിരിക്കുന്നേ ഉള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷയെന്നും ഈ പോരാട്ടം തുടരുമെന്നും അതിനുള്ള കരുത്ത് ഹരിത തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമുള്ള ഹരിതാ നേതാക്കളുടെ പ്രഖ്യാപനത്തിനു പിന്നില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ടു മുന്നോട്ടു പോകുമെന്ന പ്രഖ്യാപനം തന്നെയാണുള്ളതെന്നു നേതൃത്വം വിലയിരുത്തുന്നു.
വനിതാ കമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ് എന്ന ഹരിതയുടെ അഭിപ്രായമാണ് ലീഗിനെ ഏറെ പ്രകോപിപ്പിക്കുന്നത്. ലീഗിന്റെ കൊടിപിടിച്ചുകൊണ്ട് ലീഗിനെ ഇകഴ്തുന്നതാണ് ഈ പരാമര്‍ശമെന്നു നേതാക്കള്‍ കരുതുന്നു. ഞങ്ങള്‍ പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നതായും ആ പ്രതീക്ഷ മുറുകെപ്പിടിച്ചു തന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ഹരിതാ നേതാക്കള്‍ പറയുമ്പോള്‍, പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തി തീരുമാനം എടുപ്പിക്കാനുള്ള ചില കേന്ദ്രങ്ങളുടെ താല്‍പര്യമാണു പുറത്തുവരുന്നതെന്നും നേതൃത്വം കരുതുന്നു.
source https://www.sirajlive.com/league-oversees-movement-of-green-leaders-investigation-into-whether-there-was-external-interference.html
Post a Comment