കോടതി നടപടികള്‍ ജനസൗഹൃദപരമാകണം

വെള്ളിയാഴ്ച ബെംഗളൂരുവില്‍ ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ജസ്റ്റിസ് മോഹന എം ശന്തന ഗൗഡര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെ, നമ്മുടെ നിയമ വ്യവസ്ഥ ഇന്ത്യന്‍ സാഹചര്യത്തിനൊത്ത് മാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. രാജ്യത്ത് നിലവിലുള്ളത് ഇന്ത്യന്‍ ജനതക്ക് അനുയോജ്യമല്ലാത്ത കൊളോണിയല്‍ നിയമ സംവിധാനമാണ്. കോടതികളിലെ പ്രവര്‍ത്തനങ്ങള്‍, നടപടിക്രമങ്ങള്‍, ഭാഷ എന്നിങ്ങനെ എല്ലാം ജനങ്ങള്‍ക്ക് അന്യമായാണ് അനുഭവപ്പെടുന്നത്. പരമ്പരാഗത ജീവിത രീതികള്‍ പിന്തുടരുന്ന കര്‍ഷകര്‍ ഉള്‍പ്പെടെ സമൂഹങ്ങള്‍ കോടതിയെ സമീപിക്കാതെ മാറിനില്‍ക്കാന്‍ ഇത് ഇടയാക്കുന്നു. ഇന്നത്തെ രൂപത്തിലുള്ള ഇന്ത്യന്‍ നിയമ വ്യവസ്ഥ പലപ്പോഴും സാമൂഹിക യാഥാര്‍ഥ്യങ്ങളും പ്രത്യാഘാതങ്ങളും പരിഗണിക്കുന്നതില്‍ പരാജയമാണ്. വ്യവഹാരങ്ങള്‍ കൂടുതല്‍ സൗഹൃദപരമാകണം. കോടതിയെയും ജഡ്ജിമാരെയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം- ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കോടതി നടപടികള്‍ ഇംഗ്ലീഷ് ഭാഷയിലായത് ജനത്തെ കോടതി നടപടികളില്‍ നിന്ന് അകറ്റിനിര്‍ത്താനും കൂടുതല്‍ പണച്ചെലവുള്ളതാക്കാനും ഇടയാക്കുന്നുണ്ട്. ഇന്ത്യന്‍വത്കരണം കൊണ്ട് ഉദ്ദേശിക്കുന്നത് നീതിവ്യവസ്ഥ നമ്മുടെ സമൂഹത്തിന്റെ പ്രായോഗിക യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതാകുകയും നീതിവിതരണ സംവിധാനങ്ങളുടെ പ്രാദേശികവത്കരണവുമാണെന്നും ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രാഹ്യമാണ് ഇന്ന് കോടതി നടപടികള്‍. അഭിഭാഷകര്‍ മുഖേനയാണ് ആളുകള്‍ കോടതി വ്യവഹാരങ്ങള്‍ നടത്തിവരുന്നത്. കോടതി ഭാഷ ഇംഗ്ലീഷായതിനാല്‍ അവിടെ എന്ത് നടക്കുന്നുവെന്നും തങ്ങളുടെ വാദം തന്നെയാണോ അഭിഭാഷകര്‍ കോടതിയില്‍ അവതരിപ്പിക്കുന്നതെന്നും അവര്‍ക്കറിയാന്‍ സാധ്യമാകുന്നില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന സാമൂഹിക നീതിയുമായി ഒത്തുപോകുന്നതല്ല കോടതി നടപടികളിലെ ഈ ദുര്‍ഗ്രാഹ്യതയും സങ്കീര്‍ണതകളും. നടപടികള്‍ സുതാര്യമാക്കുകയും കോടതി മുറിക്കുള്ളില്‍ നടക്കുന്നതും ന്യായാധിപനും അഭിഭാഷകരും പറയുന്നതും എന്തെല്ലാമാണെന്ന് കക്ഷികള്‍ക്കു കൂടി മനസ്സിലാക്കാവുന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്‌തെങ്കില്‍ മാത്രമേ ഈ രംഗത്ത് സാമൂഹിക നീതി അവകാശപ്പെടാനാകൂ.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെ ഭരണ രംഗത്തെയും നിയമ രംഗത്തെയും പ്രമുഖര്‍ ആവശ്യപ്പെട്ടതാണ് ഇക്കാര്യം. 2017 ഒക്‌ടോബറില്‍ കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷ ചടങ്ങിലാണ്, കോടതി വിധി സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലാക്കേണ്ടത് അനിവാര്യമാണെന്നും ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരന് കോടതി വിധിയുടെ അന്തഃസത്ത മനസ്സിലാകാതെ പോകരുതെന്നും രാഷ്ട്രപതി ഉണര്‍ത്തിയത്. കോടതി ഉത്തരവുകളില്‍ വരുന്നത് പലപ്പോഴും ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കു പോലും മനസ്സിലാക്കാന്‍ പറ്റാത്തവിധം കാഠിന്യമേറിയ പദങ്ങളാണ്. ഇത് തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതായും ഇതിനു മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവനു മുമ്പിലെ ഇരുമ്പുമറയാണ് കോടതികളിലെ ഇംഗ്ലീഷെന്നാണ്, കേരളത്തിലെ കോടതി വ്യവഹാരങ്ങള്‍ മലയാളത്തിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ 1987ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

കോടതി വ്യവഹാരം മാതൃഭാഷയിലേക്ക് മാറ്റുന്നതോടൊപ്പം കോടതി മുറിക്കകത്തെ നടപടികള്‍ ലൈവായി പ്രക്ഷേപണം ചെയ്യുന്നത് സുതാര്യതക്കും സാധാരണക്കാര്‍ക്ക് കോടതിയുമായുള്ള അകല്‍ച്ച ഒഴിവാക്കാനും സഹായിക്കും. മൂന്നാമതൊരാളെ ആശ്രയിക്കാതെ കോടതികളില്‍ നടക്കുന്നത് ജനങ്ങള്‍ക്ക് അറിയാന്‍ രാജ്യത്തെ കോടതി നടപടികള്‍ ലൈവായി സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് 2018ല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അനുകൂലമായ നിലപാടാണ് ഇക്കാര്യത്തില്‍ കോടതി സ്വീകരിച്ചത്. തത്സമയ സംപ്രേക്ഷണം കാലത്തിന്റെ ആവശ്യകതയാണ്, ഇത് കോടതി മുറികളിലെ ഞെരുക്കം ഒഴിവാക്കുക മാത്രമല്ല. തുറന്ന കോടതി എന്ന ആശയം പ്രാവര്‍ത്തികമാക്കുക കൂടി ചെയ്യുമെന്നാണ് ഇന്ദിരാ ജയ്‌സിംഗിന്റെ ഹരജിയോട് പ്രതികരിക്കവെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പ്രതികരിച്ചത്. കോടതിയെയും ജനങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ ഇതുവഴി സാധ്യമാകുമെന്നും ജസ്റ്റിസുമാര്‍ വിലയിരുത്തി. നിലവില്‍ മാധ്യമങ്ങള്‍ വഴിയാണ് ജനങ്ങള്‍ കോടതി നടപടികള്‍ അറിയുന്നത്. ബഞ്ചിന്റെ നിരീക്ഷണങ്ങളും ചോദ്യങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാനും ജുഡീഷ്യറിയെ തെറ്റിദ്ധരിക്കാനും ഇത് ഇടയാക്കുന്നു.

കോടതി നടപടികളുടെ ഭാരിച്ച ചെലവും കാലതാമസവുമാണ് നീതിന്യായ രംഗത്ത് സാധാരണക്കാര്‍ അനുഭവിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍. അഭിഭാഷക ഫീസുള്‍പ്പെടെ കോടതി ചെലവുകള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വിശേഷിച്ചും. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് ഉയര്‍ന്ന കോടതികളിലെ അഭിഭാഷക ഫീസ്. അഭിഭാഷകവൃത്തിയുടെ വാണിജ്യവത്കരണമെന്നാണ് 2017 ഡിസംബറില്‍ ജസ്റ്റിസുമാരായ യു യു ലളിത്, ആദര്‍ശ് കെ ഗോയല്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ഈ പ്രവണതയെ വിശേഷിപ്പിച്ചത്. “നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് അഭിഭാഷകര്‍. അതേസമയം കേസ് നടത്താന്‍ ആകാശം മുട്ടുന്ന ഫീസാണ് ചില അഭിഭാഷകര്‍ ഈടാക്കുന്നത്. പാവങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പ്രയാസമുണ്ടാക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാനും അഭിഭാഷകവൃത്തിയുടെ ധാര്‍മികത നിലനിര്‍ത്താനും കേന്ദ്രം ഇടപെടണമെന്നും അഭിഭാഷക ഫീസിന് നിയന്ത്രണം കൊണ്ടുവരണ’മെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി. നീതിന്യായ വിതരണ സംവിധാനം സാധാരണക്കാര്‍ക്ക് ദുര്‍ഗ്രാഹ്യവും ജനസൗഹൃദപരവുമാകാത്ത കാലത്തോളം അതുകൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കാനോ തുല്യനീതി ലഭ്യമാക്കാനോ സാധിക്കില്ലെന്നാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പ്രസ്താവനയുടെ കാതല്‍. സുപ്രീം കോടതി തന്നെയാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്.



source https://www.sirajlive.com/court-proceedings-should-be-people-friendly.html

Post a Comment

Previous Post Next Post