ഓര്‍മ; പി കെ എസ് തങ്ങള്‍ തലപ്പാറ

ത്മീയ വെളിച്ചവും സാന്ത്വനവും പകർന്ന വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു മർഹൂം തലപ്പാറ പി കെ എസ് പൂക്കോയ തങ്ങൾ. ആയുർവേദ, ആത്മീയ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന തങ്ങളെ തേടി ജാതി, മത ഭേദമന്യേ ആളുകൾ എത്തിയിരുന്നു. ആത്മാർഥതയായിരുന്നു തങ്ങളുടെ മുഖമുദ്ര. നേതൃസ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും സാധാരണ പ്രവർത്തകർക്കൊപ്പം സുന്നത്ത് ജമാഅത്തിനെ വളർത്താൻ മുന്നിൽനിന്നു. മുട്ടിച്ചിറ മഹല്ലിൽ സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസയും പള്ളിയും സ്ഥാപിക്കുകയും സുന്നി സംഘടനകളെ കെട്ടുറപ്പോടെ ചലിപ്പിക്കുകയും ചെയ്തിരുന്നു. സാമ്പത്തികമായും സംഘടനാ പ്രവർത്തകർക്ക് ആത്മവീര്യം പകർന്നിരുന്നു തങ്ങൾ. ആരോടും വശ്യമായും പുഞ്ചിരിയോടെയും പെരുമാറിയിരുന്ന തങ്ങളുടെ സ്വഭാവ മഹിമ എടുത്തുപറയേണ്ടതാണ്. സംഘടനാ രംഗത്തും മറ്റും എതിർചേരിയിൽ നിൽക്കുന്നവർ പോലും തങ്ങളെ കണ്ടാൽ ആദരവോടെ പെരുമാറിയതിന് കാരണം ആ സ്വഭാവമഹിമ തന്നെയാണ്.

പൊതുരംഗത്ത് മാത്രമല്ല കുടുംബ വിഷയങ്ങളിലും അവസാന വാക്കായിരുന്നു തങ്ങൾ. കുടുംബത്തിൽ പ്രായമായവരോ രോഗികളോ ഉണ്ടെന്ന് കേട്ടാൽ ഓടിയെത്തുകയും വേണ്ട്ര ശുശ്രൂഷകളും സാമ്പത്തിക സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്യുന്നത് പ്രത്യേകതയായിരുന്നു. മക്കളെയെല്ലാം അറിയപ്പെട്ട പണ്ഡിതന്മാരാക്കി വാർത്തെടുക്കുകയും വൈജ്ഞാനിക പ്രാസ്ഥാനിക പ്രവർത്തന രംഗത്ത് സജീവമാക്കുകയും ചെയ്യാനും തങ്ങൾക്ക് സാധിച്ചു. കാരന്തൂർ മർകസ്, മലപ്പുറം മഅ്ദിൻ, ഫറോക് ഖാദിസിയ്യ, മുട്ടിച്ചിറ മജ്മഅ്, വെളിമുക്ക് വാദിബദ്ർ തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. മർകസ് സമ്മേളന സ്വാഗത സംഘം ചെയർമാനായി പ്രവർത്തിക്കുന്നതിനിടയിൽ 1442 സഫർ ഒന്പതിനാണ് തങ്ങളുടെ അപ്രതീക്ഷിത വിയോഗം. മുട്ടിച്ചിറ ജുമുഅ മസ്ജിദ് ഖബർസ്ഥാനിലാണ് തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നത്.



source https://www.sirajlive.com/memory-pks-thangal-thalappara.html

Post a Comment

أحدث أقدم