ന്യൂഡല്‍ഹി | ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശക്തമായ മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യമാണെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ പറഞ്ഞു. മധ്യസ്ഥത വഹിക്കാനെന്ന പേരില്‍ അഫ്ഗാനില്‍ കലാപത്തിനാണ് പാക്കിസ്ഥാന്റെ ശ്രമം. ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി യുഎന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എന്റെ രാജ്യത്തെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ പ്രസ്താവനകളാണ് പാക് പ്രധാനമന്ത്രി നടത്തിയത്. ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ പാക് സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല- സ്‌നേഹ ദുബെ മറുപടിയായി പറഞ്ഞു.
ഭീകരവാദികള്‍ക്ക് പിന്തുണയും പരിശീലനവും സാമ്പത്തിക സഹായവും ആയുധങ്ങളും നല്‍കുന്ന രാജ്യമായി ആഗോളതലത്തില്‍ തന്നെ ദുഷ്‌കീര്‍ത്തി നേടിയ രാജ്യമാണ് പാക്കിസ്ഥാന്‍. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും മുഴുവന്‍ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങിനെ തന്നെയായിരിക്കും. പാക്കിസ്ഥാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ അടിയന്തിരമായി പാക്കിസ്ഥാന്‍ ഒഴിഞ്ഞ് പോകണമെന്നും സ്‌നേഹ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും.
source https://www.sirajlive.com/pakistan-is-a-country-that-glorifies-terrorism-india-responds-strongly-to-pakistan-at-un.html
إرسال تعليق