സ്‌കൂൾ തുറക്കാനൊരുങ്ങുന്നത് പ്രധാന അധ്യാപകരില്ലാതെ

പയ്യന്നൂർ (കണ്ണൂർ) | സംസ്ഥാനത്ത് ഒന്നര വർഷത്തിനു ശേഷം സ്‌കൂളുകൾ തുറക്കാൻ ഒരുങ്ങുമ്പോൾ പ്രധാന അധ്യാപകർ ഇല്ലാത്ത അവസ്ഥ. സ്‌കൂളുകൾ തുറക്കുന്നതിനു മുമ്പ് സർക്കാർ സ്‌കൂളുകളിൽ ഒഴിവുള്ള പ്രധാന അധ്യാപക തസ്തികകൾ നികത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. കൊവിഡ് വ്യാപന തോത് കുറയുന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയ സാഹചര്യത്തിലാണ് പ്രധാന അധ്യാപകരെ ഉടൻ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തോളം പ്രൈമറി സ്‌കൂളുകളിലാണ് പ്രധാന അധ്യാപകർ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമായി 200 പ്രധാന അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സീനിയർ അധ്യാപകർക്ക് ചുമതല നൽകിയാണ് പ്രധാന അധ്യാപകർ ഇല്ലാത്ത സ്‌കൂളുകളിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

ചുമതലയുള്ളവർ അധ്യാപക ജോലിയും പ്രധാനധ്യാപകന്റെ അധികച്ചുമതലയും ഒരുമിച്ചു വഹിക്കുമ്പോൾ ജോലിഭാരത്തോടൊപ്പം സ്‌കൂളിന്റെ പ്രവർത്തന മികവിനെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യോഗ്യത ഇല്ലാത്തവരെ നിയമിക്കാൻ അധ്യാപക സംഘടനകൾ നടത്തുന്ന ഇടപെടലുകളാണ് നിയമനം നീണ്ടുപോകാൻ കാരണമെന്നാണ് ആക്ഷേപം.

സർവീസ് റൂൾ പ്രകാരം 12 വർഷം സർവീസ് യോഗ്യതയും വകുപ്പ് തല പരീക്ഷയും പാസ്സായവരെ മാത്രമേ പ്രധാന അധ്യാപകരായി നിയമിക്കാൻ കഴിയുകയുള്ളൂ. ഇത് ഹൈക്കോടതി ശരിവെച്ചതാണ്. ചില സ്‌കൂളുകളിൽ അധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.



source https://www.sirajlive.com/the-school-is-about-to-open-without-head-teachers.html

Post a Comment

Previous Post Next Post