കോടതിയും വേദിയായിരിക്കുന്നു ഗുണ്ടാസംഘങ്ങളുടെ കുടിപ്പകക്ക്. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് പോലീസ് ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗിയെ വെള്ളിയാഴ്ച ഡൽഹി രോഹിണി കോടതിയിൽ ഹാജരാക്കിയപ്പോൾ, മറ്റൊരു ഗുണ്ടാ സംഘം കോടതിക്കകത്തു വെച്ച് അയാളെ വെടിവെച്ചു കൊലപ്പെടുത്തി. ഗോഗിയുടെ എതിരാളികളായ ടില്ലു ഗുണ്ടാസംഘത്തിലെ ആളുകളാണ് അഭിഭാഷകരുടെ വേഷത്തിലെത്തി പോലീസിന്റെയും കോടതി ജീവനക്കാരുടെയും സാന്നിധ്യത്തിൽ ജിതേന്ദ്ര ഗോഗിക്ക് നേരെ നിറയൊഴിച്ചത്. പോലീസിന്റെ പ്രത്യാക്രമണത്തിൽ അക്രമി സംഘത്തിലെ രണ്ട് പേരും കൊല്ലപ്പെട്ടു. പോലീസും ഗുണ്ടാസംഘവും കോടതിക്കുള്ളിൽ 40 റൗണ്ടോളം വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. നിരവധി കേസുകളിൽ പ്രതിയായ ജിതേന്ദ്ര ഗോഗിയെ കഴിഞ്ഞ മാർച്ചിലാണ് ഡൽഹി പോലീസ് പിടികൂടി തിഹാർ ജയിലിലാക്കിയത്. വെള്ളിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുന്ന വിവരം അറിഞ്ഞാണ് ആക്രമണം ആസൂത്രണം ചെയ്തത്. വർഷങ്ങളുടെ പഴക്കമുണ്ട് ഗോഗിയുടെയും ടില്ലുവിന്റെയും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരത്തിന്. ഇരു സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഇതിനകം 25ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കണക്ക്.
രാജ്യത്തിന്റ ഇതര ഭാഗങ്ങളിൽ നിന്ന് പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട് ഗുണ്ടാ സംഘങ്ങൾക്കിടയിലെ ചേരിപ്പോരും പകപോക്കലും കൊലപാതകവുമെല്ലാം. ചെന്നൈയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടിവഴകൻ എന്ന ഗുണ്ടയെ മറ്റൊരു ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത് മൂന്ന് മാസം മുമ്പാണ്. ചെന്നൈ ചേത്പേട്ടിൽ പി എച്ച് സ്ട്രീറ്റിലെ വ്യവസായിയുടെ ഫ്ലാറ്റിൽ ചർച്ചക്ക് എത്തിയപ്പോഴായിരുന്നു വടിവഴകനെ ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി നാലംഗ സംഘം കൊന്നത്. നിരവധി കേസുകളിൽ പ്രതിയായ വടിവഴകനെ ചെന്നൈ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ ഡി വൈ എസ് പി ഉൾപ്പെടെ എട്ട് പോലീസുകാരെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ വികാസ് ദുബെയുടെ ആളുകൾ വെടിവെച്ചു കൊന്നത് ഒരു വർഷം മുമ്പാണ്. കാസർകോട് ഉപ്പള കൈക്കമ്പ ദേശീയപാതയിൽ കാറുകളിലെത്തിയ ഗുണ്ടാസംഘങ്ങൾ സംഘട്ടനത്തിലേർപ്പെടുകയും വാൾവീശിയും വെടിവെച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് കഴിഞ്ഞ ഒക്‌ടോബർ 12നായിരുന്നു. മയക്കുമരുന്ന് ഇടപാടിലെ തർക്കമായിരുന്നു കാരണം.
മുംബൈ ആയിരുന്നു ഒരു കാലത്ത് ഗുണ്ടായിസത്തിന്റെയും അധോലോക സംഘങ്ങളുടെയും കേന്ദ്രം. ഇന്നിപ്പോൾ ഉത്തർപ്രദേശ്, ഡൽഹി, ചെന്നൈ തുടങ്ങി മറ്റ് പ്രദേശങ്ങളിലും കേരളത്തിലും സജീവമാണ് ഗുണ്ടാസംഘങ്ങൾ. രാജ്യത്തെ എണ്ണം പറഞ്ഞ വൻകിട നഗരങ്ങളിൽ മാത്രം സജീവമായിരുന്നു നേരത്തേ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടമെങ്കിൽ ഇന്ന് ഗ്രാമങ്ങളിലുമുണ്ട് അവരുടെ സാന്നിധ്യം. കവർച്ച, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, കൊലപാതകം, പെൺവാണിഭം, അനധികൃത ഇടപാടുകൾക്ക് സംരക്ഷണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ് ഇവർ നടത്തിവരുന്നത്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ അടുത്തിടെ ഗുണ്ടാപ്രവർത്തനം ശക്തമാണ്. മുംബൈയിലെ കാമാത്തിപ്പുരയും കൊൽക്കത്തയിലെ സോനാഗച്ചിയും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ “ചുവന്ന തെരുവാ’യി അറിയപ്പെടുന്ന, ഡൽഹി റെയിൽവേ സ്റ്റേഷന് പിറകിൽ ജി ബി റോഡിലെ പെൺവാണിഭത്തെ നിയന്ത്രിക്കുന്നത് ഗുണ്ടാസംഘങ്ങളാണ്. ജി ബി റോഡിലെ കെട്ടിടങ്ങൾക്കുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പാർപ്പിക്കുന്ന രഹസ്യ അറകളുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ റിപ്പോർട്ട് നൽകുകയും ഈ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി സ്ത്രീകളെ പുനരധിവസിപ്പിക്കണമെന്ന് ശിപാർശ നൽകുകയും ചെയ്തിരുന്നു. പോലീസിന്റെയും മറ്റ് ഉത്തരവാദപ്പെട്ടവരുടെയും അറിവോടെയും ഒത്താശയോടെയുമാണ് പെൺവാണിഭം നടക്കുന്നതെന്നതിനാൽ കമ്മീഷൻ ശിപാർശയിൽ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഈ തെരുവിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി ഗുണ്ടാസംഘങ്ങൾക്കും പോലീസിനും കെട്ടിട ഉടമക്കുമുള്ളതാണെന്ന് ഇതിനിടെ ഒരു ചാനൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കക്ഷിരാഷ്ട്രീയത്തിന്റെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും മദ്യലോബിയുടെയും മണൽ മാഫിയയുടെയുമെല്ലാം അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട് നിലവിൽ ഗുണ്ടാപ്പട. രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യാൻ പാർട്ടികൾ ഗുണ്ടകളെ പോറ്റിവളർത്തുകയോ, വാടകക്കെടുക്കുകയോ ചെയ്യുന്നത് സാധാരണമാണ്. കഴിഞ്ഞ സെപ്തംബറിൽ തിരുവനന്തപുരം ചേന്തിയിൽ ഡി സി സി അംഗത്തിന്റെ വീട്ടിൽ ഗുണ്ടകൾ സമ്മേളിച്ചത് ഫോട്ടോ സഹിതം മാധ്യമങ്ങളിൽ വന്നിരുന്നു. ടി പി വധക്കേസിലും പുറത്തുവന്നു രാഷ്ട്രീയ-ഗുണ്ടാ ബന്ധം. അവധി തെറ്റിക്കുന്ന കടക്കാരിൽ നിന്ന് പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും അത് പിടിച്ചെടുക്കുന്നത് ഗുണ്ടകളുടെ സഹായത്തോടെയാണ്. ഇങ്ങനെ തുണക്കാനും കേസുകളിൽ അകപ്പെട്ടാൽ രക്ഷപ്പെടുത്താനും ആളുകൾ ഉള്ളതു കൊണ്ടാണ് ഗുണ്ടാസംഘങ്ങൾ പെരുകുന്നതും കോടതിക്കകത്ത് കയറി പോലും അക്രമം അഴിച്ചുവിടാൻ ധൈര്യം കാണിക്കുന്നതും. പോലീസിലുമുണ്ട് ഗുണ്ടകൾക്കു സ്വാധീനം. കേസുകളിൽപ്പെടുന്ന ഗുണ്ടകൾക്ക്, ആരെ സമീപിച്ചാലാണ് എളുപ്പം രക്ഷപ്പെടാൻ സാധ്യമാകുകയെന്ന് ഉപദേശം നൽകുന്നവർ വരെയുണ്ടത്രേ പോലീസിൽ.
ഡൽഹി രോഹിണി കോടതിയിലെ ഗുണ്ടാവിളയാട്ടത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ഇത്തരം സംഭവങ്ങൾ കോടതി നടപടികളെ ബാധിക്കാതിരിക്കാൻ പോലീസ് മേധാവികളുമായും ബാർ അസോസിയേഷനുമായും ചർച്ച നടത്തണമെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കോടതികളിൽ മാത്രം പരിമിതപ്പെടുത്തേണ്ടതല്ല ഗുണ്ടകളിൽ നിന്നുളള സംരക്ഷണം. എല്ലാ മേഖലകളിലും വേണം. ഭരണകൂടവും ജുഡീഷ്യറിയും ചേർന്ന് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
source https://www.sirajlive.com/goons-play-inside-the-court.html
إرسال تعليق