കേരളീയാന്തരീക്ഷത്തെ വിഷലിപ്തമാക്കരുത്

മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയതു പോലെ പാലാ ബിഷപിന്റെ വര്‍ഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ ഏറ്റുപിടിച്ച് മതനിരപേക്ഷ പാരമ്പര്യവും മതസാഹോദര്യവും നിലനില്‍ക്കുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വഷളാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തി വരികയാണ് ചില കുബുദ്ധികള്‍. സംഘ്പരിവാര്‍ നേതാക്കളും സാമൂഹിക മാധ്യമങ്ങളുമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. ബി ജെ പി നേതാക്കള്‍ പാലാ, താമരശ്ശേരി ബിഷപുമാരെ സന്ദര്‍ശിച്ച് പിന്തുണ അറിയിക്കുകയും ഇരുവരും ഉയര്‍ത്തിവിട്ട വര്‍ഗീയത ആളിക്കത്തിച്ചു കൊണ്ടിരിക്കുകയുമാണ്. പാലാ ബിഷപിന്റെ വായ അടപ്പിക്കാന്‍ ഭീഷണിയുടെയും തിണ്ണബലത്തിന്റെയും അടിസ്ഥാനത്തില്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അരമനയില്‍ ബിഷപിനെ സന്ദര്‍ശിച്ച ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് പ്രസ്താവിച്ചത്. ബിഷപിന്റെ വര്‍ഗീയ പ്രസംഗത്തിനെതിരെ പക്വവും വിവേകപൂര്‍ണവുമായ പ്രതികരണമല്ലാതെ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തു നിന്നോ, മതേതര പാര്‍ട്ടികളുടെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ലെന്നിരിക്കെ ഇത്തരമൊരു പരാമര്‍ശത്തിനു പിന്നില്‍ ഇരു സമുദായങ്ങളെയും തമ്മിലടിപ്പിക്കാനുള്ള കുത്സിത ശ്രമമാണെന്നു വ്യക്തം. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് ബി ജെ പി നേതാവ് ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതിയതിന്റെ പിന്നിലെ താത്പര്യവും മറ്റൊന്നല്ല. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ നടത്തിവരുന്നതും മുഖ്യമായും സംഘികളും “കൃസംഘി’കളുമാണ്.

കേരളത്തില്‍ കുളംകലക്കി മീന്‍പിടിക്കാനുള്ള ശ്രമങ്ങള്‍ കാലങ്ങളായി ബി ജെ പിയും ആര്‍ എസ് എസും തുടങ്ങിയിട്ട്. പല പ്രച്ഛന്ന വേഷങ്ങളും ഈ ലക്ഷ്യത്തില്‍ അവര്‍ അണിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പാഠപുസ്തക കമ്മിറ്റിയില്‍ നുഴഞ്ഞുകയറി കാവി ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ഗൂഢശ്രമങ്ങള്‍ നടത്തി. കൃഷ്ണജയന്തിയോടനുബന്ധിച്ച് സംഘ്പരിവാര്‍ നടത്തി വരുന്ന ശോഭയാത്രയിലേക്ക് സ്വന്തം അനുയായികളെ കൊണ്ട് തന്നെ ബോംബേറ് നടത്തി വര്‍ഗീയ കലാപമുണ്ടാക്കാന്‍ പദ്ധതിയിട്ടു. ക്ഷേത്രങ്ങളില്‍ അതിക്രമങ്ങള്‍ നടത്തി ഇതര സമുദായങ്ങളുടെ പേരില്‍ കെട്ടിവെക്കാനുള്ള നീക്കങ്ങളുമുണ്ടായി. പ്രബുദ്ധരായ കേരളീയ സമൂഹവും മതനിരപേക്ഷ ഭരണകൂടങ്ങളും അതെല്ലാം പരാജയപ്പെടുത്തുകയായിരുന്നു. അപ്പേരില്‍ ഒരു വര്‍ഗീയ സംഘര്‍ഷം പോലും സംസ്ഥാനത്ത് ഉടലെടുത്തില്ല. അതിനിടെയാണ് പാലാ ബിഷപിന്റെ നാര്‍കോട്ടിക് പ്രയോഗം അവര്‍ക്കു വീണുകിട്ടിയതും അതുപയോഗപ്പെടുത്തി കേരളത്തിന്റെ സൗഹൃദപരമായ സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതും. സംഘികളുടെ വര്‍ഗീയ അജന്‍ഡകളെക്കുറിച്ച് നന്നായറിയാവുന്ന കേരളീയ മുസ്‌ലിം സമൂഹം സമചിത്തതയോടെയാണ് ഈ വിഷയത്തോട് പ്രതികരിക്കുന്നതെന്നതിനാല്‍ ഇത്തവണയും അവരുടെ പരിപ്പ് വേവാനിടയില്ല.

അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ ആരോപണങ്ങളാണ് പാലാ ബിഷപ് ഉന്നയിച്ചത്. താമരശ്ശേരി രൂപത പുറത്തിറക്കിയ കൈപുസ്തകത്തില്‍ പരാമര്‍ശിച്ച മതംമാറ്റ വിവരങ്ങളും തഥൈവ. മുസ്‌ലിംകളിലെ ചില തീവ്രവാദ ഗ്രൂപ്പുകള്‍ പ്രണയം നടിച്ചും ലഹരിക്കടിമകളാക്കിയും ആഭിചാര പ്രവര്‍ത്തനങ്ങളിലൂടെയും ക്രിസ്ത്യാനികളെ വന്‍തോതില്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നുവെന്നാണ് അവരുടെ ആരോപണം. എന്നാല്‍ ക്രിസ്തു മതത്തില്‍ നിന്ന് ഹിന്ദു മതത്തിലേക്കാണ് കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും ഇസ്‌ലാമിലേക്ക് വരുന്നവര്‍ ആപേക്ഷികമായി വളരെ കുറവാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ ഗസറ്റ് രേഖകളെ ആധാരമാക്കി സിറാജ് അടക്കമുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. 2021 ജനുവരി മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ 166 പേര്‍ ക്രിസ്ത്യാനിസം വിട്ട് ഹിന്ദു മതത്തിലേക്ക് പോയപ്പോള്‍, ക്രിസ്തു മതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് വന്നവര്‍ 45 പേര്‍ മാത്രമാണ്. നിലവില്‍ ലഭ്യമായ ഏറ്റവും ആധികാരികമായ രേഖയാണ് സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ്. ഇതടിസ്ഥാനത്തില്‍ ക്രിസ്തീയ ബിഷപുമാര്‍ മതംമാറ്റത്തില്‍ ഏറ്റവും ആശങ്കപ്പെടേണ്ടത് ഹിന്ദുത്വയെ ആണ്. അവര്‍ അണികളെ ഉണര്‍ത്തേണ്ടത് ഹിന്ദുത്വരുടെ “ഘര്‍വാപസി’യെയാണ്. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് അത്തരമൊരു ആശങ്ക കാണുന്നില്ല!

പാലാ ബിഷപിന്റെ പുതിയ വെളിപാടുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ചാനലുകള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ബിഷപ് ആരോപിച്ചതു പോലെ, കേരളത്തില്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഐസ്‌ക്രീം പാര്‍ലറില്‍ കൊണ്ടുപോയി ലഹരിക്ക് അടിമയാക്കി മതംമാറ്റുകയോ സാംസ്‌കാരികമായി തകര്‍ക്കുകയോ ചെയ്തതിന് ആധികാരികമായ തെളിവ് ഹാജരാക്കാനോ പോലീസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാനോ ചാനല്‍ അവതാരകര്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘികള്‍ക്കോ കൃസംഘികള്‍ക്കോ ഒരൊറ്റ സംഭവം പോലും പറയാന്‍ കഴിഞ്ഞില്ല. ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ബിഷപിനെ ന്യായീകരിക്കാനായി എത്തിയ ഇന്ത്യന്‍ കാത്തലിക് ഫോറം പ്രതിനിധി ടോജോ ചിറ്റേട്ടുകുളവും മനോരമ ന്യൂസ് ചര്‍ച്ചയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജും അവതാരകരുടെ ഇതുസംബന്ധിച്ച ചോദ്യത്തിനു മുമ്പില്‍ ഉരുണ്ടുകളിക്കുകയാണുണ്ടായത്. കേരളത്തില്‍ നാര്‍കോട്ടിക് കണ്‍ട്രോളിംഗ് ബ്യൂറോയോ എക്‌സൈസോ കേരള പോലീസോ നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ അതേപറ്റി പഠിച്ചിട്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അവസാനം ടോജോ ചിറ്റേട്ടുകുളം.

പാലാ ബിഷപും താമരശ്ശേരി രൂപതയും വിഷലിപ്ത പരാമര്‍ശങ്ങളുമായി രംഗത്തുവന്നതിന്റെ ലക്ഷ്യവും പ്രചോദനവും ദുരൂഹമാണ്. അതെന്തായാലും സംസ്ഥാനത്തെ മത സൗഹൃദാന്തരീക്ഷത്തെ ഇത് താറുമാറാക്കാതിരിക്കാനും വര്‍ഗീയ വിഭജനത്തിലേക്ക് നയിക്കാതിരിക്കാനും ഉത്തരവാദപ്പെട്ടവര്‍, വിശിഷ്യാ സംസ്ഥാന ഭരണകൂടം ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളെ കുറ്റപ്പെടുത്തിയതു കൊണ്ടോ ഭീഷണിപ്പെടുത്തിയതു കൊണ്ടോ ആയില്ല. സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷജനകമായ ഇത്തരം പോസ്റ്റുകള്‍ വരാനിടയായ കാരണമെന്തെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാവുന്നതാണല്ലോ. അതിന് പരിഹാരം കാണുകയും അടക്കം കെട്ടുകയും ആവശ്യമെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയുമാണ് ആദ്യമായി വേണ്ടത്.



source https://www.sirajlive.com/do-not-poison-the-kerala-atmosphere.html

Post a Comment

أحدث أقدم