ഡിജിറ്റല്‍ ഇന്ത്യാ… എന്ന് നമ്മുടെ പ്രധാനമന്ത്രി വികാരഭരിതമായ ശബ്ദത്തില്‍ പ്രഖ്യാപിച്ചിട്ട് ഏതാണ്ട് അഞ്ച് വര്‍ഷമാകുന്നു. കള്ളപ്പണമാകെ ഇല്ലാതാക്കുക എന്ന മുഖ്യ ഉദ്ദേശ്യത്തില്‍ 2016 നവംബര്‍ എട്ടിന് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ. ആധാറും മൊബൈല്‍ നമ്പറും ബേങ്ക് അക്കൗണ്ടും ബന്ധിപ്പിച്ച് സര്‍ക്കാര്‍ ധനസഹായമൊക്കെ നേരിട്ട് വിതരണം ചെയ്യുന്നത് വര്‍ധിപ്പിച്ചതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കേന്ദ്ര ഖജനാവിന് ലാഭം 1.78 ലക്ഷം കോടിയാണെന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് ഏതാനും ദിവസം മുമ്പും. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, ധനവിനിയോഗവും അതുവഴിയുള്ള സേവനങ്ങളും വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്നതാണ് ഇതിന്റെയൊക്കെ അടിസ്ഥാനം. അതൊക്കെയങ്ങനെ പുരോഗമിക്കുകയും മൊബൈല്‍ സേവനങ്ങള്‍ അഞ്ചാം തലമുറയുടെ വാതില്‍ക്കല്‍ നില്‍ക്കുകയും ചെയ്യുമ്പോഴാണ് കൊവിഡ് 19ന്റെ വ്യാപനമുണ്ടായത്. അതോടെ സ്‌കൂള്‍ – കോളജ് വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറുന്ന കാഴ്ച രാജ്യം കണ്ടു. വിദ്യാര്‍ഥികളില്‍ മുപ്പത് ശതമാനത്തിനേ ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളൂ, ഡിജിറ്റല്‍ വിഭജനത്തിലൂടെ വലിയ വിഭാഗം പുറന്തള്ളപ്പെട്ടു, അവര്‍ തുടര്‍ വിദ്യാഭ്യാസത്തില്‍ പിന്നാക്കം പോകുമെന്നൊക്കെയുള്ള വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ആ വിമര്‍ശനത്തില്‍ വലിയ ശരിയുമുണ്ട്. എങ്കിലും വിദ്യാഭ്യാസം പോലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുക എന്ന സങ്കല്‍പ്പത്തിലേക്ക് കാര്യങ്ങളെത്തുകയും അതിന് പാകത്തില്‍ സൗകര്യങ്ങളൊരുക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് നടപ്പുകാലം.
അങ്ങനെയൊരു കാലത്ത് വാഹന രജിസ്‌ട്രേഷനൊരു വലിയ പ്രയാസമുള്ള കാര്യമാണോ? ഏതെങ്കിലുമൊരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം, മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോള്‍ രജിസ്‌ട്രേഷന്‍ മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണോ? അങ്ങനെ മാറ്റുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കുക എന്നത് ദുര്‍ഘടമായ സംഗതിയാണോ? ആകാനിടയില്ല. നിലവിലെ മോട്ടോര്‍ വാഹന നിയമ പ്രകാരം ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയി ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ മാറ്റണം. ഏത് സംസ്ഥാനത്താണോ രജിസ്റ്റര്‍ ചെയ്തത്, അവിടെ നിന്നുള്ള എന്‍ ഒ സി വാങ്ങി വേണം പുതിയ രജിസ്‌ട്രേഷനെടുക്കാന്‍. ഈ വ്യവസ്ഥയിലൊരു മാറ്റം കൊണ്ടുവരികയാണ് “ഭാരത് സീരീസ്’ എന്ന പുതിയ രജിസ്‌ട്രേഷന്‍ സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍. എന്‍ ഒ സി വാങ്ങി, പുതിയ രജിസ്‌ട്രേഷനെടുക്കുന്നതിനൊക്കെയുള്ള പ്രയാസവും കാലതാമസവുമൊക്കെ കണക്കിലെടുത്ത്, ജനത്തിന് സൗകര്യമൊരുക്കുകയാണ് പുതിയ രീതിയുടെ ഉദ്ദേശ്യമെന്ന് കേന്ദ്രം വിശദീകരിക്കുന്നുണ്ട്. വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ 15 വര്‍ഷത്തേക്കുള്ള റോഡ് നികുതി ഉടമ അടക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം സംസ്ഥാനം മാറുകയാണെങ്കില്‍, പത്ത് വര്‍ഷത്തെ റോഡ് നികുതി ഉടമക്ക് തിരികെ നല്‍കണം. പുതുതായി രജിസ്‌ട്രേഷനെടുക്കുന്ന സംസ്ഥാനത്ത് പത്ത് വര്‍ഷത്തെ നികുതി ഉടമ അടക്കുകയും വേണം. ഇതിങ്ങനെ തിരികെ നല്‍കുന്നതിനും മറ്റും വലിയ പ്രയാസം നേരിടുന്നുവെന്നുമാണ് കേന്ദ്രം പറയുന്നത്. അത്തരം ബുദ്ധിമുട്ടുകളൊക്കെ പുതിയ സമ്പ്രദായത്തോടെ ഇല്ലാതാകുമെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഒറ്റനോട്ടത്തില്‍ ഇതൊക്കെ ശരിയാണ് താനും.
ഡിജിറ്റല്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്ന, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിന് വിപുലമായ സംവിധാനമൊരുക്കിയ രാജ്യത്തിന് ഒരു സംസ്ഥാനത്ത് ഒടുക്കിയ റോഡ് നികുതിയിലെ ശേഷിക്കുന്ന ഭാഗം മറ്റൊരു സംസ്ഥാനത്തിന് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കാന്‍ സംവിധാനമൊരുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള സംഗതിയാണോ? എന്‍ ഒ സി വാങ്ങുന്നതിനും പുതിയ രജിസ്‌ട്രേഷനെടുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനമൊരുക്കുക എന്നത് പ്രയാസമുള്ള സംഗതിയാണോ? അങ്ങനെയൊന്നുമല്ലാതിരിക്കെ, എന്തിനാണ് ഈ ഭാരത് സീരീസ്?
സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവര്‍ന്നെടുക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക എന്ന ബി ജെ പി സര്‍ക്കാറിന്റെ അജന്‍ഡയുടെ തുടര്‍ച്ച ഇവിടെയുമുണ്ടോ എന്ന് സംശയിക്കണം. ഒപ്പം ഭാരത് സീരീസിലൂടെ പുതിയൊരു ദേശീയ പ്രതീകം സൃഷ്ടിച്ചെടുക്കുകയും. രജിസ്‌ട്രേഷന്‍ നമ്പറുകളെന്നത് വാഹനങ്ങളുടെ രേഖപ്പെടുത്തലിനപ്പുറത്ത് സംസ്ഥാനങ്ങളുടെ ഐഡന്റിറ്റി കൂടിയാണ്. അത് ഏറെ വൈകാതെ ഇല്ലാതാകുമെന്ന് കരുതണം. നിലവില്‍ കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും നാല് സംസ്ഥാനങ്ങളില്‍ ഓഫീസുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ബി എച്ച് സീരീസിന് അപേക്ഷിക്കാനാകും. രാജ്യത്ത് വാഹനം വാങ്ങുന്നവരുടെ എണ്ണമെടുത്താല്‍ അതില്‍ ഭൂരിഭാഗവും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. അതായത് പുതിയ രജിസ്‌ട്രേഷനുകളില്‍ ഭൂരിഭാഗവും ഇനി ഈ “ദേശീയ സീരീസി’ലാകുമെന്ന് ഉറപ്പ്.
ഈ “ദേശീയവത്കരണ’ത്തിന് അപ്പുറത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കൂടി പുതിയ രജിസ്‌ട്രേഷന്‍ സമ്പ്രദായം ബാധിക്കും. വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പതിനഞ്ച് വര്‍ഷത്തേക്കുള്ള റോഡ് നികുതിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്നത്. അഞ്ച് ലക്ഷം വരെ വില വരുന്ന കാറിന് നിലവില്‍ ആറ് ശതമാനമാണ് റോഡ് നികുതി. അതായത് 30,000 രൂപ. രജിസ്‌ട്രേഷന്‍ ബി എച്ച് സീരീസിലാകുമ്പോള്‍ രജിസ്‌ട്രേഷന്‍ സമയത്ത് രണ്ട് വര്‍ഷത്തേക്ക് നികുതി അടച്ചാല്‍ മതി. അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള കാറിന് തുടക്കത്തില്‍ നാലായിരം രൂപ നികുതി അടച്ചാല്‍ മതി. സംസ്ഥാന ഖജനാവിലേക്ക് 30,000 രൂപ ഒറ്റയടിക്ക് ലഭിച്ചിരുന്ന അവസ്ഥ മാറുകയും രണ്ട് വര്‍ഷം കൂടുമ്പോള്‍ നാലായിരം രൂപ വീതം ലഭിക്കുന്ന സ്ഥിതിയാകുമെന്ന് ചുരുക്കം. അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള ആയിരം കാറുകള്‍ വില്‍ക്കുമ്പോള്‍ ഇപ്പോള്‍ മൂന്ന് കോടി രൂപ സംസ്ഥാന ഖജനാവിലേക്ക് ഒറ്റയടിക്ക് എത്തും. പുതിയ സീരീസിലാണ് ആയിരം കാറുകളുടെ രജിസ്‌ട്രേഷനെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് വരുന്ന തുക 40 ലക്ഷം മാത്രമാകും.
ഒറ്റത്തവണ റോഡ് നികുതി എന്ന സമ്പ്രദായത്തില്‍ ഖജനാവിലേക്ക് ലഭിക്കാനിടയുള്ള വരുമാനം മുന്നില്‍ക്കണ്ടാണ് സംസ്ഥാന സര്‍ക്കാറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അതിലുണ്ടാകുന്ന വലിയ ഇടിവ് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ വലിയ തോതില്‍ തന്നെ ബാധിക്കാന്‍ ഇടയുണ്ട്. മോട്ടോര്‍ വാഹന നികുതിയുടെ അമ്പത് ശതമാനം കിഫ്ബിയിലേക്ക് നീക്കിവെച്ച്, കിഫ്ബി വഴി നടത്തുന്ന ധനസമാഹരണത്തിന്റെ തിരിച്ചടവ് ഉറപ്പാക്കിയിട്ടുണ്ട് കേരളം. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് ബജറ്റിന് പുറത്ത് കേരളം കടമെടുക്കുന്നത് കിഫ്ബിയിലൂടെയുമാണ്. പുതിയ സാഹചര്യത്തില്‍, വരുമാനത്തിലുണ്ടാകാന്‍ ഇടയുള്ള ഇടിവ്, കേരളത്തെ സവിശേഷമായി തന്നെ ബാധിക്കാന്‍ ഇടയുണ്ടെന്ന് ചുരുക്കം.
ചരക്ക് സേവന നികുതി നടപ്പാക്കാന്‍, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്ത കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍, അത് നടപ്പാക്കപ്പെട്ടതോടെ വിഭവ സമാഹരണത്തിന് സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ഇല്ലാതായതില്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ട്. നികുതി നിരക്ക് നിശ്ചയിക്കുന്നതില്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം ലഭിച്ചതും നികുതി വിഹിതം കൃത്യസമയത്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതില്‍ കേന്ദ്രം അലംഭാവം കാട്ടുന്നതും സംസ്ഥാനങ്ങളെ ചെറുതല്ലാതെ അലട്ടുന്നുമുണ്ട്. കൊവിഡ് സമ്പദ് വ്യവസ്ഥ മുഴുവന്‍ നിശ്ചലമാക്കിയ കാലത്ത് പോലും നികുതി വിഹിതം വൈകിപ്പിച്ച് സംസ്ഥാനങ്ങളെ വലയ്ക്കുകയായിരുന്നു കേന്ദ്രം. കാര്‍ഷിക നിയമ ഭേദഗതി, വൈദ്യുതി നിയമ ഭേദഗതി, മോണിറ്റൈസേഷനെന്ന പേരില്‍ പൊതു സ്വത്തുക്കള്‍ സ്വകാര്യ മേഖലക്ക് കൈമാറല്‍, എന്‍ ഐ എ പോലുള്ള ഏജന്‍സികള്‍ക്ക് അമിതമായ അധികാരം നല്‍കി സംസ്ഥാന പോലീസിന്റെ അന്വേഷണാധികാരങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം എന്നിങ്ങനെ പല രീതിയില്‍ ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളുടെ മറ്റൊരു മുഖമായി കൂടി ഭാരത് സീരീസിനെ കാണേണ്ടിവരും. ഒളിയജന്‍ഡകളുള്ള, തീവ്ര വര്‍ഗീയതയെ തീവ്ര ദേശീയതയുടെ ആവരണമണിയിച്ച് അവതരിപ്പിക്കുന്ന രാഷ്ട്രീയ സംവിധാനം നിയന്ത്രിക്കുന്ന ഭരണകൂടം ജനോപകാരപ്രദമെന്ന് തോന്നിപ്പിക്കുന്ന പദ്ധതികള്‍ മുന്നോട്ടുവെച്ചേക്കാം. പക്ഷേ, അതില്‍ ചതിയില്ലാതിരിക്കില്ല.
source https://www.sirajlive.com/why-this-bharat-series.html
إرسال تعليق