കോഴിക്കോട് | നാല് മാസത്തെ കാലവര്‍ഷ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ 16 ശതമാനം മഴക്കുറവ്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാലവര്‍ഷം കേരളത്തില്‍ നിന്ന് വിടവാങ്ങിയിട്ടില്ലെന്നാണ് ശാസ്ത്രീയ നിരീക്ഷണം.
അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യം കുറയുന്നതാണ് കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയതിന്റെ മുഖ്യ അടയാളമായി കണക്കാക്കുന്നത്. കൂടാതെ, മഴ ഇല്ലാതാകുന്നതോടൊപ്പം ആന്റി സൈക്ലോണ്‍ (എതിര്‍ചുഴലി) രൂപപ്പെടുന്നതും മറ്റൊരു മാനദണ്ഡമാണ്.
ഈ മാസം ആറ് മുതല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് വിടവാങ്ങിത്തുടങ്ങുന്ന കാലവര്‍ഷം ഈ മാസം അവസാനത്തോടെ കേരളത്തിലും അവസാനിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിച്ചു.അതിന് ശേഷമേ തുലാവര്‍ഷം അഥവാ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ആരംഭിക്കൂവെന്നാണ് മെറ്റ്ബീറ്റ് വെതര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള നാല് മാസമാണ് മണ്‍സൂണ്‍ അഥവാ കാലവര്‍ഷക്കാലമായി പറയുന്നത്. ഇതനുസരിച്ച് ലഭിച്ച മഴയുടെ അളവില്‍ കേരളം ഏഴാം സ്ഥാനത്താണ്. 1,719 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്തിന് ലഭിച്ചത്.
ഗോവയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 3125.1 മില്ലിമീറ്റര്‍. ദക്ഷിണേന്ത്യയില്‍ ലക്ഷദ്വീപിലാണ് കൂടുതല്‍ മഴക്കുറവ്. 22 ശതമാനം. കേരളത്തില്‍ യഥാര്‍ഥത്തില്‍ 16 ശതമാനത്തിന്റെ മഴക്കുറവുണ്ടെങ്കിലും 19 ശതമാനം വരെ മഴക്കുറവ് നോര്‍മലായിത്തന്നെയാണ് കണക്കാക്കുക. മഴയുടെ തോതില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള മേഘാലയയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ കുറവുണ്ട്.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും ശരാശരിയേക്കാള്‍ അധികം മഴ ലഭിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 111 ശതമാനത്തിന്റെ അധിക മഴ പെയ്തുവെന്നാണ് കണക്ക്. രാജ്യത്തിന്റെ ശരാശരി കണക്ക് പരിശോധിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴയില്‍ വലിയ കുറവില്ല.
കേരളത്തില്‍ കഴിഞ്ഞ തവണ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ മഴയുടെ അളവ് കൂടുതലായിരുന്നു. സെപ്തംബറില്‍ പെയ്ത കനത്ത മഴയാണ് ശരാശരിയുടെ അളവ് കുത്തനെ കൂട്ടിയത്. കഴിഞ്ഞ 70 കൊല്ലത്തെ ചരിത്രത്തിനിടക്ക് ഏറ്റവും കൂടുതല്‍ മഴ വര്‍ഷിച്ച സെപ്തംബര്‍ മാസമായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.
source https://www.sirajlive.com/monsoon-16-rainfall-deficit-in-the-state.html
Post a Comment