ടി20 ലോകകപ്പ്: ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാന്‍ വഴികളുണ്ട്; പക്ഷേ കഠിനമാണ്!

ദുബൈ | ഐ പി എല്ലിന് ശേഷം ലോകകപ്പിന് ടീം പ്രഖ്യാപിച്ച് യു എ ഇയില്‍ തന്നെ തമ്പടിച്ച ടീം ഇന്ത്യ തിരിച്ചുവരുമ്പോള്‍ ടി20 ചാമ്പ്യന്‍ പട്ടത്തില്‍ കുറഞ്ഞതൊന്നും കൈയ്യില്‍ കരുതാമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ഭാഗമായിപ്പോലും കണക്കാക്കുന്ന പാക്കിസ്ഥാനെതിരെയുള്ള വിജയം ചരിത്രത്തെപ്പോലും പറ്റിച്ച്‌കൊണ്ട് എറിഞ്ഞുടച്ചപ്പോള്‍ തുടങ്ങിയ ശനി ദശ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലും പിടികൂടിയിരിക്കുകയാണ്. പാക്കിസ്ഥാനെതിരെ ലോകകപ്പ് മത്സരങ്ങളില്‍ തോറ്റിട്ടില്ല എന്ന ചരിത്രത്തെ തിരുത്തി കുറിക്കുകയാണ് ആദ്യ മത്സരത്തില്‍ തന്നെ ചെയ്തതെങ്കില്‍, ന്യൂസിലാന്‍ഡിനെതിരെ ടി20 ലോകകപ്പില്‍ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിക്കുകയാണ് ഇന്ത്യ ദുബൈയില്‍ ചെയ്തിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പത്ത് വിക്കറ്റിന് തോറ്റ ഇന്ത്യ, രണ്ടാം മത്സരത്തില്‍ കിവീസിനെതിരെ എട്ട് വിക്കറ്റിനാണ് പരാജയപ്പെട്ടത്. അതായത്, രണ്ട് മത്സരങ്ങളില്‍ നിന്നായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആകെ നേടാനായത് രണ്ട് വിക്കറ്റ് മാത്രം. അതും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംമ്രയുടെ സ്വകാര്യ നേട്ടമാണ്. അതിലേറെ പരിതാപകരമാണ് ക്യാപ്റ്റന്‍ കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലുമെല്ലാം അടങ്ങുന്ന കൂറ്റന്‍ അടികള്‍ക്ക് പേര് കേട്ട മുന്‍നിര ബാറ്റര്‍മാരുടെ കാര്യം. നേരത്തേ തന്നെയുള്ള പുറത്താകലിന്റെ വക്കില്‍ എത്തിയിരിക്കുകയാണ് ഈ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം.

ആദ്യ കളിയില്‍ പാക്കിസ്ഥാനുമായുള്ള തോല്‍വിക്ക് ശേഷമാണ് ഇരു ടീമുകളും ഇന്ന് നേര്‍ക്ക് നേര്‍ വന്നത്. അതില്‍ കിവികള്‍ ജയിക്കുക കൂടി ചെയ്തതോടെ രണ്ട് ടീമുകളുടേയും സെമി ബര്‍ത്ത് ഇനിയുള്ള വിജയങ്ങളെ പരസ്പരം ആശ്രയിച്ചിരിക്കും. രണ്ട് ടീമുകള്‍ക്കും ഇനി മത്സരങ്ങള്‍ ബാക്കിയുള്ളത് സ്‌കോട്‌ലാന്‍ഡ്, നമീബിയ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളുമായാണ്. മറ്റ് രണ്ട് ടീമുകളോടും അട്ടിമറികള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ സ്വാഭാവിക വിജയം പ്രതീക്ഷിക്കുന്ന രണ്ട് ടീമുകള്‍ക്കും പക്ഷേ അഫ്ഗാന്‍ ക്രിക്കറ്റ് ടീം പഴയ ടീമല്ലെന്ന് പൂര്‍ണ്ണ ബോധ്യമുണ്ട്.

അങ്ങനെയെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാനുള്ള സാധ്യത എങ്ങനാണെന്ന് നോക്കാം. ഇനി നടക്കാനുള്ള മൂന്ന് മത്സരങ്ങളും ജയിക്കുക എന്നുള്ളതാണ് സെമിയില്‍ കടക്കുകയാണെങ്കിലും ലോകകപ്പില്‍ നിന്ന് പുറത്താവുകയാണെങ്കില്‍ മാനം രക്ഷിക്കാനെങ്കിലും ഇന്ത്യന്‍ ടീമിന് മുന്നിലുള്ള ആദ്യ വഴി. അതുതന്നെ വലിയ നെറ്റ് റണ്‍റേറ്റില്‍ ആയിരിക്കണം. അത് കൂടാതെ ന്യൂസിലാന്‍ഡ് ഇനിയുള്ള മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിക്കുകയും അഫ്ഗാന്‍ ഒന്നില്‍ മാത്രം ജയിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാവണം. അങ്ങനെയെങ്കില്‍ മൂന്ന് ടീമുകളും ആറ് പോയിന്റ് വീതം നേടി പട്ടികയില്‍ ടൈ ആവും. ഇവിടെയാണ് മറ്റ് മത്സരങ്ങളിലെ റണ്‍റേറ്റിന്റെ ബലത്തില്‍ ഇന്ത്യക്ക് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള അഫ്ഗാനേയും മൂന്നാമതുള്ള ന്യൂസിലാന്‍ഡിനേയും പിന്തള്ളി സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുക.

ചുരുക്കത്തില്‍ ഇനിയുള്ള കളികളില്‍ മികച്ച റണ്‍റേറ്റിലുള്ള വിജയങ്ങള്‍ സ്വന്തമാക്കുക എന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സെമിയില്‍ കയറാന്‍ സ്വന്തമായി ചെയ്‌തെടുക്കാനുള്ള കാര്യം.



source https://www.sirajlive.com/t20-world-cup-india-have-ways-to-advance-to-semis-but-tough.html

Post a Comment

Previous Post Next Post