കൊച്ചി | തുലാവർഷമെത്തും മുമ്പുണ്ടായ പെരുമഴയിൽ സംസ്ഥാനത്തെ കാർഷിക മേഖലക്കുണ്ടായത് കനത്ത നഷ്ടമെന്ന് കൃഷി വകുപ്പിന്റെ കണക്ക്. മൂന്നാഴ്ചക്കിടെയുണ്ടായ മഴയിൽ 14 ജില്ലകളിലും സമീപ കാലത്തുണ്ടായതിനേക്കാൾ ഭീതിതമായ തോതിലാണ് കൃഷിനാശമുണ്ടായതെന്ന് ഇന്നലെ വരെയുള്ള പ്രാഥമിക കണക്കുകൾ ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 12 മുതൽ ഇന്നലെ വരെ മാത്രം 471.80 കോടിയുടെ വിളകളാണ് മഴയെടുത്തത്. സംസ്ഥാനത്ത് 57,583.96 ഹെക്ടറിൽ വിള നാശമുണ്ടായി. ഇതേത്തുടർന്ന് 1,22,560 കർഷകരാണ് ദുരിതത്തിലായത്. പ്രതിസന്ധിയിലായ കർഷകർ ഏറ്റവും കൂടുതലുള്ളത് ആലപ്പുഴ ജില്ലയിലാണ്. 27,381 കർഷകർക്കാണ് ഇവിടെ കനത്ത തോതിൽ കൃഷി നശിച്ചത്. ആലപ്പുഴ ജില്ലയിൽ മാത്രം 18,670.09 ഹെക്ടറിലെ കൃഷി നശിച്ചു. 67 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്. പാലക്കാട്, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലും വലിയ തോതിലുള്ള കൃഷിനാശമുണ്ടായതായി കൃഷിവകുപ്പ് വിലയിരുത്തി.
തൃശൂർ- 17,384.95, മലപ്പുറം- 4,480.35, വയനാട്- 2,007.94, എറണാകുളം- 2,057.08, കൊല്ലം- 1,730.33, പാലക്കാട്- 4,673.43, കണ്ണൂർ- 789.78, ഇടുക്കി- 284.42, കാസർകോട്- 286.67, കോഴിക്കോട്- 740.20 ഹെക്ടർ എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കൃഷി നഷ്ടം. കൊയ്യാറായ ഏക്കർ കണക്കിനു നെൽകൃഷിയാണ് ആലപ്പുഴ, പാലക്കാട് തുടങ്ങിയ ജില്ലകളിലെ നെല്ലറകളിൽ നശിച്ചത്.11,454.341 ഹെക്ടർ നിലത്തെ നെൽകൃഷിയാണ് പൂർണമായും ഇല്ലാതായത്. നെൽകൃഷിയുടെ നാശം മൂലം 27,939 കർഷകർക്കാണ് വലിയ തോതിലുള്ള നഷ്ടമുണ്ടായത്.
174 കോടിയിൽ പരം രൂപയുടെ നഷ്ടം നെൽകൃഷിക്ക് മാത്രമുണ്ടായി. 2,565 ഹെക്ടറിലെ ഞാറ്റടികളും നശിച്ചു. നെൽകൃഷിക്കു പുറമെ വാഴ, മരച്ചീനി, ഇഞ്ചി,പൈനാപ്പിൾ, മഞ്ഞൾ, തെങ്ങ്,കവുങ്ങ്, റബ്ബർ കൃഷികൾക്കും വ്യാപകമായ നഷ്ടമുണ്ടായെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി. 21 ലക്ഷത്തിലധികം വാഴകൾ മഴയിൽ നശിച്ചിട്ടുണ്ട്.1,187.832 ഹെക്ടറിലെ ഏലം, 27.450 ഹെക്ടറിലെ പൈനാപ്പിൾ എന്നിവയും നശിച്ചു. 87 കോടിയോളം രൂപയുടെ നഷ്ടമാണ് വാഴകളുടെ നാശം മൂലംമുണ്ടായിട്ടുള്ളത്. 7,238 തെങ്ങ്, 15,417 കാപ്പിച്ചെടികൾ 62,000 റബ്ബർ മരങ്ങൾ എന്നിവയും നശിച്ചു.
ന്യൂനമർദത്തെത്തുടർന്ന് അടിക്കടി മഴ ശക്തിപ്രാപിച്ചതും തുലാവർഷത്തിന്റെ വരവും സംസ്ഥാനത്തെ കർഷകരുടെ കണക്കുകൂട്ടലുകൾ ഇക്കുറി പാടേ തെറ്റിക്കുകയായിരുന്നു. കാർഷിക വിളകൾക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടുത്ത കാലത്തൊന്നും കരകയറാനാകാത്ത ദുരിതക്കയത്തിലാണ് തങ്ങളെന്നാണ് കർഷകർ
ചൂണ്ടിക്കാട്ടുന്നത്.
source https://www.sirajlive.com/the-losses-prove-471-crore-worth-of-crops-were-harvested.html
إرسال تعليق