തൃശൂർ | പീച്ചി വന്യജീവി ഡിവിഷന് കീഴിൽ ആദ്യമായി നടത്തിയ തുമ്പി സർവേയിൽ 72 ഇനം തുമ്പികളെ കണ്ടെത്തി. പീച്ചി വന്യജീവി വിഭാഗവും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസും സംയുക്തമായി നടത്തിയ സർവേയിലാണ് 31 ഇനം സൂചി തുമ്പികളെയും 41 ഇനം കല്ലൻ തുമ്പികളെയും കണ്ടെത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന സ്ഥാനീയ തുമ്പിയായ കുങ്കുമനിഴൽ തുമ്പിയെ ഏഴ് ക്യാമ്പുകളിൽ നിന്ന് കണ്ടെത്തി.
ഇത്തരം തുമ്പികളെ കണ്ടെത്തിയത് കാടുകളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സർവേക്ക് നേതൃത്വം നൽകിയ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു അഭിപ്രായപ്പെട്ടു.
വിവിധ തരത്തിലുള്ള ആവാസ വ്യവസ്ഥകൾ ആരോഗ്യകരമായി നിലനിൽക്കുന്നു എന്നതിന്റെ സൂചകമാണ് തുമ്പികളും പൂമ്പാറ്റകളുമെന്നും പ്രഭു പറഞ്ഞു. പീച്ചി വന്യജീവി സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം, ചൂലന്നൂർ മയിൽ സങ്കേതം എന്നിവിടങ്ങളിൽ നടന്ന സർവേയിൽ വനംവകുപ്പ് ജീവനക്കാരോടൊപ്പം 38 വളണ്ടിയർമാരും പങ്കെടുത്തു. പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന കുങ്കുമ നിഴൽ തുമ്പി, പുള്ളി നിഴൽ തുമ്പി, ചെങ്കറുപ്പൻ അരുവിയൻ, വയനാടൻ മുളവാലൻ, തെക്കൻ മുളവാലൻ, പത്തി പുൽച്ചിന്നൻ, മഞ്ഞവരയൻ പൂത്താലി, വയനാടൻ കടുവ, തീക്കറുപ്പൻ തുടങ്ങിയ തുമ്പികളെയാണ് പീച്ചി വന്യജീവി ഡിവിഷനിൽ കണ്ടെത്തിയത്.
source https://www.sirajlive.com/72-species-of-trunks-in-peachy-forest-area.html
Post a Comment