വാക്സീനുകൾക്ക് 92 ശതമാനം ഫലപ്രാപ്തിയെന്ന് വിദഗ്ധ പഠനം

പാരീസ് | ഡെൽറ്റയടക്കമുള്ള കൊവിഡ് വകഭേദങ്ങൾ തടയാൻ വാക്‌സീൻ മാത്രമാണ് ഏക മാർഗമെന്ന് വിദഗ്ധ പഠനം. രണ്ട് ഡോസ് വാക്‌സീൻ എടുത്തവരിൽ 92 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ഫ്രാൻസിൽ നടന്ന വിദഗ്ധ പഠനത്തിൽ വ്യക്തമാക്കുന്നു. രണ്ട് ഡോസ് വാക്‌സീൻ എടുത്തവരിലും ഒന്നിലധികം തവണ കൊവിഡ് വന്നതിനെ തുടർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. വാക്‌സീൻ എത്രമാത്രം ഫലപ്രദമാണെന്ന സംശയം വ്യാപകമായതോടെയാണ് അമേരിക്ക, ബ്രിട്ടൻ, ഇസ്‌റാഈൽ എന്നിവിടങ്ങളിലെ കൊവിഡ് കേസുകൾ പരിശോധിച്ച് വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ഇന്നലെയാണ് ഫ്രഞ്ച് സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗവേഷക സംഘം പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. രോഗവ്യാപനം വർധിക്കാനിടയായ ഡെൽറ്റ വകഭേദത്തിനെതിരെ വാക്‌സീന് കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്നും പഠനത്തിൽ പറയുന്നു. ലക്ഷക്കണക്കിന് രോഗികളിൽ നിന്നായാണ് ഗവേഷകർ ഇതിനായി വിവരങ്ങൾ ശേഖരിച്ചത്.

ഫൈസർ/ബയോഎൻടെക്, മൊഡേണ, ആസ്ട്രാസെനക്ക എന്നീ വാക്‌സീനുകളാണ് പഠനത്തിനായി പരിഗണിച്ചത്. സെക്കൻഡ് ഡോസ് സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞാൽ കൊവിഡ് ഗുരുതരമായി പിടിപെടുന്നതിൽ നിന്ന് ഏതാണ്ട് 90 ശതമാനത്തോളം വ്യക്തികളെ രക്ഷിക്കാൻ വാക്‌സീന് സാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. വാക്‌സീൻ രണ്ട് ഡോസ് സ്വീകരിച്ചാലും കൊവിഡ് പിടിപെടാം. എന്നാൽ രോഗം തീവ്രമാകുന്ന അവസ്ഥ, മരണസാധ്യത എന്നിവ പിടിച്ചുകെട്ടാൻ വാക്‌സീന് സാധിക്കും. 75 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്കും വാക്‌സീനുകൾ 84 ശതമാനത്തോളവും 50 – 75 വയസ്സ് വരെയുള്ളവരിൽ 92 ശതമാനവും സുരക്ഷ ഉറപ്പുനൽകാൻ സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.



source https://www.sirajlive.com/experts-say-the-vaccine-is-92-percent-effective.html

Post a Comment

Previous Post Next Post