വൃദ്ധദമ്പതികളെ ക്രൂരമായി വെട്ടിക്കൊന്ന കേസ്; അഞ്ച് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

പാലക്കാട് | കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അഞ്ചു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍. കൊല്ലപ്പെട്ട ഗോപാലകൃഷ്ണന്‍ നായരുടെയും ഭാര്യ തങ്കമ്മയുടെയും അയല്‍ക്കാരനായിരുന്ന രാജേന്ദ്രനെയാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.അഞ്ചുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടിയിലാകുന്നത്.

2016 നവംബര്‍ 14നായിരുന്നു കടമ്പഴിപ്പുറം കണ്ണുകുറുശി വടക്കേക്കര വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരും ഭാര്യ തങ്കമ്മയും കൊല്ലപ്പെടുന്നത്. ഗോപാലകൃഷ്ണന്‍ നായരുടെ ശരീരത്തില്‍ എണ്‍പതില്‍ പരം വെട്ടുകളും തങ്കമ്മയുടെ ശരീരത്തില്‍ നാല്‍പതില്‍ പരം വെട്ടുകളുമുണ്ടായിരുന്നു.മക്കള്‍ രണ്ടു പേരും ചെന്നൈയിലും അമേരിക്കയിലുമായതിനാല്‍ ദമ്പതികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്റെ ഓടുമാറ്റി അകത്ത് കയറിയായിരുന്നു ഇരട്ടക്കൊലപാതകം നടത്തിയത്. ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്തിനടുത്ത് വീടെടുത്ത് രഹസ്യമായി താമസിച്ചാണ് അന്വേഷണം നടത്തിയത്. രാജേന്ദ്രന്റെ മൊഴിയെടുത്തപ്പോഴുണ്ടായ വൈരുധ്യമാണ് അറസ്റ്റിലേക്ക് നയിച്ചത്. കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട തങ്കമ്മയിയുടെ ആറരപ്പവന്‍ സ്വര്‍ണവും നാലായിരം രൂപയും പ്രതി മോഷ്ടിച്ചിരുന്നു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും.

 



source https://www.sirajlive.com/case-of-brutal-hacking-of-an-elderly-couple-defendant-arrested-after-five-years.html

Post a Comment

أحدث أقدم