ലഖിംപൂര്‍ കൂട്ടക്കുരുതിയും അന്വേഷണത്തിലെ മന്ദഗതിയും

ത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിലെ മന്ദഗതിക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് ബുധനാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. അന്വേഷണം മന്ദഗതിയിലാക്കാനുള്ള ശ്രമം യു പി പോലീസ് നടത്തരുതെന്നും അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥ പോലെയാകരുതെന്നും കോടതി ഉണര്‍ത്തി. കേസില്‍ 44 സാക്ഷികളുണ്ട്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താത്തതെന്താണെന്നും സുപ്രീം കോടതി ആരാഞ്ഞു. കേസില്‍ ആരൊക്കെയാണ് അറസ്റ്റിലായിരിക്കുന്നതെന്നും എന്തൊക്കെയാണ് കുറ്റമെന്നും വ്യക്തമാക്കുന്ന തത്്സ്ഥിതി റിപ്പോര്‍ട്ട് ബുധനാഴ്ചക്കു മുമ്പായി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലഖിംപൂര്‍ സംഘര്‍ഷങ്ങളെ കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ബുധനാഴ്ച പരിഗണനക്കെടുത്തപ്പോഴാണ്, യു പി സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. അവസാന നിമിഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ എങ്ങനെയാണ് വായിക്കാന്‍ കഴിയുക? ഒരു ദിവസം മുമ്പെങ്കിലും റിപ്പോര്‍ട്ട് നല്‍കേണ്ടതായിരുന്നില്ലേയെന്നും ചോദിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ, തത്്സ്ഥിതി റിപ്പോര്‍ട്ടിനു വേണ്ടി താന്‍ കഴിഞ്ഞ രാത്രി ഒരു മണി വരെ കാത്തിരുന്നതായും അറിയിച്ചു.

മുഖ്യ പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയായതു കൊണ്ടായിരിക്കണം കേസന്വേഷണം തുടക്കത്തിലേ മന്ദീഭവിപ്പിക്കുന്ന സമീപനമാണ് യു പി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ മാസം മൂന്നിന് ഞായറാഴ്ചയാണ്, യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരെ ആശിഷ് മിശ്രയും സംഘവും കാര്‍ കയറ്റി കൊന്ന സംഭവം നടന്നത്. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ശേഷം സംഘം വെടിയുതിര്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശിഷ് മിശ്രയെ കേസില്‍ നിന്നൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതും അറസ്റ്റും വൈകിപ്പിച്ചു. സംഘര്‍ഷത്തില്‍ വധിക്കപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാക്കളെ യു പി പോലീസ് തടയുകയും തടവിലാക്കുകയുമുണ്ടായി. കര്‍ഷകര്‍ കല്ലെറിഞ്ഞപ്പോള്‍ വാഹനം നിയന്ത്രണം വിട്ടാണ് മരണങ്ങള്‍ നടന്നതെന്നായിരുന്നു ബന്ധപ്പെട്ടവരുടെ ന്യായീകരണം. രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും സുപ്രീം കോടതി ഇടപെടുകയും ചെയ്തതോടെയാണ് ഒരാഴ്ചക്കു ശേഷം, ഈ മാസം എട്ടിന് പോലീസ് മിശ്രയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യു പിയില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി. ആശിഷ് മിശ്രയുടെ അറസ്റ്റ് വൈകുന്നതില്‍ അതൃപ്തി അറിയിച്ചിരുന്നു.

2020 സെപ്തംബറില്‍ മോദി സര്‍ക്കാര്‍ കര്‍ഷകദ്രോഹ ബില്‍ പാസ്സാക്കിയതിനു പിന്നാലെ ആരംഭിച്ച കര്‍ഷക സമരം ഒരു വര്‍ഷത്തോളം പിന്നിട്ടിട്ടും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വീര്യം ചോരാതെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രക്ഷോഭത്തെ തളര്‍ത്താന്‍ സമരത്തിന് വര്‍ഗീയനിറം നല്‍കുന്നതുള്‍പ്പെടെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പല തന്ത്രങ്ങളും പയറ്റിനോക്കി. “അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് സഹിക്കാന്‍ കഴിയാത്തവരാണ് കര്‍ഷക സമരത്തിന് പിന്നിലെ’ന്നാണ് അദ്ദേഹം ആരോപിച്ചത്. സമരം നടക്കുന്ന പ്രദേശത്ത് വൈദ്യുതിയും ജലവിതരണവും നിര്‍ത്തല്‍ ചെയ്തും സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നു. ഇതുകൊണ്ടൊന്നും പ്രക്ഷോഭത്തിന് വീര്യം കുറഞ്ഞില്ല. മാത്രമല്ല, സെപ്തംബര്‍ അഞ്ചിന് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ നടന്ന കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്തില്‍ പത്ത് ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുത്തു. അടുത്ത വര്‍ഷം ആദ്യത്തില്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗംഗയില്‍ ഒഴുകിനടന്ന കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ പ്രതിസന്ധിയിലാക്കിയ യോഗി സര്‍ക്കാറിനും ബി ജെ പി നേതാക്കള്‍ക്കും സമകാലീന രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിമറിക്കുന്ന മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായി നടന്ന മുസഫര്‍ നഗര്‍ കിസാന്‍ പഞ്ചായത്തിന്റെ വിജയം കടുത്ത അലോസരമുണ്ടാക്കി. “സമരം ചെയ്യുന്ന കര്‍ഷകരെ പാഠം പഠിപ്പിക്കും. വെറും രണ്ട് മിനുട്ട് കൊണ്ട് അവരെ ശരിപ്പെടുത്തു’മെന്നാണ് വിറളിപൂണ്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര പ്രകോപിതനായി പ്രതികരിച്ചത്. “സമരം ചെയ്യുന്ന കര്‍ഷകരെ ലാത്തികള്‍ കൈയിലെടുത്ത് നേരിടണ’മെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാലിന്റെ ആഹ്വാനം. മഹാമാരി കാലത്തും സമരമുഖത്ത് വീറോടെ ഉറച്ചുനിന്ന കര്‍ഷകരെ ഒരു തരത്തിലും തളര്‍ത്താനാകില്ലെന്ന് വന്നതോടെയാണ് ബി ജെ പി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ വരാന്‍ തുടങ്ങിയത്. ഇതിന്റെ പ്രതിഫലനമാണ് ലഖിംപൂരിലെ കര്‍ഷക കൂട്ടക്കുരുതിയെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലഖിംപൂര്‍ സംഭവത്തില്‍ ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് യോഗി സര്‍ക്കാറിനും ബി ജെ പിക്കും ക്ഷീണം വരുത്തും. അന്വേഷണ പ്രക്രിയയും കോടതി നടപടികളും വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലം ഇതായിരിക്കണം. എന്നാല്‍ രാജ്യത്തെ നടുക്കിയ ലഖിംപൂര്‍ സംഭവത്തില്‍ നിയമ നടപടികള്‍ നിഷ്പക്ഷമായും പരമാവധി വേഗത്തിലും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ മാത്രമാണ് കര്‍ഷകര്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും പ്രതീക്ഷ.



source https://www.sirajlive.com/lakhimpur-massacre-and-slowdown-in-investigation-2.html

Post a Comment

أحدث أقدم