കൊച്ചി | വ്യാജ ബേങ്ക് രേഖകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ മോന്‍സന്‍ മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മോന്‍സണ്‍ ഡിലീറ്റ് ചെയ്തതായാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ലാപ്ടോപ്പും ഡെസ്ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എച്ച്എസ്ബിസി ബേങ്കില്‍ കോടിക്കണക്കിന് രൂപ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് മോന്‍സന്‍വ്യാജ രേഖ തയ്യാറാക്കിയത്. സ്വന്തം കംപ്യൂട്ടറിലാണ് വ്യാജരേഖ ചമച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, തട്ടിപ്പ് കേസില്‍ മോന്‍സനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുകയാണ്. പാലാ സ്വദേശി രാജീവിന്റെ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.10 കോടി രൂപ തട്ടിയെന്ന പരാതിയിലായിരുന്നു നേരത്തെ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങിയത്.
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിനെ ഈ മാസം 9 വരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ സംസ്‌കാര ടിവി തട്ടിപ്പുമായി ബന്ധപ്പെട്ടും തിരുവനന്തപുരം സ്വദേശിയായ ശില്‍പി സുരേഷിന്റെ പരാതിയിലും ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം തിങ്കളാഴ്ച മോന്‍സനായി കസ്റ്റഡി അപേക്ഷ നല്‍കും. അതിനിടെ, കേസില്‍ ജാമ്യം തേടി മോന്‍സന്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കുന്നുണ്ട്.
source https://www.sirajlive.com/fake-bank-documents-the-crime-branch-found-that-monson-had-destroyed-evidence.html
Post a Comment