തിരുവനന്തപുരം | കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ അനന്തരാവകാശികൾക്കും ദുരന്തബാധിതർക്കും ദുരിതാശ്വാസ സഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജീവഹാനി സംഭവിച്ചവരുടെ അവകാശികൾക്ക് അഞ്ച് ലക്ഷം രൂപ അനുവദിക്കും.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപയും ചേർത്താണ് തുക നൽകുക. പുറന്പോക്ക് ഭൂമിയിൽ ഉൾപ്പെടെ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് 10 ലക്ഷം രൂപ നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ദുരന്തനിവാരണ നിയമ പ്രകാരം നിശ്ചയിച്ചിട്ടുള്ള അർഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളാക്കാനുള്ള വിജ്ഞാപനം സമയബന്ധിതമായി പുറപ്പെടുവിക്കാൻ വില്ലേജുകളുടെ പട്ടിക നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദേശം നൽകും. പ്രകൃതിക്ഷോഭത്തിൽ 15 ശതമാനത്തിൽ അധികം തകർച്ച നേരിട്ട പുറന്പോക്ക് സ്ഥലത്ത് ഉൾപ്പെടെയുള്ള വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും. ഭാഗികമായോ പൂർണമായോ നാശനഷ്ടം സംഭവിച്ച വീടുകൾക്കും സ്ഥലത്തിനും സഹായധനം നൽകുന്നതിന് 2019 ലെ പ്രകൃതി ക്ഷോഭത്തിൽ സ്വീകരിച്ച രീതി തുടരും.
2018 ആഗസ്റ്റിലുണ്ടായ പ്രളയത്തിലും 2019, 2021ലെ പ്രളയങ്ങളിലും നഷ്ടപ്പെട്ടുപോവുകയോ നശിച്ചുപോവുകയോ ചെയ്ത ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്ക് മുദ്രവിലയും ഫീസും ഒഴിവാക്കിയ ഉത്തരവിന്റെ കാലാവധി, ഉത്തരവ് തീയതി മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകും. വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കൊല്ലം തൃക്കരുവ, കാഞ്ഞാവെളി സന്തോഷ് ഭവനിൽ സന്തോഷിന്റെ ഭാര്യ റംല, ശരത് ഭവനിൽ ശ്യാം കുമാർ എന്നിവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
സന്തോഷ് -റംല ദമ്പതികളുടെ മൂന്ന് പെൺമക്കളെയും ശ്യാം കുമാറിന്റ രണ്ട് മക്കളെയും സ്‌നേഹപൂർവം പദ്ധതിയിൽ ഉൾപ്പെടുത്തും. സന്തോഷ് -റംല ദമ്പതികളുടെ കുട്ടികൾക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വെച്ച് നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
source https://www.sirajlive.com/five-lakhs-for-dependents.html
إرسال تعليق