ഹോമിയോ പ്രതിരോധ മരുന്ന്; വിവാദങ്ങൾക്കിടെയും അപേക്ഷിച്ചത് ഒമ്പത് ലക്ഷം വിദ്യാർഥികൾ

കോഴിക്കോട് | സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർഥികൾക്കായി സർക്കാർ വിതരണം ചെയ്യുന്ന കൊവിഡ് ഹോമിയോ പ്രതിരോധ മരുന്നിന് ഇതുവരെയായി ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചത് 9,07,126 വിദ്യാർഥികൾ. ഊർജിത ഹോമിയോ മരുന്ന് വിതരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 5,87,287 പേർക്കാണ് മരുന്ന് നൽകിയത്. ഇന്നലെ വൈകിട്ട് ഏഴ് വരെയുള്ള കണക്കാണിത്.

കഴിഞ്ഞ മാസം 25 മുതൽ 27 വരെയായിരുന്നു ഊർജിത ഹോമിയോ മരുന്ന് വിതരണം പ്രഖ്യാപിച്ചത്. ഈ സമയ പരിധി കഴിഞ്ഞതോടെ വിതരണത്തിനായി ആരംഭിച്ച 198 പ്രത്യേക കേന്ദ്രങ്ങൾ ഒഴിവാക്കി. നിലവിൽ 1,100 കേന്ദ്രങ്ങളിലായി ദിവസേന 200 വിദ്യാർഥികൾക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. കൊവിഡ് പ്രതിരോധ മരുന്നായ ആഴ്‌സനിക് ആൽബം 30 എന്ന മരുന്ന് സംസ്ഥാനത്തെ 36 ലക്ഷം വിദ്യാർഥികൾക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 15 ലക്ഷം പേർക്ക് നൽകും. മരുന്ന് വിതരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്.

അതേസമയം, ആഴ്‌സനിക് ആൽബം എന്ന പ്രതിരോധ ഗുളികയുടെ ഗുണങ്ങളേയും ദോഷങ്ങളേയും കുറിച്ച് ശാസ്ത്രീയ പഠനം നടന്നിട്ടില്ലെന്നും അതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്ന് നൽകരുതെന്ന വാദവുമായി കഴിഞ്ഞ ദിവസം ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ രംഗത്തെത്തിയിരുന്നു. ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. അതുകൊണ്ട് വാക്‌സീന്റെ തന്നെ ആവശ്യമില്ലെന്ന നിലപാടിലാണ് ഐ എം എ. ആഴ്‌സനിക് ആൽബം മരുന്ന് വിതരണം നിർത്തിവെക്കണമെന്ന ആവശ്യവുമായി ഐ എം എ ഭാരവാഹികൾ കഴിഞ്ഞ ദിവസം ഹെൽത്ത് സെക്രട്ടറിയെ സമീപിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ. ഗോപകുമാർ പറഞ്ഞു. മരുന്ന് വിതരണത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുണ്ട്.

ആഴ്‌സനിക് ആൽബം 30 മരുന്ന് വിതരണത്തിന് കേന്ദ്ര ആയുഷ്മന്ത്രാലയത്തിന്റെ അനുമതി ഉണ്ടെന്നതിന് പുറമെ നേരത്തേ ലക്ഷക്കണക്കിന് പേർക്ക് മരുന്ന് നൽകിയതിൽ നടത്തിയ സർവേയിൽ ഈ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതായും സംസ്ഥാനത്ത് ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ചുമതല വഹിക്കുന്ന പത്തനംതിട്ട ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിജുകുമാർ വ്യക്തമാക്കി. വിദ്യാർഥികൾ മൂന്ന് ഗുളിക വീതം 21 ദിവസം ഇടവിട്ട് കഴിക്കാനാണ് നിർദേശം.



source https://www.sirajlive.com/homeopathic-medicine-nine-lakh-students-applied-despite-the-controversy.html

Post a Comment

Previous Post Next Post