തൊഴിലാളി യൂണിയനുകളിലെ തര്‍ക്കം; അടൂരില്‍ സി പി എം- സി പി ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

അടൂര്‍ | അടൂരിലെ തൊഴിലാളി യൂണിയനുകള്‍ തമ്മിലുണ്ടായ തര്‍ക്കം നടുറോഡില്‍ സി പി എം- സിപിഐ ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി.

സി ഐ ടി യു വിട്ട് ഒരു വിഭാഗം തൊഴിലാളികള്‍ എ ഐ ടി യു സിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കു നീങ്ങിയത്. എ ഐ ടി യു സിയില്‍ എത്തിയ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതിന്റെ പേരിലാണ് സംഘര്‍ഷം ഉടലെടുത്തത്. തര്‍ക്കം രൂക്ഷമായതോടെ സി പി എം- സിപിഐ സംഘര്‍ഷമായി ഇതുമാറി. രാവിലെ 8.30 മുതല്‍ നാലുതവണ നടുറോഡില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു.

അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി ഐ ടി യു) ഹൈസ്‌കൂള്‍ ജംഗ്ഷന്‍ യൂണിറ്റില്‍ നിന്നും എ ഐ ടി യു സിയില്‍ ചേര്‍ന്നയാള്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലിക്കെത്തിയപ്പോള്‍ സി ഐ ടി യുക്കാര്‍ തടയുകയായിരുന്നു.

ഇതോടെ തര്‍ക്കം രൂക്ഷമായി. സംഭവമറിഞ്ഞ് അടൂരിന്റെ പല ഭാഗത്ത് നിന്നുമെത്തിയ സി പി ഐ- സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്ത് ഒത്തുകൂടി. എ ഐ ടി യു സി ജില്ലാ സെക്രട്ടറിയും നഗരസഭാ ചെയര്‍മാനുമായ ഡി സജിയുടെ നേതൃത്വത്തില്‍ സി പി ഐ പ്രവര്‍ത്തകരും ജില്ലാ സെക്രട്ടേറിയറ്റംഗം ടി ഡി ബൈജുവിന്റെ നേതൃത്വത്തില്‍ സി പി എം പ്രവര്‍ത്തകരും കെ പി റോഡിന്റെ ഇരുവശത്തായും നിലയുറപ്പിച്ചു. തുടര്‍ന്ന് ഇവിടേക്ക് ഇരു പാര്‍ട്ടികളിലുംപെട്ട കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി.

ഇതോടെ ഇരുകൂട്ടരും തമ്മില്‍ പോര്‍വിളി തുടങ്ങുകയും നിരവധി തവണ ഉന്തുംതള്ളും ഉണ്ടാകുകയും ചെയ്തു. ഒടുവില്‍ സി പി ഐ പ്രവര്‍ത്തകര്‍ നിന്ന ഭാഗത്തേക്ക് ബൈക്കെടുക്കാനെത്തിയ സി പി എം പ്രവര്‍ത്തകനു നേരെ സി പി ഐ പ്രവര്‍ത്തകര്‍ കയര്‍ത്തതോടെ ഇരുവരും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. വീണ്ടും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി.

തുടര്‍ന്ന് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും സി പി ഐയുടെ നേതൃത്വത്തില്‍ ടൗണിലേക്ക് പ്രകടനം നടത്തി. സി പി ഐ പ്രവര്‍ത്തകര്‍ പ്രകടനമായി നീങ്ങിയതോടെ സി പി എം പ്രവര്‍ത്തകരും സംഭവ സ്ഥലത്തു നിന്നും പോയി. ഇതോടെ രണ്ടരമണിക്കൂര്‍ നീണ്ടു നിന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നു. പ്രവര്‍ത്തകര്‍ റോഡില്‍ തലങ്ങും വിലങ്ങും ഓടുകയും ഉന്തുംതള്ളുമുണ്ടാകുകയും ചെയ്തതോടെ കെ പി റോഡിലും എംസി റോഡിലും മണിക്കൂറുകളോളം ഗതാഗത കുരുക്കും ഉണ്ടായി.

സി ഐ ടി യുവില്‍ നിന്ന് ഏഴുപേരാണ് എ ഐ ടി യു സിയിലേക്ക് വന്നതെന്നും ഇതില്‍ ഉള്‍പ്പെട്ട ബിജി സാം, ജോര്‍ജ് എന്നീ രണ്ട് തൊഴിലാളികള്‍ക്ക് സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റതായും ഡി സജി പറഞ്ഞു. നോക്കുകൂലിയുമായി ബന്ധപ്പെട്ട് യൂണിയന്‍ സസ്പെന്‍ഡ് ചെയ്തയാളെ എ ഐ ടി യു സി യൂണിയനില്‍ ചേര്‍ത്ത് തൊഴില്‍ നല്‍കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ സെക്രട്ടറി പി ഉദയഭാനു പറഞ്ഞു.



source https://www.sirajlive.com/trade-union-disputes-cpm-cpi-activists-clash-in-adoor.html

Post a Comment

Previous Post Next Post