രാജ്യം പിന്തുടര്‍ന്നു വരുന്ന ഫെഡറല്‍ വ്യവസ്ഥക്ക് നിരക്കാത്ത വിധമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ടുകള്‍ വിതരണം ചെയ്യുന്നതെന്നും പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലായി വാരിക്കോരി നല്‍കുന്നുവെന്നും ആരോപണം നേരത്തേയുണ്ട്. അതിനെ സാധൂകരിക്കുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഗുജറാത്തിലെ വിവിധ ഏജന്‍സികള്‍ക്ക് നേരിട്ട് കൈമാറ്റം ചെയ്ത കേന്ദ്ര ഫണ്ടിന്റെ അനുപാതം അഞ്ച് വര്‍ഷത്തിനകം 350 ശതമാനം വര്‍ധിച്ചതായാണ് സെപ്തംബര്‍ 28ന് സമര്‍പ്പിച്ച ഗുജറാത്തിന്റെ ധനസ്ഥിതി സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 2,542 കോടി രൂപയായിരുന്നു സംസ്ഥാനത്തെ ഏജന്‍സികള്‍ക്ക് കേന്ദ്രം നേരിട്ടു കൈമാറിയതെങ്കില്‍ 2019-20 വര്‍ഷത്തില്‍ ഇത് 11,659 കോടിയായി ഉയര്‍ന്നു.
കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായ ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പറേഷന്‍, പ്രധാന്‍മന്ത്രി കിസാന്‍ നിധി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാര്‍ലിമെന്റ് അംഗങ്ങളുടെ വികസന പദ്ധതി, പി എം മുദ്ര യോജന തുടങ്ങിയ പദ്ധതികള്‍ക്കാണ് കേന്ദ്രം പണം നല്‍കിയത്. കേന്ദ്ര പദ്ധതികള്‍ക്കുള്ള ധനസഹായവും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന അധിക ധനസഹായവും സംസ്ഥാന സര്‍ക്കാര്‍ വഴിയായിരിക്കണമെന്ന നിബന്ധന മറികടന്നായിരുന്നു ഇതെല്ലാം നല്‍കിയത്. ബജറ്റില്‍ ഉള്‍പ്പെട്ടതോ കൈമാറ്റം ട്രഷറി വഴിയോ അല്ലാത്തതിനാല്‍ ഈ ഫണ്ടുകളൊന്നും സംസ്ഥാന വാര്‍ഷിക അക്കൗണ്ടുകളില്‍ പ്രതിഫലിക്കില്ലെന്ന് സി എ ജി വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ആയിരക്കണക്കിന് കോടി രൂപ വരുന്ന ജി എസ് ടി വിഹിതം തടഞ്ഞുവെച്ച അതേ കാലയളവിലാണ് ഗുജറാത്തിന് തികച്ചും പക്ഷപാതപരമായി വന്‍തോതില്‍ അധിക ധനസഹായം നല്‍കിയത്.
ദുരിതാശ്വാസമുള്‍പ്പെടെയുള്ള മറ്റു കേന്ദ്ര സഹായങ്ങളിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച പരിഗണനയാണ് ഗുജറാത്തിനു നല്‍കിവരുന്നത്. 2017 ജൂലൈയില്‍ ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം എന്നിവിടങ്ങളിലെല്ലാം വന്‍ പ്രളയമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടനെ ഗുജറാത്തിലേക്കെത്തി വ്യോമ നിരീക്ഷണം നടത്തുകയും സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ 500 കോടിയുടെ താത്കാലിക ദുരിതാശ്വാസവും നല്‍കി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അടക്കമുള്ള സേനകളുടെ വന്‍ സാന്നിധ്യമാണ് അന്ന് ഗുജറാത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മെയില്‍ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ വിതച്ചപ്പോഴും പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കുകയും സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ അനുവദിക്കുകയും ചെയ്തു. മുതിര്‍ന്ന ബി ജെ പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമി അന്ന് ഗുജറാത്തിന് മാത്രം ധനസഹായം പ്രഖ്യാപിച്ച നടപടിയെ ട്വിറ്ററിലൂടെ വിമര്‍ശിച്ചിരുന്നു.
2017ലെ ജലപ്രളയ കാലത്ത് മറ്റു സംസ്ഥാനങ്ങളിലൊന്നും പ്രധാനമന്ത്രിയുടെ സജീവ ഇടപെടലോ സന്ദര്‍ശനമോ ഉണ്ടായില്ല. ഇത് കടുത്ത വിമര്‍ശങ്ങള്‍ക്കിടയാക്കിയതോടെ അവസാനം അസമില്‍ സന്ദര്‍ശനം നടത്തി. കേന്ദ്രം ചില സംസ്ഥാനങ്ങളോട് പ്രത്യേക പരിഗണന കാട്ടുന്നുവെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തു വന്നിരുന്നു അന്ന്. പ്രളയത്തില്‍ 14,000 കോടിയുടെ നഷ്ടമുണ്ടായ ബംഗാളിന് നീണ്ട വിവാദത്തിനും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ 1,104 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. 2018ലെ മഹാ പ്രളയത്തില്‍ കേരളത്തോടും മോദി സര്‍ക്കാര്‍ കാണിച്ചത് ചിറ്റമ്മനയമായിരുന്നല്ലോ. സംസ്ഥാനം ലഭ്യമായ സര്‍വ സന്നാഹങ്ങളും സ്വരുക്കൂട്ടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികളില്‍ നിന്ന് വേണ്ടത്ര സഹായം കിട്ടിയിരുന്നില്ല. സംസ്ഥാനം അര്‍ഹിക്കുന്ന ദുരിതാശ്വാസ ഫണ്ട് ലഭിച്ചതുമില്ല. മാത്രമല്ല, യു എ ഇ ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ കേരളത്തിന് സഹായ ഹസ്തവുമായി മുന്നോട്ടു വന്നപ്പോള്‍ അത് സ്വീകരിക്കാന്‍ അനുമതി നല്‍കിയതുമില്ല. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ ആവശ്യങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിനും തടസ്സം നിന്നു കേന്ദ്രം.
നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് മുഖ്യമന്ത്രിയല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇന്ത്യന്‍ ജനതയെ ഒന്നായി കാണാനും സംസ്ഥാനങ്ങളോട് തുല്യനീതി കാണിക്കാനും ബാധ്യസ്ഥനാണ് അദ്ദേഹവും കേന്ദ്ര സര്‍ക്കാറും. നികുതികളുടെ ബഹുതല സ്വഭാവം നിര്‍ത്തലാക്കി രാജ്യത്തുടനീളം ജി എസ് ടി ഏര്‍പ്പെടുത്തിയതോടെ, കൂടുതല്‍ റവന്യൂ വരുമാനം നേടി സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധ്യമാകാതെ വരികയും കേന്ദ്രത്തെ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കേണ്ടതുണ്ട് കേന്ദ്രം. ഇക്കാര്യത്തില്‍ തുല്യനീതി പുലര്‍ത്തുകയും വേണം. അതാണ് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ ഫെഡറലിസം വിഭാവനം ചെയ്യുന്നത്. പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നത് വരെ ഫെഡറലിസത്തിനു വേണ്ടി ശക്തിയായി വാദിക്കുകയും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ആവശ്യപ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് മോദി. ബി ജെ പിക്ക് അധികാരം കിട്ടിയാല്‍ എല്ലാ കാര്യങ്ങളും ഡല്‍ഹിയിലായിരിക്കില്ല സംഭവിക്കുകയെന്നാണ് 2014ലെ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ചെന്നൈയില്‍ ഒരു യോഗത്തില്‍ മോദി പ്രസംഗിച്ചത്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയും അധികാരവും നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. പ്രധാനമന്ത്രിപദത്തില്‍ എത്തിയതോടെ പക്ഷേ, ഫെഡറലിസത്തിന്റെ ആന്തരികസത്ത മറന്നു അദ്ദേഹം. ജനാധിപത്യം ആവശ്യപ്പെടുന്നത് കൂടിയാലോചനകളും ചര്‍ച്ചകളുമാണെന്ന സര്‍ക്കാരിയ കമ്മീഷന്റെ വിലയിരുത്തല്‍ അതോടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. സംസ്ഥാനങ്ങളുമായുള്ള വിശദമായ കൂടിയാലോചനകളിലൂടെ സാമ്പത്തിക വിതരണത്തിന് മാര്‍ഗരേഖ തയ്യാറാക്കിയിരുന്ന ആസൂത്രണ കമ്മീഷനെ പിരിച്ചു വിടുകയും ചെയ്തു. ഇതിന്റെ ബാക്കിപത്രമാണ് ഗുജറാത്തിനും ബി ജെ പി ഭരണത്തിലുള്ള ചില സംസ്ഥാനങ്ങള്‍ക്കും അര്‍ഹതയില്‍ കവിഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രവണത.
source https://www.sirajlive.com/gujarat-is-in-dire-straits.html
Post a Comment