തിരുവനന്തപുരം | പോലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്നും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിഫോമിലായിരിക്കുമ്പോള്‍ പ്രത്യേകിച്ചും ജാഗ്രത പാലിക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ മോശപ്പെട്ട പ്രവര്‍ത്തനത്തില്‍ ചെന്ന് വീഴരുത്. പോലീസുകാര്‍ ഹണി ട്രാപ്പില്‍ പെടുന്നത് നാണക്കേടാണെന്നും പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. മുകളില്‍ എല്ലാം അറിയുന്നുണ്ടെന്ന ധാരണ വേണം. ലോക്ക്ഡൗണ്‍ പരിശോധനകളുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു. സ്ത്രീധന പീഡന പരാതികളില്‍ കര്‍ശന നടപടി വേണം. കേസുകള്‍ ഡി ഐ ജിമാര്‍ നിരീക്ഷിക്കണം. പോലീസുകാര്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പരാതികള്‍ക്ക് രസീത് നല്‍കണം. പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തണം. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്, പോലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ്, പെണ്‍കുട്ടിയെയും പിതാവിനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പോലീസിന്റെ ക്രൂരത എന്നിവയടക്കം അടുത്തിടെ പോലീസ് ചെന്നുപെട്ട വിവാദ വിഷയങ്ങള്‍ കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ യോഗം. ഓണ്‍ലൈന്‍ യോഗത്തില്‍ എസ് എച്ച് ഒ മുതല്‍ ഡി ജി പിമാര്‍ വരെയുള്ളവര്‍ പങ്കെടുത്തു.
source https://www.sirajlive.com/police-should-not-participate-in-unnecessary-activities-more-caution-cm.html
Post a Comment