ലഖിംപുര്‍ കൂട്ടക്കുരുതി; കേന്ദ്രമന്ത്രിയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും

ലഖ്‌നോ | ലംഖിപൂര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന നാല് കര്‍ഷകരെ കാര്‍ കയറ്റി കൊന്ന കേസില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ആശിഷിന് ഇന്നലെ യു പി പോലീസ് സമന്‍സ് അയച്ചിരുന്നു. ഇന്ന് രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില്‍ യു പി പൊലീസ് നോട്ടിസും പതിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്ക് മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ വാഹനം ഓടിച്ചു കയറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആശിഷ് അടക്കമുള്ള കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ് പ്രീത് സിംഗിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയേയും മകനേയും ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകളും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന ആവശ്യവും ശക്തമാണ്.

 

 

 

 



source https://www.sirajlive.com/lakhimpur-massacre-the-son-of-the-union-minister-will-be-questioned-today.html

Post a Comment

Previous Post Next Post