ത്വാഹ ഫസലിന് ജാമ്യം, എന്‍ ഐ എക്ക് തിരിച്ചടി

ദേശീയ അന്വേഷണ ഏജന്‍സിക്കും (എന്‍ ഐ എ) സംസ്ഥാന സര്‍ക്കാറിനും തിരിച്ചടിയാണ്, വന്‍ വിവാദത്തിന് തിരികൊളുത്തിയ കോഴിക്കോട് പന്തീരങ്കാവ് മാവോവാദി കേസില്‍, ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ്. കേസില്‍ രണ്ടാം പ്രതിയാണ് ത്വാഹ. ഒന്നാം പ്രതി അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ ആവശ്യം ജസ്റ്റിസ് അജയ് റസ്തോഗിയും ജസ്റ്റിസ് ശ്രീനിവാസും ഉള്‍ക്കൊള്ളുന്ന കോടതി ബഞ്ച് തള്ളുകയും ചെയ്തു. ത്വാഹ ഫസലിനെ എത്രയും വേഗം വിചാരണാ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തേ കേസ് പരിഗണിക്കുന്ന അവസരത്തില്‍ തന്നെ പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലല്ലോ എന്ന് സുപ്രീം കോടതി എന്‍ ഐ എയോട് ചോദിച്ചിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍, പുസ്തകങ്ങള്‍, പതാകകള്‍ എന്നിവ പൊതുവായി ലഭിക്കുന്നതാണെന്നും ഇതുവെച്ച് എങ്ങനെയാണ് മാവോയിസ്റ്റ് ബന്ധം തെളിയിക്കുകയെന്നും കോടതി ചോദിക്കുകയുണ്ടായി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഇവര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി അത് തള്ളുകയും ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകളില്ലെന്ന എന്‍ ഐ എ കോടതി ഉത്തരവ് ശരിവെക്കുകയുമായിരുന്നു.

2019 നവംബര്‍ ഒന്നിനാണ് കോഴിക്കോട് പെരുമണ്ണ പാറമ്മലില്‍ നിന്ന് സി പി എം കുടുംബാംഗങ്ങളും എസ് എഫ് ഐ പ്രവര്‍ത്തന മേഖലയില്‍ സജീവവുമായിരുന്ന ഒളവണ്ണ മൂര്‍ക്കനാട് ത്വാഹ ഫസല്‍, തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ശുഐബ് എന്നിവരെ മാവോ തീവ്രവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ മൂന്നിന് ഇവര്‍ക്കെതിരെ യു എ പി എ ചുമത്തുകയും ചെയ്തു. ഇവരില്‍ നിന്ന് മാവോവാദി ലഘുലേഖയും മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയവയും പിടിച്ചെടുത്തെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുകയും ചെയ്തു. ഇവര്‍ക്ക് പിന്നീട് വിചാരണാ കോടതി ജാമ്യം അനുവദിച്ചു. അലനും ത്വാഹയും നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തകരാണെന്നുള്ളതിന് തെളിവൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനില്‍ ഭാസ്‌കര്‍ ജാമ്യം നല്‍കിയത്. ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി പിന്നീട് റദ്ദാക്കി. പ്രായവും മാനസിക സ്ഥിതിയും കണക്കിലെടുത്ത് അലന്‍ ശുഐബിന്റെ ജാമ്യം ശരിവെക്കുകയും ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്ത് ത്വാഹ ഫസല്‍ സമര്‍പ്പിച്ച ഹരജികളാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്.

ലഘുലേഖയും പുസ്തകവും കണ്ടെടുത്തത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റാകില്ലെന്ന് 2015ല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും യു എ പി എ ചുമത്തുകയും ചെയ്ത വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന്റെ കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചതാണ്. മാവോയിസ്റ്റാണെന്ന പേരില്‍ മാത്രം ഒരാളെ കരുതല്‍ തടങ്കലില്‍ വെക്കാനാകില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയാല്‍ മാത്രമേ അങ്ങനെ ചെയ്യാവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. ശ്യാം ബാലകൃഷ്ണനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി അദ്ദേഹത്തെ അന്യായമായി കസ്റ്റഡിയില്‍ എടുത്തതിന് ഒരുലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും ഈ തുക പോലീസില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശിക്കുകയും ചെയ്തു. മുന്‍ ഹൈക്കോടതി ജഡ്ജിയുടെ മകനായ ശ്യാം ബാലകൃഷ്ണന്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയതാണ് മാവോയിസ്റ്റ് ബന്ധം ആരോപിക്കാന്‍ ഇടയാക്കിയത്.

ജനാധിപത്യത്തിലെ സേഫ്റ്റി വാല്‍വുകളാണ് വിയോജിപ്പുകളെന്നും സര്‍ക്കാറിനെതിരെ വിമര്‍ശമുന്നയിക്കുന്നത് കൊണ്ടോ ഒരാശയത്തില്‍ വിശ്വസിക്കുന്നതു കൊണ്ടോ മാത്രം ഒരാള്‍ക്കെതിരെ യു എ പി എ പോലുള്ള കടുത്ത നിയമങ്ങള്‍ ഉപയോഗിക്കരുതെന്നും സുപ്രീം കോടതിയും നേരത്തേ വ്യക്തമാക്കിയതാണ്. മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയുമ്പോള്‍ മാവോയിസ്റ്റാക്കുന്നത് ശരിയല്ലെന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ, നന്ദിനി സുന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഛത്തീസ്ഗഢ് പോലീസ് മാവോയിസ്റ്റ് ആരോപണങ്ങള്‍ ഉന്നയിച്ച കേസില്‍ പരമോന്നത കോടതി നിരീക്ഷിച്ചു. ഇത്തരമൊരു പശ്ചാത്തലത്തില്‍ മാവോ ലഘുലേഖ കണ്ടെടുത്തതിന്റെ പേരില്‍ രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത കേരള പോലീസ് നടപടി പൊതു സമൂഹത്തിലും സി പി എമ്മിനുള്ളില്‍ തന്നെയും വിമര്‍ശത്തിനിടയാക്കുകയുണ്ടായി. അലനും ത്വാഹയും മാവോയിസ്റ്റുകളല്ലെന്നായിരുന്നു തുടക്കത്തില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട്. അലന്‍ ശുഐബും ത്വാഹ ഫസലും സി പി എം അംഗങ്ങള്‍ തന്നെയെന്നും ഇവര്‍ മാവോയിസ്റ്റ് ആശയത്തില്‍ ആകൃഷ്ടരായിട്ടുണ്ടെങ്കില്‍ തിരുത്തി എടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്നുമാണ് അന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞത്. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിട്ടും ഒരു ജനാധിപത്യ സമൂഹത്തില്‍ പ്രതീക്ഷിക്കുന്ന എല്ലാ മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച് രണ്ട് കൗമാരക്കാരില്‍ മാവോബന്ധം അടിച്ചേല്‍പ്പിച്ച പോലീസിന്റെ നിലപാട് ദുരൂഹമാണ്. പൗരാവകാശങ്ങളുടെ നേരേ കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും നടത്തുന്ന കൈയേറ്റങ്ങളെ അപലപിക്കുന്ന, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യത്തിന്റെ അന്തസ്സത്ത മുറുകെപ്പിടിക്കുന്ന, പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന സി പി എം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കപ്പെട്ടതായിരുന്നില്ല അന്വേഷണ സംഘം കുറ്റം തെളിയിക്കുന്നതിന് മുമ്പ് തന്നെ അലനെയും ത്വാഹയെയും കുറ്റവാളികളാക്കിയ നടപടി.



source https://www.sirajlive.com/twaha-fazal-released-on-bail-nia-setback.html

Post a Comment

Previous Post Next Post