ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലും ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുമുള്ള പ്രത്യേക അന്വേഷണ സംഘമാണ് പുരാവസ്തു വില്‍പ്പനയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. കേരള പോലീസിലെ പല ഉന്നതരുമായി മോന്‍സണുള്ള ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും അന്വേഷണം പുറത്തുനിന്നുള്ള ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടത്. സംസ്ഥാന പോലീസിലെ തലപ്പത്തുള്ളവരുള്‍പ്പെടെ പല തലങ്ങളിലുള്ള ഉന്നതരുമായി വഴിവിട്ട ഇടപാടുകളാണ് മോന്‍സണുള്ളതെന്ന് വ്യക്തമായിരിക്കെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമായേക്കാമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുന്നു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്, മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ഹൈക്കോടതിയും അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചതില്‍ നീരസം രേഖപ്പെടുത്തുകയുണ്ടായി. മോന്‍സണിന്റെ വീടിനു മുന്നില്‍ പോലീസിന്റെ ബീറ്റ് ബുക്ക് സ്ഥാപിച്ചത് ഉള്‍പ്പെടെ അയാളുടെ കാര്യത്തില്‍ പോലീസ് മേധാവികള്‍ നടത്തിയ വഴിവിട്ട കളികള്‍ ചൂണ്ടിക്കാണിച്ചാണ് കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം കാര്യക്ഷമമാകുമോയെന്ന് കോടതി ചോദിച്ചത്. എന്തടിസ്ഥാനത്തിലാണ് തട്ടിപ്പുകാരനായ മോന്‍സണിന് പോലീസ് സംരക്ഷണം നല്‍കിയതെന്ന് ആരാഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പോലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്നും ഉണര്‍ത്തി. മോന്‍സണുമായി അടുപ്പമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ടെന്നും പോലീസുകാര്‍ മോന്‍സണിന്റെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് അയാളുടെ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും കോടതി ചോദിച്ചു. വീട്ടില്‍ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പോലീസ് അന്വേഷിക്കണ്ടതല്ലേയെന്നും കോടതി ചോദിക്കുകയുണ്ടായി. ചേര്‍ത്തല സി ഐ ആയിരുന്ന പി ശ്രീകുമാര്‍ മാത്രമല്ല, എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ ആരോപണവിധേയരാണെന്നും അവരെല്ലാം സര്‍വീസില്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയ കോടതി മോന്‍സണുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് ജനം പൊട്ടിച്ചിരിക്കുകയാണെന്നും ഓര്‍മിപ്പിച്ചു. മോന്‍സണിന്റെ സാമ്പത്തിക ഇടപാടുകളടക്കം കൃത്യമായി അന്വേഷിച്ച് ഒക്ടോബര്‍ 26നകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
കോടതി നിരീക്ഷിച്ചതു പോലെ സമീപ കാലത്ത് ഏറ്റവും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിലാക്കിയ കേസാണ് മോന്‍സണിന്റേത്. മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയും എ ഡി ജി പി മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചാരത്തിലുണ്ട്. മോന്‍സണിന്റെ വീടിനു മുന്നില്‍ പോലീസിന്റെ ബീറ്റ് ബുക്ക് സ്ഥാപിച്ചത് ബെഹ്റയുടെ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം. ആരാധനാലയങ്ങള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ് സാധാരണ ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകള്‍ക്കു മുന്നില്‍ വെക്കാറില്ല. ഐ ജി ലക്ഷ്മണന്‍, മുന്‍ ഡി ഐ ജി സുരേന്ദ്രന്‍ തുടങ്ങി എട്ടോളം പോലീസ് ഉന്നതര്‍ക്ക് മോന്‍സണുമായി ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. രണ്ട് വര്‍ഷം മുമ്പ് മോന്‍സണ്‍ കോടികളിറക്കി നടത്തിയ പള്ളിപ്പെരുന്നാളിനു പിന്നാലെ അദ്ദേഹം ചേര്‍ത്തലക്കു സമീപമുള്ള ഒരു പോലീസ് സ്റ്റേഷനിലെ ജീപ്പുകള്‍ക്ക് എ സി ഘടിപ്പിച്ചു നല്‍കിയതായി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. മോന്‍സണിന്റെ മ്യൂസിയത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത് ഒരു ഡി ഐ ജിയുടെ ഭാര്യയായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ മോന്‍സണ്‍ നടത്തിയ മകളുടെ വിവാഹ നിശ്ചയച്ചടങ്ങില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിന്റെ ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ ചടങ്ങിന് മോന്‍സണിന്റെ വീട്ടില്‍ വന്‍ സുരക്ഷയൊരുക്കുകയും ചെയ്തിരുന്നു പോലീസ്.
മൂന്ന് ദിവസം മുമ്പ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സുപ്രധാന യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി പോലീസ് ആസ്ഥാനത്ത്. വിമര്‍ശമുണ്ടാകാനിടയുള്ള പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണം, അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കണം, ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം, ഇന്റലിജന്‍സിന്റെ പരിശോധനയില്ലാത്ത പരിപാടികളില്‍ പങ്കെടുക്കരുത് തുടങ്ങി വിലപ്പെട്ട ഉപദേശങ്ങളാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡി ജി പി വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയത്. മോന്‍സണ്‍ മാവുങ്കലുമായുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധം, പോലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ്, പെണ്‍കുട്ടിയെയും പിതാവിനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പോലീസിന്റെ ക്രൂരത തുടങ്ങി സമീപ കാലത്ത് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. എന്നാല്‍ മുമ്പും ഇത്തരം ഉപദേശങ്ങള്‍ ലഭിച്ചിട്ടുണ്ട് പോലീസിന്. ഇതൊന്നും ക്രിമിനല്‍ സ്വഭാവവും സ്വഭാവ ദൂഷ്യവുമുള്ള പോലീസുകാരില്‍ ഒരു പരിവര്‍ത്തനവും സൃഷ്ടിക്കാറില്ല. തങ്ങളുടെ പഴയ നിലപാട് തുടര്‍ന്നു കൊണ്ടേയിരിക്കും പിന്നെയും അവര്‍. ആരോപണവിധേയരാകുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് പാഠമാകുന്ന വിധം, ഫലപ്രദമായ നടപടികളുണ്ടാകാത്തതാണ് ഇതിനൊരു പ്രധാന കാരണം. കര്‍ശന നടപടിയെടുത്താല്‍ സേനയുടെ ആത്മവീര്യം ചോര്‍ന്നു പോകുമെന്ന് പറഞ്ഞ് ക്രിമിനലുകളെ രക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതവസാനിപ്പിക്കണം. ക്രിമിനലുകളുമായി ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താനും സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. അതിനു സഹായകമായ രീതിയിലായിരിക്കണം മോന്‍സണ്‍ കേസ് അന്വേഷണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ കാര്യക്ഷമതയില്‍ ഹൈക്കോടതി തന്നെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാറിന് ഇക്കാര്യത്തില്‍ പുറത്തു നിന്നുള്ള ഏജന്‍സികളുടെ സഹായം ഉള്‍പ്പെടെ മറ്റു വഴികള്‍ തേടാവുന്നതാണ്.
source https://www.sirajlive.com/monson-case-and-investigation.html
إرسال تعليق