ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ദുഃഖകരവും നിരാശാജനകവുമാണ് ദുബൈയില്‍ ഞായറാഴ്ച നടന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ ടീമിന്റെ തോല്‍വി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് എക്കാലത്തും ഇന്ത്യാ-പാക് മത്സരം. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോല്‍ക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഒരു ട്വന്റി-20 മത്സരത്തില്‍ പാക്കിസ്ഥാന്‍ 10 വിക്കറ്റ് വിജയം സ്വന്തമാക്കുന്നതും ആദ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍, പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെയാണ് ലക്ഷ്യം കണ്ടത്. ഈ ദയനീയ തോല്‍വിയുടെ ദുഃഖത്തിലും കണ്‍കുളിര്‍ക്കുന്ന ഒരു രംഗത്തിന് സാക്ഷ്യം വഹിച്ചു ദുബൈ രാജ്യാന്തര സ്റ്റേഡിയം. മത്സര ശേഷം പാക്കിസ്ഥാന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച മുഹമ്മദ് റിസ്്വാനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി നെഞ്ചോടു ചേര്‍ത്തുപിടിച്ച് പുഞ്ചിരിയോടെ അഭിനന്ദിക്കുന്ന രംഗമായിരുന്നു അത്. വിരാട് കോലിയുടെ സ്‌നേഹ പ്രകടനത്തെയും നല്ല മനസ്സിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.
മുഹമ്മദ് റിസ്്വാനും ബാബര്‍ അസമും വഴിപിരിയാതെ പൊരുതിയാണ് പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത്. ആറ് ഫോറും മൂന്ന് സിക്സും സഹിതം 55 പന്തില്‍ നിന്ന് 79 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് പൊരുതിയ മുഹമ്മദ് റിസ്്വാന്റെ പ്രകടനമായിരുന്നു ഇതില്‍ നിര്‍ണായകം. 52 പന്തില്‍ 68 റണ്‍സെടുത്ത ബാബറും മികച്ച പിന്തുണ നല്‍കി. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ബാബറും റിസ്‌വാനും സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും റിസ്്വാന്‍ വിജയറണ്‍ കുറിച്ചതിനു പിന്നാലെ വിരാട് കോലി ക്രീസിലേക്ക് നടന്നെത്തി ആദ്യം റിസ്‌വാനെയും തുടര്‍ന്ന് ബാബറിനെയും അഭിനന്ദിച്ചു. പാക് താരങ്ങളായ അസം, ഇമാദ് വസീം, ശുഐബ് മാലിക് എന്നിവരുമായും കോലി സൗഹൃദം പങ്കിട്ടു. കളിക്കളങ്ങളില്‍ വര്‍ഗീയതയും വംശീയതയും കപട ദേശീയതയും നിറഞ്ഞാടുന്ന ഇന്നത്തെ ലോകത്ത്, കായിക വിനോദങ്ങളിലെ വൈരവും വാശിയും മൈതാനത്ത് ഒതുങ്ങണം, മനസ്സില്‍ അവശേഷിപ്പിക്കരുതെന്ന സന്ദേശം നല്‍കുന്ന കോലിയുടെ മാതൃകാപരമായ ഈ പെരുമാറ്റം വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഹാഷ്ടാഗില്‍ മുഹമ്മദ് റിസ്‌വാനെ വിരാട് കോലി അഭിനന്ദിക്കുന്ന രംഗം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുണ്ടായി.
ദുഃഖകരമായ മറ്റൊരു വശവും ചര്‍ച്ചക്കു വിഷയീഭവിക്കേണ്ടതുണ്ട് ഈ മത്സരവുമായി ബന്ധപ്പെട്ട്. ഇന്ത്യന്‍ ടീമിലെ മുഹമ്മദ് ഷമിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണമാണത്. ബൗളിംഗില്‍ നിറം മങ്ങിപ്പോയ മുഹമ്മദ് ഷമി മത്സരത്തിനു പിന്നാലെ കടുത്ത അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടു കൊണ്ടിരിക്കുന്നത്. ഷമിയുടെ ദേശീയതയും മതവും ചോദ്യം ചെയ്യുകയും പാക് ചാരനെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്ന ട്വീറ്റുകളും കമന്റുകളുമാണ് ചിലര്‍ പോസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ടീമിലെ പാക്കിസ്ഥാനിയാണ് ഷമിയെന്നും പാക്കിസ്ഥാനോട് പണം വാങ്ങിയാണ് താരം കളിക്കുന്നതെന്നുമാണ് ചിലരുടെ കമന്റ്. ഷമിയോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു വേറെ ചിലര്‍.
മുഹമ്മദ് ഷമി മാത്രമല്ല പാക്കിസ്ഥാനെതിരെ കളിച്ചത്. ഇന്ത്യക്കു വേണ്ടി കളിച്ച പതിനൊന്ന് കളിക്കാരില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹം. എന്നിട്ടും തോല്‍വിക്കു കാരണക്കാരന്‍ അദ്ദേഹം മാത്രമാണെന്ന മട്ടിലുള്ള സൈബര്‍ ആക്രമണത്തിനു പിന്നില്‍ വംശീയതയും വര്‍ഗീയതയുമാണെന്നു വ്യക്തം. സ്‌പോര്‍ട്ട്‌സ് താരങ്ങള്‍ എല്ലാ കളികളിലും തിളങ്ങണമെന്നില്ല. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളായി വാഴ്ത്തപ്പെടുന്ന സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ,് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരൊക്കെ എല്ലാ മത്സരങ്ങളിലും ഒരേ പ്രകടനമല്ല കാഴ്ചവെച്ചത്.
ഇവരും നിറം മങ്ങിയിട്ടുണ്ട് അനവധി മത്സരങ്ങളില്‍. 2006 മാര്‍ച്ച് 19ന് തന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 21 പന്തില്‍ നിന്ന് വെറും ഒരു റണ്ണാണ് സച്ചിന്‍ നേടിയത്. ആ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ സച്ചിനായില്ല. താരങ്ങളുടെ തിളക്കക്കുറവും ടീമുകളുടെ തോല്‍വിയും കളികളില്‍ പതിവു സംഭവമാണ്. ഷമിക്കും വന്നു ചേര്‍ന്നു അത്തരമൊരു അനുഭവമെന്നേ വിലയിരുത്തേണ്ടതുള്ളൂ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഭിപ്രായപ്പെട്ടതു പോലെ “മുഹമ്മദ് ഷമി വളരെ സമര്‍പ്പണമുള്ള, ലോകോത്തര നിലവാരമുള്ള ബൗളറാണ്. മറ്റുള്ള കായിക താരങ്ങളെപ്പോലെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായെന്നു മാത്രം’. ഇന്ത്യയെ പിന്തുണക്കുന്നെങ്കില്‍ നാം ഇന്ത്യന്‍ ടീമിലെ എല്ലാവരെയും പിന്തുണക്കണമെന്നും സച്ചിന്‍ വിമര്‍ശകരെ ഉണര്‍ത്തി. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍ തുടങ്ങി മറ്റു നിരവധി ക്രിക്കറ്റ് താരങ്ങളും രാഹുല്‍ ഗാന്ധിയടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളും ഷമിക്കെതിരെയുള്ള അധിക്ഷേപങ്ങളെ അപലപിച്ചു രംഗത്തു വന്നിട്ടുണ്ട്. “ഇതിന് മുമ്പ് ഞാനും ഇന്ത്യ-പാക് മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. നമ്മള്‍ പാക്കിസ്ഥാനോട് തോറ്റിട്ടുമുണ്ട്.
അന്നൊന്നും ആരും പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇപ്പോഴത്തെ ഈ വിഡ്ഢിത്തം അവസാനിപ്പിച്ചേ മതിയാകൂ’വെന്നാണ് ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. ഒരു കായിക വിനോദമാണ് ക്രിക്കറ്റ്.
അതിലെ തോല്‍വിയും ജയവും ആ നിലയില്‍ കാണുകയും, മതവും രാഷ്ട്രീയവുമൊന്നും അവിടേക്ക് വലിച്ചിഴക്കാതിരിക്കുകയുമാണ് യഥാര്‍ഥ ക്രിക്കറ്റ് പ്രേമികള്‍ ചെയ്യേണ്ടത്.
ഐ പി എല്‍ കളിച്ചു കളം നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ പാക് ടീമിന്റെ കരുത്തിനെ കുറച്ചു കണ്ടതാണ് പരാജയത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്. അതെന്തായാലും അപ്രതീക്ഷിതമായ ഈ തോല്‍വി ഇന്ത്യക്കൊരു പാഠമാകും. ഇനിയുള്ള മത്സരങ്ങളില്‍ ഈ തോല്‍വി ഗുണകരമായി ഭവിക്കുകയും ചെയ്‌തേക്കാം. ഈ മാസം 31ന് ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആ കടമ്പ കടന്നാല്‍ പിന്നീട് നേരിടാനുള്ള അഫ്ഗാനിസ്ഥാനും സ്‌കോട്്ലാന്‍ഡും നമീബിയയുമൊന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശക്തമായ എതിരാളികളല്ല. കപ്പില്‍ ഇന്ത്യക്ക് ഇനിയും പ്രതീക്ഷയുണ്ട്.
source https://www.sirajlive.com/muhammad-shami-is-only-one-in-eleven.html
Post a Comment