കര്‍ഷക കൊലക്കേസ്; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി

ലഖ്‌നോ | ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകെ കാര്‍കയറ്റി കൊന്ന കേസില്‍ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. യു പി പോലീസിലെ ക്രൈംബ്രാഞ്ച് സംഘമാണ് ലഖിംപുര്‍ സ്റ്റേഷനില്‍വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി വന്‍ പ്രക്ഷോഭത്തിലേക്ക് കര്‍ഷകര്‍ കടക്കുകയാണ്. പുതിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ശേഷം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചോദ്യം ചെയ്യല്‍ നടക്കുന്ന ലംഖിപുര്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ലഖിംപുരിലും പരിസരത്തുമുള്ള ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. ആരേയും സ്റ്റേഷന്‍ പരിസരത്തേക്ക് പോലീസ് കടത്തിവിടുന്നില്ല. കര്‍ഷക സമരത്തിലേക്ക് ഇടച്ചുകയറ്റി കാറില്‍ ആശിഷ് മിശ്രയുണ്ടായിരുന്നതായി ദൃസാക്ഷി മൊഴിയുണ്ട്. ആശിഷ് മിശ്രക്കെതിരെ നിരവധി തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകം അടക്കം ഗുരുതരമായ എട്ട് വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം മന്ത്രി പുത്രന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ നിരാഹാര സമരം തുടരുകയാണ്. ലഖിംപുര്‍ സമരത്തിനിടെ മരിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വീട്ടിലാണ് നിരാഹാരം ഇരിക്കുന്നത്.

 

 

 



source https://www.sirajlive.com/farmer-murder-case-ashish-mishra-appeared-for-questioning.html

Post a Comment

أحدث أقدم