ബിസിനസ്സ് പങ്കാളികളിലേക്ക് അന്വേഷണം നീളുന്നു

കൊച്ചി | മോൻസണിന്റെ കേരളത്തിനകത്തും പുറത്തുമുള്ള ബിസിനസ്സ് പങ്കാളികളിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നു. മോൺസൺ മാവുങ്കലിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്റെ ഡയറക്ടർമാർ എന്ന പേരിൽ പരിചയപ്പെടുത്തിയ നാല് പേരെക്കുറിച്ചുള്ള വിവരങ്ങൾ പരാതിക്കാരിലൊരാൾ ക്രൈം ബ്രാഞ്ചിന് കൈമാറി.

റാം എന്നു വിളിക്കുന്ന പാലക്കാട് സ്വദേശി രാമചന്ദ്രൻ, തിരുവനന്തപുരം സ്വദേശി കോശി, ഹൈദരാബാദ് സ്വദേശി യശ്വന്ത്, മുംബൈ സ്വദേശി രാജീവ് എന്നിവരെയാണ് പാർട്ണർമാരായി മോൻസൺ പരാതിക്കാരന് പരിചയപ്പെടുത്തിയത്. ഫൗണ്ടേഷന്റെ കീഴിൽ ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ഫണ്ട് സമാഹരണത്തിനെന്ന് പറഞ്ഞ് മോൻസൺ കോടികൾ വാങ്ങിയെന്നായിരുന്നു പരാതി. കമ്പനിയിൽ പങ്കാളിയാക്കാമെന്നായിരുന്നു വാഗ്‌ദാനം. അതേസമയം, മോൻസൺ തട്ടിപ്പിലൂടെ സമ്പാദിച്ച കോടികൾ ധൂർത്തടിച്ച് ചെലവാക്കിയെന്നും ഇയാളുടെ പക്കൽ ഇപ്പോൾ പണമൊന്നുമില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ബന്ധുക്കളുടെ അക്കൗണ്ടുകളിലും കാര്യമായി പണം കണ്ടെത്താനായില്ല. എന്നാൽ പരാതിക്കാർ ഈ മൊഴി വിശ്വസിക്കുന്നില്ല. സ്വന്തം അക്കൗണ്ട് വഴി മോൻസൺ പണമിടപാട് നടത്താറില്ലെന്നും അതിന് മറ്റെന്തെങ്കിലും മാർഗങ്ങളാകും സ്വീകരിച്ചിട്ടുള്ളതെന്നുമാണ് ഇവർ പറയുന്നത്.

എട്ട് വാഹനങ്ങൾക്കും രജിസ്ട്രേഷനില്ല
കാക്കനാട് | മോൻസണിന്റേതെന്ന് കരുതുന്ന എട്ട് വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. ഇവക്കൊന്നും കൃത്യമായ രജിസ്ട്രേഷൻ ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് എറണാകുളം ആർ ടി ഒക്ക് സമർപ്പിച്ചു.
മസ്ത, ടൊയോട്ട, ലാന്റ് ക്രൂയിസർ, റേഞ്ച് റോവർ, ബെൻസ്, ഡോഡ്ജ് തുടങ്ങിയ ആഡംബര വാഹനങ്ങളായിരുന്നു ഇയാളുടെ വീട്ടുവളപ്പിൽ ഉണ്ടായിരുന്നത്. ഇവയിൽ മസ്ത, ടൊയോട്ട തുടങ്ങിയ വാഹനങ്ങൾ അനധികൃതമായി രൂപ മാറ്റം വരുത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ വാഹന ഡിസൈനറായ ഡി സി ഡിസൈൻ രൂപകൽപ്പന ചെയ്ത കാറും കൂട്ടത്തിലുണ്ടായിരുന്നു. രജിസ്റ്റർ ചെയ്യാത്ത ഈ കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ആയിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം.

എട്ട് കാറുകളിൽ ഒരെണ്ണം മാത്രമായിരുന്നു ഇയാളുടെ പേരിലുണ്ടായിരുന്നത്. ഇവയിൽ ഒന്ന് പോലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റായ പരിവാഹനിൽ ഇവയെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ചില വാഹനങ്ങൾ പുറത്ത് നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് തോന്നുമെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

വിശദമായ പരിശോധന വേണ്ടി വരുമെന്നാണ് വിവരം. അതേസമയം, മോൻസണിന്റെ പുരാസ്തുക്കൾ പോലെ ഇവയൊന്നും റോഡിലിറക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും അധികൃതർ പറഞ്ഞു.

പലതിന്റെയും ഇൻഷ്വറൻസ് കാലാവധി തീർന്നിട്ട് വർഷങ്ങളായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ആർ രാജേഷ്, എം വി ഐ വിമാരായ ആർ ചന്തു, ലൂയിസ് ഡിസൂസ എന്നിവർ അടങ്ങുന്ന സംഘമാണ് ഇന്നലെ വൈകിട്ട് മൂന്ന് മുതൽ ആറ് വരെ വാഹന പരിശോധന നടത്തിയത്.



source https://www.sirajlive.com/the-quest-extends-to-business-partners.html

Post a Comment

Previous Post Next Post