നിരപരാധികളായ കര്‍ഷകരുടെ രക്തം വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം; ബിജെപിയെ സമ്മര്‍ദത്തിലാക്കി വരുണ്‍ ഗാന്ധിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി| ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകസംഘത്തിനു മേല്‍ വാഹനമിടിച്ചു കയറുന്ന ദൃശ്യങ്ങള്‍ വീണ്ടും ട്വിറ്ററില്‍ പങ്കുവെച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. രണ്ടു ദിവസം മുന്‍പ് ട്വീറ്റ് ചെയ്ത വീഡിയോയുടെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങളാണ് ഇന്ന് വീണ്ടും ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ വ്യക്തമായ വീഡിയോ ആണിത്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാകില്ല. നിരപരാധികളായ കര്‍ഷകരുടെ രക്തം വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം. കര്‍ഷകരുടെ മനസ്സില്‍ വിദ്വേഷത്തിന്റെയും ക്രൂരതയുടെയും സന്ദേശം പരക്കും മുന്‍പ് നീതി ലഭ്യമാക്കണമെന്നും വരുണ്‍ ട്വീറ്റ് ചെയ്തു.

ലഖിംപുര്‍ ഖേരിക്കു സമീപമുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി. ലഖിംപുരില്‍ ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വരുണിന്റെ ട്വീറ്റ്.



source https://www.sirajlive.com/those-who-shed-the-blood-of-innocent-farmers-must-be-held-accountable-varun-gandhi-39-s-tweet-puts-pressure-on-bjp.html

Post a Comment

أحدث أقدم