കണ്ണൂർ | ലഹരിമരുന്ന് കിട്ടാത്തതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലും ജില്ലാ ജയിലിലും തടവുകാർ അക്രമാസക്തരായി. ലഹരി കേസിൽ റിമാൻഡിലായി ജയിലിലെത്തിയ പ്രതികളാണ് അക്രമാസക്തരായത്. ജില്ലാ ജയിലിൽ കാസർകോട് സ്വദേശികളായ രണ്ട് പേരും സെൻട്രൽ ജയിലിൽ തിരുവനന്തപുരം സ്വദേശിയായ തടവുപുള്ളിയുമാണ് ലഹരി കിട്ടാത്തതിനെ തുടർന്ന് പ്രശ്നങ്ങളുണ്ടാക്കിയത്. ഇവരെ പിന്നീട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളിയായ തിരുവനന്തപുരം സ്വദേശി ലഹരിമരുന്ന് കിട്ടാത്തതിനെ തുടർന്ന് കൈ ഞരമ്പ് മുറിച്ചത്. ജയിൽ അധികൃതർ ഉടനെ ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർ ചികിത്സകൾക്കായി മനോരോഗ വിഭാഗത്തിലേക്കു മാറ്റി. ദിവസങ്ങൾക്ക് മുന്പ് മറ്റ് രണ്ട് തടവുകാരും ലഹരിമരുന്ന് കിട്ടാത്തതിനെ തുടർന്ന് അക്രമം കാണിച്ചിരുന്നു.
ലഹരി കേസിലെ പ്രതികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്‌കറലി എന്നിവരാണ് സെല്ലിനുള്ളിൽ തല ചുമരിലിടിച്ച് ബഹളം വെച്ചത്. കൂടുതൽ ഉദ്യോഗസ്ഥരെത്തി ഇവരെ ബലംപ്രയോഗിച്ച് കീഴടക്കിയതിന് ശേഷം ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലൻസിന്റെ ചില്ലും ഇവർ അടിച്ചു തകർത്തു. ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റി.
ജയിലുകളിൽ ലഹരിമരുന്ന് എത്തുന്നത് തടയാൻ പരിശോധന കർശനമാക്കിയതോടെയാണ് തടവുകാരിൽ പലരും വിഡ്രോവൽ സിൻഡ്രോം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇവരിൽ പലരും നേരത്തേ രഹസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നവരാണ്.
source https://www.sirajlive.com/did-not-get-drugs-prisoners-in-kannur-jail-become-violent.html
إرسال تعليق