ഒരു വര്‍ഷത്തിനിടെ യുവതി ഏഴ് പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ സംഭവത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹരിയാന വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രീതി ഭരദ്വാജ് ദലാല്‍. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വ്യത്യസ്ത ദിവസങ്ങളിലായി ഗുരുഗ്രാമിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് യുവതി പരാതി നല്‍കിയത്. വ്യാജ പീഡന പരാതികള്‍ നല്‍കി പുരുഷന്മാരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് യുവതിയുടെ ലക്ഷ്യമെന്ന് ബലമായി സംശയിക്കുന്നതായും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും മുഖ്യമന്ത്രിക്കും ഡി ജി പിക്കും നല്‍കിയ കത്തില്‍ പ്രീതി ഭരദ്വാജ് ദലാല്‍ ആവശ്യപ്പെടുന്നു. യുവതി കൂടുതല്‍ പേര്‍ക്കെതിരെ സമാനമായ പരാതി നല്‍കിയതാണ് സംശയത്തിനിടയാക്കിയത്. മാത്രമല്ല, ഇവരുടെ പരാതികളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് പോലീസ് മുന്നേ കണ്ടെത്തുകയും ചെയ്തിരുന്നു.
സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിക്കുകയാണ് രാജ്യത്ത്. അടുത്തിടെയാണ് ഡോക്ടര്‍ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയതിന് അലഹബാദ് കോടതി നഴ്‌സിനോട് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. നഴ്‌സിന്റെ ബന്ധുക്കള്‍ അവര്‍ ജോലിചെയ്യുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ മുറികളില്‍ ഉറങ്ങാനെത്തുമായിരുന്നു. ഇത് കണ്ടെത്തിയ ഡോക്ടര്‍ യുവതിയെ ശാസിക്കുകയുണ്ടായി. ഇതിന് പ്രതികാരമായാണ് ഡോക്ടര്‍ക്കെതിരെ വ്യാജ പരാതി നല്‍കിയതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ഇത്തരം ആളുകളെ തടയേണ്ടത് അത്യാവശ്യമാണെന്നും കോടതി വിധിപ്രസ്താവത്തില്‍ പറഞ്ഞു. എല്‍ കെ ജി വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ബസിനുള്ളില്‍ പീഡിപ്പിച്ചെന്ന പരാതിയിന്മേല്‍ പോലീസ് അറസ്റ്റ് ചെയ്ത് 77 ദിവസം ജയിലിലടച്ച ഡ്രൈവര്‍ ഒടുവില്‍ നിരപരാധിയെന്ന് കോടതി കണ്ടെത്തിയത് കേരളത്തിലാണ്. ഒരു വര്‍ഷം മുമ്പാണ് സംഭവം. വ്യക്തിവൈരാഗ്യം വെച്ചാണ് സ്വന്തം മകളെ പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍ വ്യാജ പരാതി നല്‍കിയത്. രണ്ട് വര്‍ഷം മുമ്പാണ് കൊച്ചിയില്‍ ഒരു യൂബര്‍ ടാക്സി ഡ്രൈവറെ കണ്ണൂര്‍ സ്വദേശിനികളായ മൂന്ന് യുവതികള്‍ അകാരണമായി മര്‍ദിച്ചത്. യുവതികള്‍ ഡ്രൈവറുടെ തല കല്ലുകൊണ്ടിടിച്ച് പൊട്ടിക്കുകയും വസ്ത്രം വലിച്ചുകീറുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. വൈറ്റില ജംഗ്ഷനില്‍ നാട്ടുകാരും നിയമപാലകരും നോക്കി നില്‍ക്കെയായിരുന്നു ഈ ക്രൂരത. നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായി അവസാനം യുവതികള്‍, ഡ്രൈവര്‍ മോശമായി പെരുമാറി എന്നൊരു പരാതിയും കൊടുത്തു. സ്ത്രീപീഡന നിയമത്തിന്റെ നഗ്നമായ ദുരുപയോഗമായിരുന്നു ഇത്.
സ്ത്രീകളില്‍ നല്ലൊരു വിഭാഗം ലൈംഗികാതിക്രമ നിയമം ദുരുപയോഗം ചെയ്യുന്നതായും പലപ്പോഴും സ്ത്രീകള്‍ പ്രതികാരം ചെയ്യാനും കുടിപ്പക തീര്‍ക്കാനും ഈ നിയമം ഉപയോഗപ്പെടുത്തുന്നതായും 2013 മെയ് 26ന് ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചിരുന്നു. ഭാര്യയെന്ന് അവകാശപ്പെട്ട ഒരു സ്ത്രീ നല്‍കിയ പീഡനക്കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് കൈലാസ് ഗംഭീര്‍ ഈ നിരീക്ഷണം നടത്തിയത്. സ്ത്രീകള്‍ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുക്കുന്നത് പതിവായി മാറിയിരിക്കുകയാണെന്നും ഇത് വിവാഹത്തെ പരിഹസിക്കലാണെന്ന് മാത്രമല്ല ലൈംഗിക പീഡന കേസുകള്‍ വര്‍ധിക്കാനിടയാക്കുന്നതായും അദ്ദേഹം പറഞ്ഞു. പലപ്പോഴും പുരുഷനെ ബലമായി വിവാഹം കഴിപ്പിക്കാനും കാമുകനില്‍ നിന്ന് പണം കൈക്കലാക്കാനും കുടിപ്പക തീര്‍ക്കാനും സ്ത്രീകള്‍ ലൈംഗികാതിക്രമ നിയമം ഉപയോഗിക്കുന്നതായും കോടതി നിരീക്ഷിച്ചു. ഈ വിധിപ്രസ്താവത്തിന് ഒരാഴ്ച മുമ്പ് ഡല്‍ഹി ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് ജി പി മിത്തലും ജസ്റ്റിസ് സുരേഷ് കെയ്ത്തും അടങ്ങുന്ന ബഞ്ച് ജസ്റ്റിസ് കൈലാസ് ഗംഭീര്‍ നടത്തിയതിനു സമാനമായ നിരീക്ഷണം നടത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെയും കൂട്ട ബലാത്സംഗത്തിന് ഇരയായ ഒരു യുവതിയുടെയും കേസുകള്‍ പരിഗണിക്കവെയാണ് ജഡ്ജിമാര്‍ ഇരകളുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ വിലയിരുത്തി അവ സംശയാസ്പദമാണെന്ന് അഭിപ്രായപ്പെട്ടത്. രാജ്യത്ത് സ്ത്രീകള്‍ നല്‍കുന്ന ലൈംഗിക പരാതികളില്‍ പകുതിയിലേറെയും വ്യാജമാണെന്നും വ്യക്തി താത്പര്യങ്ങളും വിലപേശലും ലക്ഷ്യമാക്കിയാണെന്നും 2017ല്‍ ഡല്‍ഹി വനിതാ കമ്മീഷനും നിരീക്ഷിച്ചിരുന്നു.
പീഡന നിയമങ്ങളിലെ സ്ത്രീപക്ഷപാതിത്വമാണ് വ്യാജ പീഡന പരാതികള്‍ പെരുകുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകപക്ഷീയവും അതീവ കര്‍ക്കശവുമാണ് 1961ലെ സ്ത്രീധന നിരോധന നിയമവും ഗാര്‍ഹിക പീഡന നിയമം പോലുള്ള അനുബന്ധ നിയമങ്ങളുമെന്ന് നിയമ വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സ്ത്രീപീഡന നിരോധന നിയമത്തിലെ നാലാം വകുപ്പും തെളിവ് നിയമത്തില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന 114 (എ) ചട്ടവും നീതിക്കു നിരക്കാത്തതാണെന്ന് 2014 ജൂലൈയില്‍ ബെംഗളൂരു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിലയിരുത്തുകയുണ്ടായി. പുരുഷന്‍ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നു തെളിയുകയും അത് തന്റെ സമ്മതമില്ലാതെയാണെന്ന് സ്ത്രീ പറയുകയും ചെയ്താല്‍ യുവതിയുടെ മൊഴി വിശ്വാസത്തിലെടുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 114 (എ) വകുപ്പ്. നിയമത്തിന്റെ മുന്നില്‍ ആര്‍ക്കും പ്രത്യേക പരിഗണന പാടില്ലെന്ന ഭരണഘടനാ തത്വത്തിനു വിരുദ്ധമാണ് ഇരയുടെ മൊഴിക്ക് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഈ വകുപ്പെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം. ജോലി സ്ഥലത്തെ ലൈംഗിക പീഡന പരാതി പരിഗണിക്കുന്ന സമിതിയുടെ രൂപവത്കരണം സംബന്ധിച്ചുള്ളതാണ് സ്ത്രീപീഡന നിരോധന നിയമത്തിലെ നാലാം വകുപ്പ്. സമിതിയിലെ പകുതിയിലധികം അംഗങ്ങളും സ്ത്രീകളാകണം. ഇവര്‍ സ്ത്രീപക്ഷ ചിന്താഗതിക്കാരായിരിക്കണം. അധ്യക്ഷ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാകണം എന്നാണ് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നം തുറന്നുപറയാനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനാണിത്. എന്നാല്‍ ഇതിലൂടെ എതിര്‍പക്ഷത്തിന് നിഷ്പക്ഷമായ തര്‍ക്ക പരിഹാര വേദി നിഷേധിക്കപ്പെടുന്നുവെന്നും ട്രൈബ്യൂണല്‍ വിലയിരുത്തുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണ് പീഡന നിയമങ്ങളിലെ ഈ പക്ഷപാതിത്വം.
source https://www.sirajlive.com/false-harassment-complaints-abound.html
Post a Comment