ലവ് ജിഹാദ്, യു പി എസ് സി ജിഹാദ്, കൊറോണ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണങ്ങള്‍ക്കു പിന്നാലെ മറ്റൊരു ജിഹാദ് കൂടി. ഡല്‍ഹി കിരോരി മാല്‍ കോളജിലെ അസ്സോസിയേറ്റ് പ്രൊഫസറും ആര്‍ എസ് എസ് അനുകൂല അധ്യാപക സംഘടനയുടെ നേതാവുമായ രാകേഷ് കുമാറാണ് “മാര്‍ക്ക് ജിഹാദെ’ന്ന പുതിയൊരു ജിഹാദ് ആരോപണവുമായി രംഗത്തുവന്നത്. അടുത്തിടെയായി ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാഭ്യാസം നേടുന്ന മലയാള വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരുന്നതില്‍ രോഷംപൂണ്ടാണ് അദ്ദേഹം മാര്‍ക്ക് ജിഹാദ് പ്രയോഗം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഈ വര്‍ഷത്തെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ് ആര്‍ സി സി തുടങ്ങി ഡല്‍ഹിയിലെ പ്രധാന കോളജുകളിലെ ആദ്യ പട്ടികയില്‍ ഇടം നേടിയതില്‍ കൂടുതലും മലയാളി വിദ്യാര്‍ഥികളായിരുന്നു. ഹിന്ദു കോളജില്‍ ബി എ ഓണേഴ്സ് പൊളിറ്റിക്കല്‍ സയന്‍സ് പ്രോഗ്രാമിലേക്ക് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെയുള്ള സമയത്ത് ലഭിച്ചത് 100ലധികം അപേക്ഷകളാണ്. ഇവരില്‍ മികച്ച സ്‌കോര്‍ നേടിയവരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് രാകേഷ് കുമാര്‍ ആരോപിച്ചത്. കേരള സ്റ്റേറ്റ് ബോര്‍ഡ് നിരവധി വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് നല്‍കുന്നതു കൊണ്ടാണ് പല കേരളീയ വിദ്യാര്‍ഥികള്‍ക്കും ചില കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി കേരള ബോര്‍ഡ് നടപ്പാക്കുന്നത് “മാര്‍ക്ക് ജിഹാദ്’ ആണ്. നിങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ പ്രണയത്തെ ഉപയോഗിക്കുന്നതാണ് ലവ് ജിഹാദ്. അതുപോലെ നിങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ മാര്‍ക്ക് നല്‍കുന്നതാണ് മാര്‍ക്ക് ജിഹാദെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നും ഡല്‍ഹിയില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ ചില ഏജന്‍സികള്‍ ഫണ്ട് നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു. അതേസമയം ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ രാകേഷ് കുമാറിന്റെ ആരോപണം തള്ളിക്കളഞ്ഞു. എല്ലാവര്‍ക്കും തുല്യ അവസരമാണ് തങ്ങള്‍ നല്‍കുന്നത്. കേരളത്തിലെ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ഇല്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ വികാസ് ഗുപ്ത വ്യക്തമാക്കി. എല്ലാ വിദ്യാര്‍ഥികളുടെയും അക്കാദമിക് യോഗ്യതകളെ സര്‍വകലാശാല തുല്യമായി വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആലോചിക്കാതെ അബദ്ധത്തില്‍ വന്നു പോയതല്ല രാകേഷ് കുമാറിന്റെ മേല്‍ പരാമര്‍ശങ്ങളൊന്നും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടതു പോലെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിതവും ആസൂത്രിതവുമായ നീക്കത്തിന്റെ ഭാഗമാണത്. രാഷ്ട്രീയമായി ഒരു ബാലികേറാമലയാണ് ബി ജെ പിക്കും ആര്‍ എസ് എസിനും കേരളം. തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഇന്ദ്രപ്രസ്ഥം കൈപ്പിടിയിലമര്‍ന്നിട്ടും കേരളം പുളിക്കുന്ന മുന്തിരിയായി തുടരുകയാണ് ഇപ്പോഴും ബി ജെ പിക്ക്. വടക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും വിദ്വേഷ പ്രചാരണങ്ങളിലൂടെയും ഹൈന്ദവ സമൂഹത്തില്‍ നിന്ന് നല്ലൊരു വിഭാഗത്തെ പിന്നില്‍ അണിനിരത്താന്‍ ബി ജെ പിക്കു സാധിച്ചിട്ടുണ്ടെങ്കിലും, അടവുകള്‍ പതിനെട്ട് പയറ്റിയിട്ടും കേരളത്തിലെ ഹിന്ദു മതവിഭാഗത്തില്‍ ബഹു ഭൂരിപക്ഷവും ഇപ്പോഴും ഇടതുപക്ഷത്തിനും യു ഡി എഫിനുമൊപ്പമാണ്. മാത്രമല്ല, മാറിമാറി ഭരിക്കുന്ന ഇടതു വലതു മുന്നണികളുടെ കീഴില്‍ വിവിധ രംഗങ്ങളില്‍ കേരളം കൈവരിക്കുന്ന പുരോഗതിയോടൊപ്പമെത്താന്‍ ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നുമില്ല. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഭരണ മികവിലും നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിലുമെല്ലാം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളമാണ് ഒന്നാമത്. യു പി, ഗുജറാത്ത് തുടങ്ങി ബി ജെ പി സംസ്ഥാനങ്ങളെല്ലാം ഏറെ പിന്നിലുമാണ്.
ഇതോടൊപ്പം എന്‍ജിനീയറിംഗ്, മെഡിക്കല്‍ തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് നേരത്തേ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്ന കേരളീയ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ പ്രശസ്ത സ്ഥാപനങ്ങളിലേക്ക് കൂടി കടന്നു ചെല്ലുകയും തങ്ങളുടെ മികവ് തെളിയിക്കുകയും ചെയ്യുന്നത് സംഘ്പരിവാര്‍ സംഘടനകളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതിനു തടയിടുകയാണ് മേല്‍ പ്രസ്താവനയിലൂടെ രകേഷ് കുമാറും തിരശ്ശീലക്ക് പിന്നില്‍ നിന്ന് സംഘ്പരിവാര്‍ സംഘടനകളും ലക്ഷ്യമിടുന്നത്. ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും വിദ്യാര്‍ഥികള്‍ക്കുള്ളതാണ് ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദക്ഷിണേന്ത്യക്കാര്‍ ഇവിടേക്ക് വരേണ്ടതില്ലെന്നുള്ള ധ്വനി അടങ്ങിയിട്ടുണ്ട് അതില്‍. മുംബൈയില്‍ നേരത്തേ ശിവസേന ഉയര്‍ത്തിയതു പോലുള്ള പ്രാദേശിക വാദത്തിന്റെയും വംശീയതയുടെയുമെല്ലാം ചുവയുമുണ്ട് രാകേഷ് കുമാറിന്റെ വാക്കുകളില്‍.
ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറയില്‍ പടുത്തുയര്‍ത്തിയ ഇന്ത്യയില്‍, സംസ്ഥാനങ്ങളുടെ അതിര്‍ വരമ്പിന്റെയും ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരില്‍ ജനങ്ങളെ വേര്‍തിരിച്ചു കാണുന്നതും മാറ്റിനിര്‍ത്തുന്നതും അംഗീകരിക്കാവുന്നതല്ല. ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണത്. വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കുക വഴി അവര്‍ക്ക് എല്ലാവരുടെയും സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ സൗകര്യമൊരുക്കുകയാണ് ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും ചെയ്യേണ്ടത്, ഒരു അധ്യാപകനും അധ്യാപക സംഘടനയുടെ നേതാവ് കൂടിയായ രാകേഷ് കുമാര്‍ പ്രത്യേകിച്ചും.
source https://www.sirajlive.com/do-not-insult-malayalee-students.html
إرسال تعليق