ദുബൈ | ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിവീസ് പരീക്ഷ. ഇന്നത്തെ മത്സരത്തിൽ ന്യൂസിലാൻഡിനും ഇന്ത്യക്കും ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് ഏറ്റ പത്ത് വിക്കറ്റിന്റെ നാണം കെട്ട തോൽവി മറികടക്കാൻ ഇന്ത്യക്ക് എങ്ങനെയും ജയിച്ചേ മതിയാകൂ. പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റിന് തോൽവി വഴങ്ങിയിരുന്നു. എന്നാൽ ന്യൂസിലാൻഡിന്റെ വെല്ലുവിളി മറികടക്കാൻ ഇന്ത്യക്കാകുമോയെന്ന് കണ്ടറിയുക തന്നെ വേണം. കാരണം അഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ നടന്ന ലോകകപ്പ് ക്രിക്കറ്റിലെല്ലാം ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിച്ചവരാണ് കിവികൾ.
1975ലെ ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഇന്ത്യയും ന്യൂസിലാൻഡും എട്ട് തവണ ഏറ്റുമുട്ടിയെങ്കിലും ഇന്ത്യക്ക് മൂന്ന് തവണ മാത്രമാണ് ജയിക്കാനായത്. ന്യൂസിലാൻഡിനോട് അവസാനമായി ഇന്ത്യ ജയിച്ചത് 2003ലാണ്. അതിന് ശേഷം ലോകകപ്പിൽ 2019ലെ സെമി ഫൈനലിലാണ് ഇന്ത്യ അവസാനമായി ന്യൂസിലാൻഡിനോട് ഏറ്റുമുട്ടിയത്. അന്ന് പേസർമാരെ ഇറക്കി കെയിൻ വില്യംസൺ ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്ത് ജയം റാഞ്ചി.
ടി20 ലോകകപ്പിന്റെ ചരിത്രമെടുത്താൽ ഇരു ടീമുകളും ആകെ രണ്ട് തവണ മാത്രമാണ് ഏറ്റുമുട്ടിയിട്ടുള്ളത്. രണ്ടിലും തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ആദ്യ എഡിഷനിൽ ധോണിയും സംഘവും ആദ്യം തോറ്റു. 2016ൽ സ്വന്തം മണ്ണിലും ഇന്ത്യ ന്യൂസിലാൻഡിന് മുന്നിൽ തല കുനിച്ചു.
ന്യൂസിലാൻഡിനോട് തോറ്റാൽ ഇന്ത്യക്ക് ശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. മൂന്നിലും ജയിച്ചാലും ന്യൂസിലാൻഡിന്റെ മത്സരഫലം ഇന്ത്യക്ക് നിർണായകമാകും. ഇന്ത്യയെ ന്യൂസിലാൻഡ് തോൽപ്പിക്കുകയും തുടർന്നുള്ള അഫ്ഗാൻ, സ്‌കോട്ട്‌ലാൻഡ്, നമീബിയ മത്സരങ്ങളിൽ ജയം ആവർത്തിക്കുകയും ചെയ്താൽ ന്യൂസിലാൻഡ് സെമി ഉറപ്പിക്കും. ഇന്ത്യക്ക് സെമി കാണാതെ പുറത്താകേണ്ടിയും വരും. തുടർച്ചയായ മൂന്ന് ജയത്തോടെ ഗ്രൂപ്പിൽ ആറ് പോയിന്റ് നേടിയ പാക്കിസ്ഥാൻ സെമി ഏറെക്കുറെ ഉറപ്പിച്ചു.
പരിശീലനം ഒഴിവാക്കി ഇന്ത്യ
ഇന്നത്തെ നിർണായക മത്സരത്തിന് മുമ്പുള്ള അവസാന ഘട്ട പരിശീലനം ഇന്ത്യ ഒഴിവാക്കി. ടീം ഉപദേശകനായ എം എസ് ധോണിയും നായകൻ വിരാട് കോലിയുമടക്കമുള്ളവർ ദുബൈ ജുമൈറയിലെ ബീച്ചിൽ വോളിബോൾ കളിക്കുകയാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി.
ദുബൈയിലെ ഐ സി സി മൈതാനത്ത് പരിശീലന സൗകര്യം ഇന്ത്യക്ക് ഒരുക്കിയിരുന്നെങ്കിലും അവസാനഘട്ടം അബൂദബിയിലേക്ക് മാറ്റി. ദുബൈയിൽ നിന്ന് അബൂദബിയിലേക്കുള്ള രണ്ട് മണിക്കൂർ യാത്രാ ദൂരം പരിഗണിച്ച് ടീം ഇന്ത്യ പരിശീലനം ഒഴിവാക്കുകയായിരുന്നു.
source https://www.sirajlive.com/india-today-against-new-zealand-the-wings-have-been-shown-solely-to-give-a-sense-of-proportion.html
إرسال تعليق