കണ്ണൂർ | കൊവിഡ് വ്യാപനം കുറഞ്ഞു വന്ന് ജനജീവിതം സാധാരണ നിലയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ട്രെയിൻ സർവീസുകൾ ഉൾപ്പെടെ പ്രഖ്യാപിക്കുമ്പോഴും മലബാർ മേഖലയോട് അവഗണന തുടർന്ന് റെയിൽവേ. പുതുതായി പ്രഖ്യാപിച്ച അൺ റിസർവ്ഡ് പാസഞ്ചർ ട്രെയിനുകളിൽ ഒന്നുപോലും മലബാറിലെ യാത്രക്കാർക്ക് ഉപകാരപ്പെടില്ല. മംഗലാപുരം- ഷൊർണൂർ റൂട്ടിൽ രാവിലെയോ ഷാർണൂർ-മംഗലാപുരം റൂട്ടിൽ വൈകിട്ടോ അൺ റിസർവ്ഡ് ട്രെയിനുകളില്ലാത്തതിനാൽ യാത്രാദുരിതം പേറുകയാണ് മലബാറുകാർ.
കൗണ്ടർ ടിക്കറ്റും സീസൺ ടിക്കറ്റുകളും ഉപയോഗിച്ച് മലബാർ മേഖലയിൽ യാത്ര ചെയ്യാൻ സൗകര്യമുള്ള ട്രെയിനുകൾ ഷൊർണൂർ-കണ്ണൂർ മെമു, കണ്ണൂർ-മംഗലാപുരം അൺറിസർവ്ഡ് ട്രെയിൻ എന്നീ രണ്ട് വണ്ടികൾ മാത്രമാണ്. രാവിലെ ഷൊർണൂർ ഭാഗത്തേക്കുള്ള ഭൂരിഭാഗം യാത്രക്കാരും ആശ്രയിക്കുന്ന കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ്, കണ്ണൂർ -കോയമ്പത്തൂർ എക്‌സ്പ്രസ്, പരശുറാം, നേത്രാവതി, ഏറനാട്, തുടങ്ങിയ വണ്ടികളും മംഗലാപുരം ഭാഗത്തേക്കുള്ള മലബാർ, യശ്വന്ത്പുരം, മെയിൽ, മംഗളൂരു എക്‌സ്പ്രസ് തുടങ്ങിയ വണ്ടികളും വൈകിട്ടുള്ള മടക്ക യാത്രക്കാർ ആശ്രയിക്കുന്ന ഈ റൂട്ടുകളിലെ വണ്ടികളും റിസർവ്ഡ് ആയാണ് സർവീസ് നടത്തുന്നത്.
റിസർവ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ വണ്ടികളിൽ യാത്രക്കുള്ള അനുമതിയുള്ളു.
നേരത്തേയുള്ള കണ്ണൂർ- കോഴിക്കോട് പാസഞ്ചർ. മംഗലാപുരം-കോഴിക്കോട് പാസഞ്ചർ, കണ്ണൂർ -മംഗലാപുരം പാസഞ്ചർ, കോഴിക്കോട്-ഷൊർണൂർ പാസഞ്ചർ തുടങ്ങിയ വണ്ടികൾ ഈ റൂട്ടിൽ പാസഞ്ചറായി സർവീസ് നടത്തിയെങ്കിൽ നിരവധി പേർക്ക് ഉപകാരമാകുമായിരുന്നു. എന്നാൽ പുനരാരംഭിക്കുന്ന പാസഞ്ചർ വണ്ടികളുടെ കൂട്ടത്തിൽ ഈ റൂട്ടിലോടുന്ന വണ്ടികളൊന്നുമില്ല.
കൊവിഡിന് മുമ്പ് പാസഞ്ചറായിരുന്ന ഈ റൂട്ടിലെ കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ, മംഗലാപുരം- കോയമ്പത്തൂർ പാസഞ്ചർ എന്നീ രണ്ട് പാസഞ്ചറുകൾ സ്‌പെഷ്യൽ എക്‌സ്പ്രസായി റിസർവ്ഡ് വണ്ടിയായാണ് സർവീസ് നടത്തുന്നത്. ഇതിലാകട്ടെ സീസൺ, കൗണ്ടർ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാനും അനുമതിയില്ല.
നിലവിൽ ഓടുന്ന ഭൂരിഭാഗം വണ്ടികളിലെല്ലാം കൗണ്ടർ ടിക്കറ്റോ സീസൺ ടിക്കറ്റുപയോഗിച്ചുള്ള യാത്രക്കോ അനുമതിയില്ലാത്തതിനാൽ നിത്യവും റെയിൽവേയെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് പ്രയാസപ്പെടുന്നത്.
രാവിലെ ഓഫീസുകളിലേക്കും കൊളജുകളിലേക്കും മറ്റും യാത്ര ചെയ്യുന്നവർക്ക് റിസർവ് ചെയ്താൽ മാത്രമേ ട്രെയിൻ യാത്ര സാധ്യമാകുകയുള്ളൂവെന്നാണ് സ്ഥിതി.
റിസർവ് ചെയ്ത് ട്രെയിനിൽ യാത്ര ചെയ്യുന്ന പലരും യാത്രക്കായി ഭാരിച്ച സാമ്പത്തിക ചെലവാണ് വഹിക്കേണ്ടി വരുന്നത്. പെട്ടെന്ന് യാത്ര ചെയ്യേണ്ടിവരുന്നവർക്ക് റിസർവേഷൻ ഉൾപ്പെടെ ലഭിക്കാത്തതിനാൽ ബസുകൾ മാത്രമാണ് നിലവിലുള്ള ഏക ആശ്രയം.
ദേശീയപാതാ പ്രവൃത്തി ഉൾപ്പെടെ നടത്തുന്നതിനാൽ റോഡിലെ ഗതാഗതക്കുരുക്കു കാരണം പലർക്കും സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാനും പ്രയാസമാണ്.
ഇന്നലെ മുതൽ കോളജുകൾ ഉൾപ്പെടെ തുറന്നതോടെ ബസുകളിലൊക്കെ തിങ്ങിനിറഞ്ഞാണ് യാത്ര. ആവശ്യത്തിന് ബസുകൾ നിരത്തുകളിലില്ലാത്തതും യാത്രാദുരിതം ഇരട്ടിയാക്കുകയാണ്.
മലബാർ മേഖലയോട് റെയിൽവേ തുടരുന്ന അവഗണന അവസാനിപ്പിച്ച് കൂടുതൽ അൺറിസർവ്ഡ് വണ്ടികൾ ഈ റൂട്ടിലും അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
source https://www.sirajlive.com/railways-in-malabar-without-giving-signal-to-unreserved-trains.html
Post a Comment