മാണി സാറിനെ അധിക്ഷേപിച്ച മന്ത്രി ശിവന്‍കുട്ടിക്ക് സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല, രാജിവെക്കണം : പി സി തോമസ്

കോഴിക്കോട് |  മുന്‍ ധനകാര്യമന്ത്രി കെ എം മാണി സാറിനെ ഹീനമായ രീതിയില്‍ അധിക്ഷേപിച്ചു, നിയമസഭയില്‍ കൈയാങ്കളി കാട്ടിയ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി സി തോമസ്. അന്നത്തെ മറ്റ് അഞ്ച് ഇടതുപക്ഷ എംഎല്‍എമാരും നിയമസഭയില്‍ കാട്ടിക്കൂട്ടിയ വൃത്തികേടുകള്‍ ഗുരുതരമായ കുറ്റമാണ്. തങ്ങളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് മന്ത്രിയും എംഎല്‍എമാരും നല്‍കിയ അപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവൂടി വന്ന സ്ഥിതിക്ക് കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുവാന്‍ യോഗ്യത ശിവന്‍കുട്ടിക്കില്ല. മന്ത്രി ശിവന്‍കുട്ടി അടിയന്തരമായി രാജിവെക്കണമെന്ന് പി സി തോമസ് ആവശ്യപ്പെട്ടു.

നിയമസഭാ ടെലിവിഷന്‍ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കളവാണെന്ന ബാലിശമായ വാദങ്ങളാണ് ശിവന്‍കുട്ടിയും മറ്റ് ബന്ധപ്പെട്ട എംഎല്‍എമാരും ഉന്നയിച്ചത്. വിദ്യാസമ്പന്നരായ ആളുകള്‍ ഉള്‍പ്പെടുന്ന കേരളം പോലുള്ള സംസ്ഥാനത്തെ ഉത്തരവാദപ്പെട്ടവര്‍ ഇത്തരം വാദഗതികള്‍ ഉന്നയിക്കുന്നത് പുറംലോകം കാണുന്നത് മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടാണ്. കേരളത്തിന്റെ പൊതുസമ്പത്ത് നശിപ്പിക്കുകയും മാണി സാറിനെ വലിയ തോതില്‍ അധിക്ഷേപിക്കുകയും ചെയ്ത മന്ത്രിയും എംഎല്‍എമാരും മലയാളികള്‍ളെ മുഴുവന്‍ അപമാനിക്കുകയാണ് ചെയ്തത്. ഇക്കാര്യം മനസിലാക്കി സിപിഎം മാണി സാറിനോടും കേരളത്തിലെ ജനങ്ങളോടും മാപ്പു പറയണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു



source https://www.sirajlive.com/shivankutty-the-minister-who-insulted-mani-sir-does-not-deserve-to-be-in-office-and-should-resign-pc-thomas.html

Post a Comment

Previous Post Next Post