ധാക്ക | ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ റോഹിംഗ്യൻ നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. അക്രമകാരികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നുമാണ് അനുയായികൾ ആവശ്യപ്പെടുന്നത്. അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് ബുധനാഴ്ചയാണ് റോഹിംഗ്യകളുടെ ഉന്നത നേതാവ് മുഹിബുല്ല കൊല്ലപ്പെടുന്നത്.
അതിനിടെ, ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കൊലയാളികൾ ക്രിമിനലുകളാണെന്നും റോഹിംഗ്യൻ വിമത സേനയായ അറാക്കൻ റോഹിംഗ്യ സാൽവേഷൻ ആർമി ( എ ആർ എസ് എ) വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ എ ആർ എസ് എയാണെന്ന് മുഹിബ്ബുല്ലയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. തീവ്ര ചിന്താഗതിയുള്ള എ ആർ എ എക്കെതിരെ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു മുഹിബുല്ല.
യഥാർഥ കുറ്റവാളികളെ കണ്ടെത്താനാണ് ഇപ്പോൾ ശ്രമിക്കേണ്ടതെന്നും പകരം കിംവദന്തികളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ച് തങ്ങളെ പ്രതിക്കൂട്ടിലാക്കാനല്ല നോക്കേണ്ടതെന്നും ആർ എസ് എ വക്താവ് ട്വീറ്റ് ചെയ്തു. 40കാരനായ മുഹിബുല്ലക്ക് റോഹിംഗ്യയിലെ തീവ്രവിഭാഗത്തിൽ നിന്ന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. മ്യാന്മറിൽ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശ് അതിർത്തിയിൽ കഴിയുന്ന ലക്ഷക്കണക്കിന് വരുന്ന അഭയാർഥികളുടെ നേതാവായിരുന്നു ഇദ്ദേഹം.
റോഹിംഗ്യകൾക്കിടയിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
source https://www.sirajlive.com/assassination-of-rohingya-leader-the-protest-is-strong.html
Post a Comment