മഹാരാഷ്ട്രയില്‍ ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

മുംബൈ| മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഇഗത്പുരി സ്വദേശിയായ കാശിനാഥ് ബൊയിര്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. ഏഴ് പ്രതികള്‍ ഇഗത്പുരിയിലെ ഗോട്ടിയില്‍ നിന്നുള്ളവരാണ്. ഒരാള്‍ മുംബൈ സ്വദേശിയും. എല്ലാവരും സ്ഥിരം കുറ്റവാളികളാണെന്ന് മുംബൈ പോലീസ് പറഞ്ഞു. ആക്രമണത്തിനിരയായ യുവതിയും ഭര്‍ത്താവും നിര്‍മ്മാണ തൊഴിലാളികളാണ്.

ലക്‌നോ മുംബൈ പുഷ്പക് ട്രെയിനില്‍ വെച്ചാണ് ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. കൊള്ളക്കാരായ എട്ട് പേരാണ് മോഷണത്തിന് പിന്നാലെ യുവതിയെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച യാത്രക്കാരെയും ഇവര്‍ ആക്രമിക്കുകയായിരുന്നു.

ട്രെയിന്‍ മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെത്തിയതോടെയാണ് എട്ടംഗ സംഘം ട്രെയിനില്‍ കയറിയത്. വനപ്രദേശത്തോട് ചേര്‍ന്നുള്ള പാതയിലെത്തിയതിന് പിന്നാലെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം തുടങ്ങി. യുവതിയെ കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തടയാന്‍ ശ്രമിച്ച യാത്രക്കാര്‍ക്ക് നേരെ കത്തി വീശി. ആറ് പേര്‍ക്ക് പരിക്കേറ്റു. ട്രെയിന്‍ കസാറയില്‍ എത്തിയതിന് പിന്നാലെയാണ് റെയില്‍വേ പോലീസ് സഹായത്തിനെത്തിയത്. ബഹളം കേട്ടെത്തിയ പോലീസ് രണ്ട് പ്രതികളെ ട്രെയിനില്‍ നിന്നും രണ്ട് പേരെ മണിക്കൂറുകള്‍ക്കകവും അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 



source https://www.sirajlive.com/maharashtra-woman-gang-raped-on-train-another-accused-has-been-arrested.html

Post a Comment

أحدث أقدم