ബാകൂ | ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള അസർബൈജാന്റെ തിരിക്കിട്ട ശ്രമത്തിന് സൈന്യത്തെ വിന്യസിച്ച് ഇറാന്റെ മുന്നറിയിപ്പ്. അസർബൈജാന്റെ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ സൈനിക സന്നാഹത്തെ ഒരുക്കിയിരിക്കുകയാണ് ഇറാൻ.
അസർബൈജാന്റെ ഇസ്‌റാഈൽ ബന്ധത്തെ ശക്തമായി എതിർത്തതിന് പിന്നാലെയാണ് ഇറാന്റെ സൈനിക നീക്കമെന്നത് ശ്രദ്ധേയമാണ്. സൈനിക സന്നാഹങ്ങൾക്കൊപ്പം ടാങ്കറുകളും യുദ്ധ സാമഗ്രികളും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ തന്നെ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ ദീർഘദൂരം പറത്താവുന്ന ആഭ്യന്തരമായി നിർമിച്ച ഡ്രോൺ വിമാനങ്ങളടക്കമുള്ള നിരവധി യുദ്ധ സന്നാഹങ്ങൾ പരീക്ഷിച്ചതായി ഇറാൻ സൈന്യം അവകാശപ്പെട്ടു.
അസർബൈജാനെ ഭീഷണിപ്പെടുത്താനാണ് ഈ പ്രസ്താവനയും സൈനിക സന്നാഹവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. തുർക്കിയെയും പാക്കിസ്ഥാനെയും ഉൾപ്പെടുത്തി അസർബൈജാൻ സൈനിക പരീശിലനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ സൈനിക നടപടി.
ഇറാന്റെ ഉത്കണ്ഠ
അർമേനിയയുമായി കഴിഞ്ഞ വർഷം നടന്ന 44 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്‌റാഈലിന്റെ ആയുധ സഹായം അസർബൈജാന് ലഭിച്ചത് മുതൽ ഇറാന് ഈ വിഷയത്തിൽ ഉത്കണ്ഠയുണ്ട്. തങ്ങളുടെ ശത്രുരാജ്യവുമായി അസർബൈജാൻ സർക്കാർ ബന്ധം സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അന്ന് തന്നെ ഇറാൻ വ്യക്തമാക്കിയിരുന്നു.
അർമേനിയൻ സൈന്യത്തെ തകർക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകൾ അടങ്ങിയ ഡ്രോണുകളും മറ്റ് ആയുധങ്ങളും ഇസ്‌റാഈൽ നൽകിയിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും രഹസ്യമായുള്ള ആയുധ കൈമാറ്റവും ഇറാനെ ചൊടിപ്പിച്ചിരുന്നു.
സിയോണിസ്റ്റ് ഭരണകൂടത്തിന്റെ സാന്നിധ്യവും ഇടപെടലും തങ്ങൾക്ക് ക്ഷമിക്കാനാകുന്നതല്ലെന്ന് കഴിഞ്ഞ ദിവസം അസർബൈജാന്റെ പുതിയ അംബാസഡറോട് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അംബാസഡറെ സ്വാഗതം ചെയ്യവെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുൽ ഹയാനാണ് ഇറാന്റെ നിലപാട് അറിയിച്ചത്.
അർമേനിയയുമായി തർക്കമുള്ള നഗാർനോ കാരാബാഖ് മേഖല പിടിച്ചെടുക്കാൻ കഴിഞ്ഞ വർഷം അസർബൈജാൻ ഐ എസ് തീവ്രവാദികളെ ഇറക്കിയിരുന്നെന്നും ഇതിൽ തങ്ങൾക്ക് ആശങ്കയുണ്ടായിരുന്നുവെന്നും സൈനിക പരീശീലനത്തിനിടെ ഇറാന്റെ കമാൻഡർ കൈയൂമറസ് ഹൈദരി വ്യക്തമാക്കി.
ഇനിയൊരു യുദ്ധമുണ്ടായാൽ അതിർത്തി മേഖലയിൽ ഐ എസ് സാന്നിധ്യമുണ്ടാകും. ഇവരെ നേരിടേണ്ടിവരും. അതേസമയം, ഇറാന്റെ
ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുമുള്ള അതിക്രമം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതെന്തിന് ഇപ്പോൾ
ഇറാന്റെ സൈനിക സന്നാഹത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് രംഗത്തെത്തി. കഴിഞ്ഞയാഴ്ചയായിരുന്നു അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയത്. ഏതൊരു രാജ്യത്തിനും അവരുടെ ഭൂപ്രദേശത്ത് സൈനിക പരിശീലനം നടത്താനുള്ള അധികാരമുണ്ടെന്നും എന്നാൽ, എന്തിനാണ് അത് തങ്ങളുടെ അതിർത്തിയിലാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ ഇങ്ങനെയൊരു സൈനിക സന്നാഹത്തിന്റെ സാഹചര്യമുണ്ടോയെന്നും തുർക്കി ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇസ്‌റാഈലുമായും തുർക്കിയുമായും ബന്ധം സ്ഥാപിക്കുന്നതിന് പുറമെ ഇറാനോട് പ്രതികാര നടപടി സ്വീകരിക്കാൻ തുടങ്ങിയതും സൈനിക സന്നാഹത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച രണ്ട് ഇറാൻ ഡ്രൈവർമാരെ അസർബൈജാൻ അറസ്റ്റ് ചെയ്തിരുന്നു. അതിർത്തി കടക്കുന്ന ഇറാൻ ട്രക്കുകൾക്ക് അസർബൈജാൻ പ്രത്യേകമായി റോഡ് നികുതി ഏർപ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
source https://www.sirajlive.com/response-to-azerbaijan-39-s-israeli-relationship-iran-deploys-troops.html
إرسال تعليق