എം എല്‍ എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാന്‍ വരുന്നതിനെയും കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയും സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രസ്താവന രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളില്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്. അനുചിതമായിപ്പോയി മന്ത്രിയുടെ പ്രസ്താവന, ജനപ്രതിനിധികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇതിടയാക്കുമെന്നാണ് എം എല്‍ എമാരില്‍ ഒരു വിഭാഗത്തിന്റെ പരാതി. സി പി എം നിയമസഭാകക്ഷി യോഗത്തില്‍ ചില ജനപ്രതിനിധികള്‍ മന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ പ്രസ്താവന എം എല്‍ എ എന്ന നിലയില്‍ തനിക്ക് അപമാനകരമായെന്നായിരുന്നു മുന്‍ മന്ത്രി കെ ബാബുവിന്റെ പ്രതികരണം. മന്ത്രി പറഞ്ഞതിന്റെ ധ്വനി എം എല്‍ എമാരും കരാറുകാരും തമ്മില്‍ അവിഹിതമായ ബന്ധമുണ്ടെന്നാണ്. ഇതുവഴി എം എല്‍ എമാരെ മൊത്തം അപകീര്‍ത്തിപ്പെടുത്തുകയാണ് മന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 155 പ്രകാരം മന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ട്ടി മുഹമ്മദ് റിയാസിനെ പിന്തുണക്കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതു സമീപനമാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പ്രതികരിച്ചത്. സര്‍ക്കാറും മന്ത്രിമാരുടെ ഓഫീസും എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് സി പി എമ്മിന് വ്യക്തമായ സമീപനമുണ്ട്. ശിപാര്‍ശകളില്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നാണ് പാര്‍ട്ടിയുടെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം ഏഴിന് നിയമസഭയിലായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാദ പ്രസ്താവന. എം എല്‍ എമാര്‍ കരാറുകാരെ കൂട്ടിയോ കരാറുകാര്‍ എം എല്‍ എമാരുടെ ശിപാര്‍ശയിലോ മന്ത്രിയുടെ അടുത്തു വരുന്ന ഒരു സ്ഥിതി ഉണ്ടാകരുത്. അത് ഭാവിയില്‍ പല രീതിയിലും ദോഷകരമായി ഭവിക്കുമെന്ന് ചോദ്യോത്തര വേളയിലാണ് മന്ത്രി പറഞ്ഞത്. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തില്‍ മന്ത്രി ഖേദപ്രകടനം നടത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയും തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.
ഭരണം അഴിമതിരഹിതവും ആക്ഷേപങ്ങിളില്‍ നിന്ന് മുക്തവുമാകണമെങ്കില്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരും. കരാറുകാരുടെ സ്വാധീനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വിധേയമാകാതിരിക്കുകയെന്നത് അതില്‍ മുഖ്യമാണ്. പലപ്പോഴും കരാറുകാര്‍ ജനപ്രതിനിധികളെ സ്വാധീനിച്ച് അവര്‍ മുഖേന മന്ത്രിമാരില്‍ സമ്മര്‍ദം ചെലുത്തി റിവൈസ്ഡ് എസ്റ്റിമേറ്റ് തരപ്പെടുത്തിയും മറ്റും വിവിധ പദ്ധതികള്‍ക്ക് അര്‍ഹതപ്പെട്ടതിലേറെ പണം കൈപ്പറ്റാറുണ്ട്. ഒരു കരാര്‍ ജോലിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി കരാറുകാരനെ ഏല്‍പ്പിച്ചു കഴിഞ്ഞ ശേഷം ആകസ്മികമായുണ്ടാകുന്ന അധിക പ്രവൃത്തികളുടെ പേരിലോ മറ്റോ തുക പുതുക്കുന്നതാണ് റിവൈസ്ഡ് എസ്റ്റിമേറ്റ.് എന്നാല്‍ പറയത്തക്ക അധിക ജോലിയില്ലാതെ ദുഃസ്വാധീനത്തില്‍ റിവൈസ്ഡ് എസ്റ്റിമേറ്റ് നേടിയെടുക്കുന്നവരുണ്ട് കരാറുകാരില്‍. പരമാവധി 20 ശതമാനം വരെ മാത്രമേ പൊതുവെ റിവൈസ്ഡ് എസ്റ്റിമേറ്റില്‍ സംഖ്യ വര്‍ധിപ്പിച്ചു കൊടുക്കാറുള്ളൂ. സ്വാധീനത്തിന്റെ ബലത്തില്‍ 100 ശതമാനത്തിലധികം റിവൈസ്ഡ് എസ്റ്റിമേറ്റ് നേടിയെടുക്കുന്നവരുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നൂറിലേറെ വന്‍കിട ജോലികള്‍ക്കാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് നല്‍കിയത്. 2011-16 വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ റിവൈസ്ഡ് എസ്റ്റിമേറ്റ് പാസ്സാക്കിയത്. ഇക്കാലയളവില്‍ വന്‍കിട കരാറുകളുടെ മറവില്‍ 1,500 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നതായി ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഇതിനിടെ ഒരു ചാനലിനോട് പറയുകയുണ്ടായി.
സാധാരണ ഗതിയില്‍ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് നേടിയെടുക്കുന്നത്. മിക്കപ്പോഴും ടെന്‍ഡറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായി ചെറിയ ചില വര്‍ക്കുകളാണ് ജോലിക്കിടയില്‍ പിന്നീട് ഉണ്ടാകാറുള്ളത്. എന്നാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ അധിക വര്‍ക്കുകളുണ്ടെന്നു വരുത്തി വലിയ തുകക്കുള്ള റിവൈസ്ഡ് എസ്റ്റിമേറ്റ് നേടിയെടുക്കും ചിലര്‍. എന്നാല്‍ വലിയ കരാര്‍ ജോലികളില്‍ കരാര്‍ തുക പുതുക്കണമെങ്കില്‍ ഉദ്യോഗസ്ഥരെ മാത്രം സ്വാധീനിച്ചാല്‍ പോരാ, പൊതുമരാമത്ത് മന്ത്രിയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി കൂടി വേണ്ടതുണ്ട്. ഇത് നേടിയെടുക്കാന്‍ കരാറുകാര്‍ ചിലപ്പോള്‍ എം എല്‍ എമാരെയും കൂട്ടിയാണ് മന്ത്രിമാരെ കാണാനെത്തുന്നത്. കാര്യം സാധിപ്പിച്ചു കൊടുത്താല്‍ അധിക കരാര്‍ തുകയുടെ നല്ലൊരു വിഹിതം എം എല്‍ എയുടെയും ഉദ്യോഗസ്ഥരുടെയും കീശയിലാണെത്തുന്നത്. എസ്റ്റിമേറ്റില്‍ തുക കൂടുന്നതിനനുസരിച്ച് അവര്‍ക്കു ലഭിക്കുന്ന തുകയും വര്‍ധിക്കും. പൊതുഖജനാവിന്റെ ചോര്‍ച്ചക്കു വഴിവെക്കുന്ന വഴിവിട്ട ഏര്‍പ്പാടാണിത്. ഇതിനു അറുതിവരുത്തുകയോ നിയന്ത്രണം കൊണ്ടുവരികയോ ആയിരിക്കണം മേല്‍ പ്രസ്താവനയിലൂടെ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ദേശിച്ചത്. സ്വാഗതാര്‍ഹമാണ് അദ്ദേഹത്തിന്റെ നീക്കവും നിലപാടും.
ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യം സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായുള്ള കരാറുകാരുടെ ഒത്തുകളിയിലൂടെ സര്‍ക്കാറിന് കോടികളുടെ അധികപണം നല്‍കേണ്ടി വരുന്നു. റോഡ് നിര്‍മാണത്തിനുള്ള ടാര്‍ വാങ്ങിയതിന് ഒരേ ബില്ല് ഹാജരാക്കി അഞ്ച് തവണ വരെ കരാറുകാര്‍ പണം വാങ്ങിയിട്ടുണ്ട്- സി എ ജി ചൂണ്ടിക്കാട്ടി. ഒരു ജില്ലയുടെ ഇന്‍വോയിസ് മറ്റൊരു ജില്ലയുടേതെന്ന് കാണിക്കുന്നു. മൂന്ന് റോഡുകളുടെ നിര്‍മാണത്തില്‍ ഒരേ ഇന്‍വോയിസ് പല തവണ ഉപയോഗിച്ച് 12.22 ലക്ഷം തട്ടിയെടുത്തതായും സി എ ജി കണ്ടെത്തിയിട്ടുണ്ട്. ഈ അവിശുദ്ധ കൂട്ടുകെട്ടാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെയും കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെയും മറ്റും ബലക്ഷയത്തിനിടയാക്കിയത്. ഇതിനൊക്കെ ഒരു നിയന്ത്രണം ആവശ്യമല്ലേ?
source https://www.sirajlive.com/minister-mohammad-riyaz-said.html
Post a Comment