ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ മനപ്പൂര്‍വം വാഹനം ഇടിച്ച് കൊന്നതാണെന്ന് വ്യക്താകുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. വീഡിയോയില്‍ ഒരു കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ച് കയറ്റുന്നതും ഒരു വയോധികനായ കര്‍ഷകന്‍ വാഹനത്തില്‍ തട്ടി വീഴുന്നതും ദൃശ്യങ്ങള്‍ വ്യക്തമാണ്. ‘മോദി സര്‍ക്കാറിന്റെ മൗനം അവരെയും ഇതില്‍ പങ്കാളികളാക്കുന്നോ’ എന്ന വാചകത്തോടൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മനപ്പൂര്‍വ്വമായ കൂട്ടക്കൊലക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഘര്‍ഷങ്ങളില്‍ 18 പേരെ അറസ്റ്റ് ചെയ്തതായി യു പി പൊലീസ് അറിയിച്ചു. ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പോലീസ് മേധാവി വിനീത് ഭട്‌നഗര്‍ പറഞ്ഞു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരില്‍ വിന്യസിച്ചു. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്.
അതിനിടെ പോലീസ് കസ്റ്റഡിയിലുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നിരാഹാര സമരം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിതാപുര്‍ ഗസ്റ്റ് ഹൗസിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്.

നാലു കര്‍ഷകരുള്‍പ്പെടെ പത്ത് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് എഫ് ഐ ആര്‍ ചുമത്തിയിട്ടുണ്ട്.



source https://www.sirajlive.com/farmers-killed-in-road-accident-in-lakhimpur.html

Post a Comment

أحدث أقدم