മസ്‌കത്ത് | അറബിക്കടലില്‍ രൂപം കൊണ്ട ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊട്ടു. മുസന്നയിലും സുവൈഖിലും പ്രവേശിച്ചത് പ്രാദേശിക സമയം രാത്രി എട്ടിന് ശേഷമാണ്. 8.25ന് എമര്‍ജന്‍സി മാനേജ്മെന്റ് നാഷണല്‍ കമ്മിറ്റി നല്‍കിയ അറിയിപ്പിലാണ് ഇതുള്ളത്. ഒമാനി കര തൊട്ടപ്പോഴേക്കും ശഹീനിന്റെ തീവ്രത കുറഞ്ഞിരുന്നു.
ഒന്നാം വിഭാഗത്തില്‍ പെടുന്ന ചക്രവാതച്ചുഴിയില്‍ നിന്നും കൊടുങ്കാറ്റായാണ് ശഹീന്‍ കരതൊട്ടത്. മണിക്കൂറില്‍ 120 മുതല്‍ 160 കിലോമീറ്റര്‍ വരെയായിരുന്നു തീവ്രത. ഇതിനെ തുടര്‍ന്ന് അല്‍ മുസന്നയിലും അല്‍ സുവൈഖിലും നോര്‍ത്ത്, സൗത്ത് അല്‍ ബാതിനകളിലും വൈകിട്ടും രാത്രിയും കനത്ത മഴ പെയ്തു. ശഹീന്‍ കടന്നുപോകുന്നതിന് മുന്നോടിയായി കനത്ത കാറ്റുമുണ്ടായിരുന്നു. മണിക്കൂറില്‍ 120- 150 കി മീ വേഗതയിലുള്ള കാറ്റാണ് വീശിയത്.
സുവൈഖില്‍ വാദികള്‍ നിറഞ്ഞൊഴുകുകയും പലയിടത്തും വൈദ്യുതി മുടങ്ങുകയും ചെയ്തു. ബര്‍കയിലും മുസന്നയിലുമായി പത്ത് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ഇവിടെ നൂറുകണക്കിന് പേരെത്തി. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മുസന്ദം ഗവര്‍ണറേറ്റില്‍ ഇന്ന് രാവിലെ വരെ മഴയുണ്ടാകും.
ചുഴലിക്കാറ്റ് കര തൊടുന്നതിന് മുമ്പുണ്ടായ കനത്ത മഴയില്‍ തലസ്ഥാനമായ മസ്‌കത്തിലടക്കം വിവിധ ഗവര്‍ണറേറ്റുകളില്‍ വെള്ളപ്പൊക്കമുണ്ടായി. മസ്‌കത്തില്‍ അടക്കം റെക്കോര്‍ഡ് മഴയാണ് പെയ്തിറങ്ങിയത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായി.
കനത്ത മഴയില്‍ റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ മണ്ണിടിച്ചിലിലാണ് രണ്ട് ഏഷ്യന്‍ പ്രവാസി തൊഴിലാളികള്‍ മരിച്ചത്. തൊഴിലാളികളുടെ താമസസ്ഥലം മണ്ണിടിച്ചിലില്‍ തകരുകയായിരുന്നു. അല്‍ അമീറാതിലാണ് കുട്ടി വെള്ളപ്പൊക്കത്തിലകപ്പെട്ട് മരിച്ചത്. ഇവിടെ രണ്ട് പേരെ കാണാതായതില്‍ കുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.
source https://www.sirajlive.com/hurricane-shaheen-hits-oman-coast-heavy-rains-floods-three-deaths.html
إرسال تعليق