ഓഫ്‌ലൈനായ ആറ് മണിക്കൂർ; കാരണം പാതി പറഞ്ഞ് ഫേസ്ബുക്ക്

വാഷിംഗ്ടൺ | കോടിക്കണക്കിന് ആളുകളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഓഫ്‌ലൈനായ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ ഏഴാം മണിക്കൂറിൽ സജീവമായി. ഒപ്പം വാട്‌സ് ആപ്പും ഇൻസ്റ്റഗ്രാമും. ആഭ്യന്തര സെർവറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റൗട്ടറുകളിലെ കോൺഫിഗറേഷൻ മാറ്റമാണ് 3.5 ബില്യൺ ഉപഭോക്താക്കളെ ഒരേസമയം വെട്ടിലാക്കിയതെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ആരാണ് ഇതിൽ മാറ്റം വരുത്തിയതെന്നോ ആസൂത്രിതമായി നടപ്പാക്കിയതാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാൻ ഫേസ്ബുക്ക് അധികൃതർ തയ്യാറായിട്ടില്ല.

കമ്പനിയുടെ ബോർഡർ ഗേറ്റ് വേ പ്രോട്ടോകോളിൽ (ബി ജി പി) അപ്‌ഡേറ്റ് നടത്തിയതാണ് സേവനം തടസ്സപ്പെടുന്നതിനിടയാക്കിയത്. ഫേസ്ബുക്ക് സേവനങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന കവാടമാണ് ബി ജി പി. അതിലേക്കുള്ള റൂട്ട്മാപ് പിന്തുടർന്നാണ് ഫേസ്ബുക്ക് ഉപഭോക്താക്കൾ കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്.

കമ്പനിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ ചാനൽ അഭിമുഖത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പണിമുടക്കിയത്. ഫേസ്ബുക്കിൽ ജോലി ചെയ്തിരുന്ന കാലത്തുള്ള രേഖകളുടെ പിൻബലത്തോടെയായിരുന്നു വെളിപ്പെടുത്തൽ.

നഷ്ടം കോടികൾ
ഫേസ്ബുക്ക് നിശ്ചലമായതോടെ ഉടമ മാർക്ക് സക്കർബർഗിന് നഷ്ടമായത് ഏകദേശം അറുനൂറ് കോടി യു എസ് ഡോളറാണ്. ഓഹരി മൂല്യം അഞ്ച് ശതമാനത്തോളം ഇടിഞ്ഞതാണ് ഇത്രയധികം നഷ്ടമുണ്ടാകാൻ ഇടയാക്കിയത്. വാട്‌സ് ആപ്പും ഇൻസ്റ്റഗ്രാമും നിലച്ചതോടെ ട്വിറ്റർ ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങളുടെ ഉപയോഗം കൂടിയതായും റിപ്പോർട്ടുണ്ട്.



source https://www.sirajlive.com/six-hours-offline-because-half-said-facebook.html

Post a Comment

أحدث أقدم