കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ അഴിമതിക്കുരുക്കില്‍?

മുമ്പേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും എന്നതാണിപ്പോള്‍ കെ എസ് ആര്‍ ടി സിയുടെ അവസ്ഥ. ഒരു പറ്റം ജീവനക്കാരുടെ ആത്മാര്‍ഥതയില്ലായ്മയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം സ്ഥാപനം വര്‍ഷങ്ങളായി കടത്തിലാണ്. പുറമെയാണ് ഇപ്പോള്‍ കെട്ടിട നിര്‍മാണങ്ങളില്‍ നടന്ന ക്രമക്കേടുകളുടെ പേരില്‍ സ്ഥാപനത്തിനു വന്നുചേര്‍ന്ന ശതകോടികളുടെ ബാധ്യത. നിര്‍മാണം പൂര്‍ത്തിയായി അലിഫ് ബില്‍ഡേഴ്‌സിനു കൈമാറിയ കോഴിക്കോട്ടെ കെ എസ് ആര്‍ ടി സി ടെര്‍മിനലിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് അത് പരിഹരിക്കാന്‍ 30 കോടി ഇനിയും മുടക്കണം. എറണാകുളം ഡിപ്പോയിലെ കെട്ടിട നിര്‍മാണത്തില്‍ നടന്ന ക്രമക്കേട് സ്ഥാപനത്തിനു വരുത്തിവെച്ച നഷ്ടം 1.39 കോടി രൂപയാണ്. നെടുമങ്ങാട്, കാഞ്ഞങ്ങാട്, നിലമ്പൂര്‍, ഹരിപ്പാട്, എടപ്പാള്‍ ഡിപ്പോകളുടെ നിര്‍മാണത്തിലും വന്‍ ക്രമക്കേട് നടന്നതായി എ ജി ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ചെന്നൈ ഐ ഐ ടിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ,് ബി ഒ ടി അടിസ്ഥാനത്തില്‍ 76 കോടി രൂപയോളം ചെലവില്‍ കെ ടി ഡി എഫ് സി പണിത കോഴിക്കോട്ടെ കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ നിര്‍മാണത്തിലെ പാളിച്ചകള്‍ കണ്ടെത്തിയത്. 19.73 കോടി രൂപയാണ് ആദ്യ എസ്റ്റിമേറ്റിലുണ്ടായിരുന്നത്. അത് പിന്നീട് 54 കോടിയിലേക്കെത്തി. 2015ല്‍ കെട്ടിടം പൂര്‍ത്തിയായപ്പോള്‍ 74.79 കോടിയിലേക്കും ഉയര്‍ന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായി ആറ് വര്‍ഷത്തിനകം തന്നെ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ വീണു. ഭൂനിരപ്പിനു അടിയിലുള്ള രണ്ട് നിലകളിലെ ഒമ്പത് തൂണുകള്‍ക്ക് ഗുരുതരമായ വിള്ളലുകളും മറ്റു നൂറോളം തൂണുകള്‍ക്ക് ചെറിയ വിള്ളലുകളും സംഭവിച്ചു. പല ഭാഗങ്ങളിലും ചോര്‍ച്ചയുമുണ്ട.് തൂണുകള്‍ക്ക് ആവശ്യമുള്ളത്ര കമ്പി ഉപയോഗിച്ചിട്ടില്ല… തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഐ ഐ ടി റിപ്പോര്‍ട്ടിലുള്ളത്. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ ബസ് സ്റ്റാന്‍ഡ് താത്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും ബലക്ഷയം പരിഹരിക്കാതെ അവിടെ ബസ് സര്‍വീസ് നടത്തരുതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ സ്ട്രക്ചറല്‍ ഡിസൈനിലടക്കം പാളിച്ച ഉണ്ടെന്ന് വിജിലന്‍സും കണ്ടെത്തി. കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറാണ് കൂടുതല്‍ പഠനത്തിന് ഐ ഐ ടിയെ ചുമതലപ്പെടുത്തിയത്. ബലക്ഷയം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍മാണത്തിനു നേതൃത്വം വഹിച്ച ചീഫ് എന്‍ജിനീയറെയും രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്ടിനെയും പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമാണ് വിജിലന്‍സ് നടത്തിവരുന്നത്.

നഗര മധ്യത്തില്‍ കെട്ടിടം നിര്‍മിച്ചാല്‍ എളുപ്പം വിറ്റഴിയുമെന്നും കെ എസ് ആര്‍ ടി സിക്ക് നല്ലൊരു വരുമാന മാര്‍ഗമായിത്തീരുമെന്നുമുള്ള കാഴ്ചപ്പാടിലാണ് കോഴിക്കോട് പട്ടണത്തിന്റെ ഹൃദയഭാഗത്ത് നാല് ലക്ഷത്തോളം ചതുരശ്ര അടിയില്‍ ടെര്‍മിനല്‍ പണിതത്. കെട്ടിടത്തിനു ബലക്ഷയം കണ്ടെത്തുകയും ബലപ്പെടുത്തല്‍ നടപടിക്കായി അലിഫ് ബില്‍ഡേഴ്‌സില്‍ നിന്ന് താത്കാലികമായി തിരിച്ചു വാങ്ങുകയും ചെയ്തതോടെ കെ എസ് ആര്‍ ടി സിക്ക് ഇതൊരു നഷ്ടക്കച്ചവടമായി തീരാനാണ് സാധ്യത. ആഗസ്റ്റിലാണ് 17 കോടിയുടെ നിക്ഷേപത്തിനും പ്രതിമാസം 43 ലക്ഷം വാടകക്കുമായി അലിഫ് ബില്‍ഡേഴ്‌സിന് കെട്ടിടം നല്‍കിയത്. ഈ 17 കോടിക്കു പുറമെ അറ്റകുറ്റ പണികള്‍ക്ക് കോടികള്‍ കണ്ടെത്തേണ്ട ഗതികേടിലാണിപ്പോള്‍ കെ എസ് ആര്‍ ടി സി. മാത്രമല്ല, ഇപ്പേരില്‍ ഒന്നര വര്‍ഷത്തെ വാടക അലിഫ് ബില്‍ഡേഴ്‌സിന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.

കുത്തഴിഞ്ഞ സിവില്‍ വിഭാഗമാണ് കോര്‍പറേഷനുള്ളത്. കരാറുകാരുമായി ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചു നഷ്ടമുണ്ടാക്കുന്നു. പല കരാറുകളും നല്‍കിയിരുന്നത് വ്യവസ്ഥകള്‍ പാലിക്കാതെയാണ്. രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുന്നില്ല തുടങ്ങി കെ എസ് ആര്‍ ടി സിയിലെ ക്രമക്കേടുകളെക്കുറിച്ച് 2014ലെ എ ജി റിപ്പോര്‍ട്ട് അക്കമിട്ടു പറയുന്നുണ്ട്. ഇതൊക്കെ തന്നെയാണ് കോഴിക്കോട് ടെര്‍മിനല്‍ നിര്‍മാണത്തിലും സംഭവിച്ചത്. ബസ് സ്റ്റാന്‍ഡാണെങ്കിലും ബസുകള്‍ക്കു വേണ്ടിയോ യാത്രക്കാര്‍ക്കു വേണ്ടിയോ അല്ല ഇത് നിര്‍മിച്ചിരിക്കുന്നതെന്ന് ടെര്‍മിനലിന്റെ ഉള്‍ഭാഗം പരിശോധിച്ചാല്‍ വ്യക്തമാകും. തൂണുകള്‍ക്കിടയില്‍ ബസ് നിര്‍ത്തിയിട്ടാല്‍ ഒന്നുകില്‍ ഡ്രൈവര്‍ക്കോ അല്ലെങ്കില്‍ യാത്രക്കാര്‍ക്കോ പുറത്തിറങ്ങാന്‍ പറ്റില്ലെന്നതാണ് സ്ഥിതി. ടെര്‍മിനല്‍ നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും സ്ഥാപന മേധാവികളുടെ യാതൊരുവിധ മേല്‍നോട്ടവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഐ ഐ ടി റിപ്പോര്‍ട്ട്. കെട്ടിടത്തിനു കരാര്‍ നല്‍കുന്ന കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ചതുരശ്ര അടിക്ക് 1,500 രൂപയായിരുന്നു. ഈ വലിയ തുക കണക്കാക്കിയാല്‍ പോലും 49 കോടിയില്‍ തീരേണ്ട നിര്‍മാണം 74 കോടിയിലേക്ക് എത്തിയപ്പോള്‍ അധിക സംഖ്യ ആരുടെയൊക്കെയോ കീശയിലായിരിക്കും എത്തിയിരിക്കുക.

മുന്‍കാല നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും പിന്നീട് നടക്കുന്ന പ്രവര്‍ത്തനങ്ങളിലും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു ശ്രദ്ധയും മുന്‍കരുതലും ഉണ്ടാകുന്നില്ല. നിര്‍മാണങ്ങളിലെ വന്‍ ക്രമക്കേട് 2014ല്‍ എ ജി ചൂണ്ടിക്കാട്ടിയിട്ടും കോഴിക്കോട്ടെ ടെര്‍മിനല്‍ നിര്‍മാണത്തില്‍ പിന്നെയും എങ്ങനെ അതാവര്‍ത്തിച്ചു? വിജിലന്‍സ് അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നു പ്രതീക്ഷിക്കാം. അതുകൊണ്ടും പക്ഷേ കാര്യമായ പ്രയോജനമൊന്നുമുണ്ടാകാനിടയില്ല. ഇത്തരം അന്വേഷണ റിപ്പോര്‍ട്ടില്‍ കര്‍ശന നടപടി സാധാരണ ഗതിയില്‍ സര്‍ക്കാര്‍ വകുപ്പില്‍ അപൂര്‍വമാണ്. 2014ലെ എ ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചീഫ് എന്‍ജിനീയറടക്കം കെ എസ് ആര്‍ ടി സിയിലെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്‌തെങ്കിലും സ്ഥാപനത്തിലെ ഉന്നതര്‍ ഒത്തുകളിച്ച് റിപ്പോര്‍ട്ട് മുക്കുകയായിരുന്നുവല്ലോ. ക്രമക്കേടു കാണിച്ച ഉദ്യോഗസ്ഥര്‍ പിന്നെയും അതേ സ്ഥാനങ്ങളില്‍ തുടരുകയും ചെയ്തു. ഇതിലപ്പുറമൊന്നും കോഴിക്കോട് ടെര്‍മിനല്‍ നിര്‍മാണത്തിലെ അഴിമതിയിലും പ്രതീക്ഷിക്കേണ്ടതില്ല.



source https://www.sirajlive.com/ksrtc-bus-terminal-in-corruption.html

Post a Comment

أحدث أقدم