ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം സ്‌കൂളുകള്‍ നാളെ തുറക്കുന്നു

തിരുവനന്തപുരം | ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ വീണ്ടും തുറക്കുന്നു. രാവിലെ 8.30ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശന ഉദ്ഘാടനം. ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കുട്ടികള്‍ തിരികെ സ്‌കൂളിലേക്ക് എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകള്‍ തുറക്കുക. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ചാണ് ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്‌കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസമായിരിക്കും ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസവും. ഓരോ ഗ്രൂപ്പിനെയും ബയോ ബബിളായി കണക്കാക്കിയാകും ക്ലാസ്. രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയുള്ള സമയത്തിനിടക്ക് ക്ലാസുകള്‍ തുടങ്ങണം. കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കണം. ആദ്യ രണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കം മാറ്റമുണ്ടാകും. ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ഉണ്ടാവുക.

2400 തെര്‍മല്‍ സ്‌കാനറുകള്‍ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇനിയും വാക്‌സിനെടുക്കാത്ത 2,282 അധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഓര്‍ത്തുവക്കാം ഈ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍

  • ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തണം.
  • ഓരോ ബബിളിലുമുള്ളവര്‍ അതത് ദിവസം മാത്രമേ സ്‌കൂളില്‍ എത്താവൂ.
  • പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കൊവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവരോ ഒരു കാരണവശാലും സ്‌കൂളില്‍ എത്തരുത്.
  • മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക.
  • വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.
  • യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
  • ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
  • കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കരുത്.
  • അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം.
  • ഇടവേളകള്‍ പല സമയത്താക്കി കൂട്ടം ചേരലുകള്‍ ഒഴിവാക്കണം.
  • പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവക്കരുത്.
  • ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം രണ്ട് മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.
  • കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല.
  • ശൗചാലയങ്ങളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
  • പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തണം.
  • ഒന്നിലധികം പേര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.
  • രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം.
  • രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
  • ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
  • വിദ്യാര്‍ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക.
  • അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പറുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.
  • കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
  • വീട്ടിലെത്തിയ ഉടന്‍ കുളിച്ച് ദേഹം വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
  • മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.

 



source https://www.sirajlive.com/preparations-are-complete-schools-reopen-tomorrow-after-a-gap-of-one-and-a-half-years.html

Post a Comment

Previous Post Next Post